തിരുവനന്തപുരം ∙ രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് സിപിഎമ്മും ബിജെപിയും സംയുക്തമായി തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഘർഷം ഒരാളുടെ ജീവനെടുത്ത പശ്ചാത്തലത്തിൽ ചേർന്ന സമാധാന യോഗത്തിലാണ് അക്രമം പടരുന്നത് തടയാൻ നേതൃതലത്തിൽ തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ഒ. രാജഗോപാൽ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം മുഖ്യമന്ത്രിയും കോടിയേരിയും കുമ്മനവും മാധ്യമപ്രവർത്തകരെ കണ്ട് നിലപാട് വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ
അക്രമം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി. അക്രമ സംഭവങ്ങളിൽനിന്ന് ഇരു കൂട്ടരുടെയും അണികൾ ഒഴിഞ്ഞുനിൽക്കുന്നതിനുള്ള ജാഗ്രത പുലർത്തും. തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറാം തിയതി വൈകിട്ട് മൂന്നു മണിക്ക് സർവകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്നത് അത്യന്തം ദൗർഭാഗ്യകരമായ സംഭവങ്ങളാണ്. കൗൺസിലർമാരുടെ വീടുകൾക്കു നേരെയും കോടിയേരിയുടെ മകന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. ഇനി മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടായിരിക്കും. കോട്ടയത്തെയും കണ്ണൂരിലെയും പ്രശ്നങ്ങൾ പരിഹരിക്കാൻ അതാത് സ്ഥലങ്ങളിൽ ഉഭയകക്ഷി ചർച്ച സംഘടിപ്പിക്കും. ഏതെങ്കിലും സംഭവങ്ങളിൽ പാർട്ടി ഓഫിസുകളോ സംഘടനാ ഓഫിസുകളോ വീടുകളോ ആക്രമിക്കാൻ പാടില്ലെന്നതു നേരത്തേയുള്ള തീരുമാനമാണ്. അതു നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോടിയേരി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി
കണ്ണൂരിൽ സംഘർഷമുണ്ടായ സമയത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനങ്ങൾക്കു വിപരീതമായ കാര്യങ്ങളാണ് തിരുവനന്തപുരത്തും കോട്ടയത്തുമൊക്കെ നടന്നത്. പ്രശ്നപരിഹാരത്തിനായി മേഖലാടിസ്ഥാനത്തിലും ഉഭയകക്ഷി ചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോട്ടയത്തും നാളെത്തന്നെ ഇരുവിഭാഗങ്ങളിലെ നേതാക്കൻമാരുമായി ചർച്ച നടത്തും. കണ്ണൂരിലെ ചർച്ച ഈ മാസം അഞ്ചിന് നടക്കും.
കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ
വേദനിപ്പിക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യമാണു കേരളത്തിനുള്ളത്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ബിജെപിയും ആർഎസ്എസ്സും എല്ലാവിധ പിന്തുണയും നൽകും. കേരളത്തിൽ സമാധാനം ഉണ്ടാകണം. സംഘടനാ പ്രവർത്തനത്തിന് സ്വാതന്ത്ര്യം ഉണ്ടാകണം. രാഷ്ട്രീയ പാർട്ടികൾക്കും മത, സാമുദായിക സംഘടനകൾക്കും സ്വാതന്ത്ര്യം വേണം. അതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനാ സ്വാതന്ത്ര്യത്തിനൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും കേരളത്തിൽ ഉണ്ടാകണം.
സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായി പൊലീസ് മാറാൻ പാടില്ല. പല കേസുകളിലും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരത്ത് രാത്രിയിൽ ഉണ്ടായ അക്രമ സംഭവങ്ങൾ പൊലീസിന്റെ വീഴ്ചയാണ്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ വീടുകൾ തകർക്കപ്പെടുന്നു. ബിജെപിയുടെ ഓഫിസിനു നേരെ രണ്ടാമതും ആക്രമണം ഉണ്ടായി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് ആർജവം കാട്ടണം. സത്യസന്ധമായി പ്രവർത്തിക്കാനുള്ള സാഹചര്യം പൊലീസിന് ഉണ്ടാകണം. സംഭവങ്ങൾ ഉണ്ടാകുന്ന സമയത്ത് അക്രമികൾക്കു തുണനിൽക്കുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കണം. അവരുടെ പക്ഷപാതകരമായ സമീപനത്തിൽ ബിജെപിക്ക് പ്രതിഷേധമുണ്ട്. അതും മുഖ്യമന്ത്രിയെ അറിയിച്ചു.