ന്യൂഡൽഹി ∙ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ ഇന്ത്യയുമായി ‘സഹകരിക്കാൻ’ തയാറാണെന്ന് ചൈനീസ് നാവികസേന. ഇന്ത്യയുടെ സമുദ്രമേഖലയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ‘സഹകരണം’ വാഗ്ദാനം ചെയ്ത് ചൈന രംഗത്തെത്തിയത്. നിർണായകമായ ചൈനയുടെ സൗത്ത് സീ ഫ്ലീറ്റ് (എസ്എസ്എഫ്) ബേസ് സന്ദർശിക്കാൻ ഒരു സംഘം ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് അനുമതി നൽകുകയും ചെയ്തു. ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി. ഇന്ത്യൻ മഹാസമുദ്രം രാജ്യാന്തര സമൂഹത്തിന്റെ പൊതുഇടമാണെന്നും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നേവി അധികൃതർ അവകാശപ്പെട്ടു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷയ്ക്ക് ഇന്ത്യയും ചൈനയും പരസ്പരം സഹകരിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം– ക്യാപ്റ്റൻ ലിങ് തൈൻജുൻ (ഡെപ്യൂട്ടി ചീഫ് ഒാഫ് ജനറൽ ഒാഫിസ് ഒാഫ് ചൈന എസ്എസ്എഫ്) അഭിപ്രായപ്പെട്ടു. ലോകം മുഴുവൻ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വ്യാപിപിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളും അന്തർവാഹിനികളുമായി മുന്നോട്ടു പോകുകയാണെന്ന് ജിബൂട്ടിയിലെ ചൈനീസ് നാവികസേന താവളത്തെ ഉദ്ദേശിച്ച് ലിങ് തൈൻജുൻ പറഞ്ഞു.

ആഫ്രിക്കൻ വൻകരയുടെ കിഴക്കെ മുനമ്പിലുള്ള ജിബൂട്ടിയിൽ ചൈന സൈനിക താവളം സ്ഥാപിച്ചതിനെയും ലിങ് ന്യായീകരിച്ചു.
കടൽക്കൊള്ളക്കാരെ തടയാനും യുഎന്നിന്റെ സമാധാന നടപടികളെ സാഹായിക്കാനുമാണ് ജിബൂട്ടിയിൽ സൈനിക താവളം നിർമിച്ചത്. ചൈനയുടെ നാവിക ഉദ്യോഗസ്ഥർക്ക് വിശ്രമത്തിനുള്ള സ്ഥലമായും സൈനിക താവളം ഉപയോഗിക്കുമെന്ന് ലിങ് വ്യക്തമാക്കി.
രാജ്യത്തിനു പുറത്തുള്ള ചൈനയുടെ ആദ്യത്തെ സൈനിക താവളമാണ് ജിബൂട്ടിയിലേത്. ഇന്ത്യയ്ക്ക് ഏറെ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നതാണ് താവളമെന്നാണ് നിരീക്ഷണം. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനാണ് ചൈനയുടെ പുതിയ നീക്കങ്ങളെന്നും വിലയിരുത്തുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, ചൈനയുടെ സൈന്യത്തിന്റെ രീതി പ്രതിരോധമാണെന്നും ആക്രമണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന മറ്റൊരു രാജ്യത്തിലേക്കും ഇടപെടില്ലെന്ന് പറഞ്ഞ അദ്ദേഹം, മറ്റുരാജ്യങ്ങൾ ചൈനയുടെ കാര്യങ്ങളിലേക്കും ഇടപെടാൻ പാടില്ലെന്നും പറഞ്ഞു. തങ്ങളുടെ കൈവശമുള്ള പ്രധാനപ്പെട്ട ആയുധങ്ങൾ കളിക്കോപ്പുകൾ അല്ലെന്ന മുന്നറിയിപ്പും ലിങ് തൈൻജുൻ നൽകി.