Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ മൂന്നു വിലാസങ്ങൾ ബ്രിട്ടന്റെ പട്ടികയിൽ

dawood

ലണ്ടൻ ∙ ബ്രിട്ടനിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളവരുടെ പുതിയ പട്ടികയിലെ ഏക ഇന്ത്യക്കാരനായി അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം. ദാവൂദിന്റെ മൂന്നു വിലാസങ്ങളാണ് പട്ടികയിൽ നൽകിയിട്ടുള്ളത്. ഇവ മൂന്നും പാക്കിസ്ഥാനിലെ കറാച്ചിയിലാണ്. അതേസമയം, കറാച്ചിയിൽ തന്നെയുള്ള മറ്റൊരു വിലാസവും ഇതുവരെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പുതിയ പട്ടികയിൽനിന്ന് ഈ വിലാസം ഒഴിവാക്കിയിട്ടുണ്ട്. യുകെ ട്രഷറി വകുപ്പാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്.

പല പേരുകളിൽ അറിയപ്പെടുന്ന ദാവൂദിന്റെ 21 ഉപനാമങ്ങളും പട്ടികയിൽ നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് അടുത്തുള്ള ഖേർ എന്ന ഗ്രാമമാണ് ദാവൂദിന്റെ ജന്മസ്ഥലമായി രേഖപ്പെടുത്തിയിട്ടുള്ളത്. ദാവൂദ് ഇന്ത്യൻ പൗരനാണെന്നും പട്ടികയിലുണ്ട്. 2003 നവംബർ ഏഴിനാണ് ഇയാളുടെ പേര് ആദ്യം ഉപരോധം ഏർപ്പെടുത്തിയവരുടെ പട്ടികയിൽ വന്നതെന്ന വിവരവും നൽകിയിട്ടുണ്ട്.

260 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ ബോംബ് സ്ഫോടനങ്ങളിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് പാക്ക് സർക്കാരിന്റെ ഒത്താശയോടെ അവിടെ ഒളിവിൽ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടുനൽകണമെന്നും വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്. അതേസമയം, ദാവൂദ് അവിടെ ഇല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാൻ. 

പട്ടികയിൽ നൽകിയിട്ടുള്ള ദാവൂദിന്റെ വിശദാംശങ്ങൾ ഇങ്ങനെ: പിതാവ് – ഷെയ്ഖ് ഇബ്രാഹിം അലി കസ്കർ, മാതാവ് – ആമിന ബീ, ഭാര്യ – മെഹ്ജാബീൻ‌ ഷെയ്ഖ്.

അബ്ദുൽ റഹ്മാൻ, അബ്ദുൽ, ഇസ്മായിൽ, അനീസ്, ഇബ്രാഹിം, ഷെയ്ഖ്, മുഹമ്മദ്, ഭായ്, ദാവൂദ്, ഇക്ബാൽ, ദിലീപ്, അസീസ്, ഫാറൂഖി, ഹസൻ തുടങ്ങി 21 ഉപനാമങ്ങളും ദാവൂദിനുണ്ടെന്ന് പട്ടിക സാക്ഷ്യപ്പെടുത്തുന്നു.

related stories