Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ വാക്കുകളിലുള്ളത് പാക്കിസ്ഥാനോടുള്ള ‘കലിപ്പ്’: യുഎസ് നയതന്ത്രജ്ഞ

Donald Trump

വാഷിങ്ടൻ ∙ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനോട് യുഎസ് ഭരണകൂടത്തിനുള്ള വിയോജിപ്പും അമർഷവുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഫ്ഗാൻ, ദക്ഷിണേഷ്യ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്ന് യുഎസ് നയതതന്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങൾ നടത്തുന്ന ഭീകരർക്ക് പാക്കിസ്ഥാൻ സഹായം എത്തിക്കുന്നതിൽ യുഎസ് ഭരണകൂടത്തിന് കടുത്ത അമർഷമുണ്ട്. ഇതുമൂലം യുഎസുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തിലും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട് – മുൻ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ചൂണ്ടിക്കാട്ടി. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന സമയത്ത് ദക്ഷിണ, മധ്യ ഏഷ്യ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത് നിഷ ദേശായിയാണ്.

ഭീകര സംഘടനകൾക്കു സുരക്ഷിത താവളം ഒരുക്കുന്ന പാക്കിസ്ഥാനെ അധികകാലം യുഎസിനു സഹിക്കാനാവില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ യുഎസ് ആഗ്രഹിക്കുന്നതായും അഫ്ഗാനിസ്ഥാനിലെയും ദക്ഷിണേ·ഷ്യയിലെയും യുഎസ് സൈനികനയം പ്രഖ്യാപിക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ഭീകരർ‌ക്കു സുരക്ഷിതതാവളം ഒരുക്കുകയാണ് പാക്കിസ്ഥാൻ. അധികനാൾ ഞങ്ങൾക്കിതു സഹിക്കാനാവില്ല. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന ഓപ്പറേഷനിൽ ഒരുമിച്ചുനിന്നാൽ പാക്കിസ്ഥാനു ധാരാളം നേട്ടമുണ്ടാകും. പക്ഷേ അവരതു ചെയ്യുന്നില്ല. ഭീകരരെ സഹായിക്കുന്ന നിലപാടാണു പാക്കിസ്ഥാന്റേത്. ദശലക്ഷക്കണക്കിനു പണം നൽകി ഞങ്ങൾ പാക്കിസ്ഥാനെ സഹായിക്കുന്നു. അവർ പക്ഷേ, യുഎസ് എതിർക്കുന്ന ഭീകരരുടെ വീടായി മാറുകയാണ്. ഈ അവസ്ഥ വളരെ പെട്ടെന്നു മാറ്റേണ്ടതുണ്ട്. ജനാധിപത്യം, സമാധാനം എന്നിവയോട് അർപ്പണബോധമുണ്ടെന്നു പാക്കിസ്ഥാൻ തെളിയിക്കേണ്ട സമയമാണിത് – ട്രംപ് പറഞ്ഞു.