Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്കറിനും കേരള ചലച്ചിത്ര പുരസ്കാരത്തിനും ഒരേ രാഷ്ട്രീയം: മുഖ്യമന്ത്രി

Pinarayi Vijayan

തലശ്ശേരി∙ ഇത്തവണത്തെ ഓസ്കർ അവാർഡുകളുടെയും സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും രാഷ്ട്രീയം ഒന്നു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളിതു വരെ തമസ്കരിക്കപ്പെട്ടിരുന്ന കറുത്തവരുടെയും കീഴാളരുടെയും ദളിതരുടെയും കഥകളുടെ ചലച്ചിത്രാഖ്യാനങ്ങൾക്കാണു കേരളത്തിലെ ജൂറി അംഗീകാരം നൽകിയത്. കറുത്തവരുടെ സിനിമകൾക്കു തന്നെയാണ് ഓസ്കറിലും അംഗീകാരം ലഭിച്ചത്. ദളിത് വിരുദ്ധത ഭരണകൂട പദ്ധതി തന്നെയാവുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ, മലയാളത്തിൽ കീഴാളരുടെ ജീവിതത്തെക്കുറിച്ചു സിനിമകളുണ്ടാവുന്നതും അവ അംഗീകരിക്കപ്പെടുന്നതും ആശാവഹമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കാത്ത സിനിമാതാരങ്ങൾക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തി. അവാർഡ് കിട്ടുന്നവർ മാത്രം ചടങ്ങിന് എത്തുന്നതു ശരിയായ രീതിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സിനിമയെ പ്രോൽസാഹിപ്പിക്കാനാണ് അവാർഡുകൾ. ഇത്തരം ചടങ്ങുകളെ സിനിമാലോകം ശരിയായ രീതിയിൽ കാണുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യധാര സിനിമാ പ്രവർത്തകർ പങ്കെടുക്കാതിരുന്നതാണു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അവാർഡ് ലഭിച്ചവരെയും ആദരിക്കപ്പെട്ടവരെയും സംഘാടകരെയും കൂടാതെ നടൻ മുകേഷ്, കെപിഎസി ലളിത തുടങ്ങിയവർ മാത്രമാണ് എത്തിയിരുന്നത്.

വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ട മധു, ഷീല, മഞ്ജു വാരിയർ എന്നിവരും ആദരം ഏറ്റുവാങ്ങേണ്ടിയിരുന്ന ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ എന്നിവരും എത്തിയില്ല. ‘വമ്പിച്ച ജനാവലി പങ്കെടുക്കുന്ന ഇത്തരമൊരു പരിപാടി നടക്കുമ്പോൾ അവാർഡ് കിട്ടുന്നവർ മാത്രമല്ല ഉണ്ടാവേണ്ടത്. ഇതു സിനിമയുടെ അഭിവ്യദ്ധിക്കു വേണ്ടിയുള്ള പരിപാടിയാണ്. അതിനു സിനിമക്കാരെ പ്രത്യേകമായി ക്ഷണിക്കേണ്ടതില്ല. അവരുടെ ബാധ്യതയായികണ്ട് എത്തിച്ചേരണം. എല്ലാവർക്കും ഒന്നൊഴിയാതെ വരാൻ കഴിയണമെന്നില്ല. എങ്കിലും വരിക എന്നത് ഒരു വികാരമായിരിക്കണം - മുഖ്യമന്ത്രി പറഞ്ഞു.

ഇത്തവണത്തെ ഓസ്കർ അവാർഡുകളുടെയും സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും രാഷ്ട്രീയം ഒന്നു തന്നെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കറുത്തവരുടെയും കീഴാളരുടെയും ദളിതരുടെയും കഥകളുടെ ചലച്ചിത്രാഖ്യാനങ്ങൾക്കാണു രണ്ടിടത്തും അംഗീകാരം ലഭിച്ചത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മാൻഹോളും മികച്ച രണ്ടാമത്തെ ചിത്രമായ ഒറ്റയാൾപ്പാതയും അത്തരം സിനിമകളാണ്. അവാർഡുകൾ നേടിയ കമ്മട്ടിപ്പാടം, കറുത്തജൂതൻ, ആറടി എന്നിവയും മുഖ്യധാരയിൽ നിന്നു മാറ്റിനിർത്തപ്പെട്ടവരുടെ കഥ പറയുന്ന ചിത്രങ്ങളാണ്.

മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയോടു കലാപരമായി കലഹിക്കുന്ന സിനിമകളാണ് ഈ രണ്ട് അവാർഡുകളിലും അംഗീകരിക്കപ്പെട്ടത്. തികഞ്ഞ വംശീയവാദിയായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ലഭിച്ച ഇരുട്ടടിയാണ് ഇത്. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയപ്പോൾ അത്തരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് അവാർഡ് നൽകുകയാണ് ഓസ്കർ സമിതി ചെയ്തത്. പൂർണമായും കറുത്ത വർഗക്കാർ മാത്രം അഭിനയിച്ച ചിത്രമാണ് ഏറ്റവും നല്ല പടമായി തിരഞ്ഞെടുക്കപ്പെട്ടത്. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലെ വിറങ്ങലിച്ച സാംസ്കാരികാന്തരീക്ഷത്തിൽ കൂടുതൽ സാംസ്‌കാരിക പ്രതിരോധങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories