Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വലിയ ശബ്ദത്തോടെ’ ആകാശത്ത് സാങ്കേതിക തകരാർ; ദോഹ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

air-india Representative Image

മംഗലാപുരം∙ ദോഹയിലേക്ക് മംഗലാപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരും സുരക്ഷിതരെന്ന് അധികൃതർ അറിയിച്ചു.

മംഗലാപുരത്തു നിന്ന് ദോഹയിലേക്ക് വ്യാഴാഴ്ച വൈകിട്ട് 5.40ന് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. യാത്രയ്ക്കിടെ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. എയർഇന്ത്യയുടെ ബോയിങ് 737–800 വിമാനത്തിനാണ് തകരാർ സംഭവിച്ചത്.

എൻജിനിലാണ് തകരാർ സംഭവിച്ചതെന്നാണ് സൂചന. ആകാശത്തു വച്ച് വലിയൊരു ശബ്ദം കേട്ടെന്നാണ് ഇതിനെപ്പറ്റി  ചില യാത്രക്കാർ പ്രതികരിച്ചത്. തുടർന്ന് വിമാനത്തിന് വിറയലും അനുഭവപ്പെട്ടു. യാത്ര പുറപ്പെട്ട് 45 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം.

തുടർന്ന് മംഗലാപുരം വിമാനത്താവളത്തിലേക്ക് വിമാനം എമർജൻസി ലാൻഡിങ് നടത്താൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. ആറരയോടെ വിമാനം തിരിച്ചിറക്കി. യാത്രക്കാർക്കോ വിമാനത്തിലെ ജീവനക്കാർക്കോ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.

എയർ ഇന്ത്യയുടെ വിദഗ്ധസംഘം വിമാനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് അറ്റകുറ്റപ്പണികൾ ആവശ്യമുണ്ട്. യാത്രക്കാര്‍ക്കായി വെള്ളിയാഴ്ച രാവിലെ 5.30ന് പ്രത്യേകവിമാനം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നുകിൽ റീഷെഡ്യൂൾ ചെയ്ത വിമാനത്തിൽ യാത്രക്കാർക്ക് പോകാം. അല്ലെങ്കിൽ ടിക്കറ്റിന്റെ പണം തിരിച്ചു മുഴുവനായും തിരിച്ചു നൽകുകയോ യാത്ര പിന്നത്തേക്ക് മാറ്റുകയോ ചെയ്യാം.

വെള്ളിയാഴ്ച പുലർച്ചെ പോകാൻ തയാറായവർക്ക് വേണ്ട താമസ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

related stories