Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽ ആർജവവും ധൈര്യവുമുള്ള വ്യക്തി; ഇനിയും കാണുമെന്ന് കേജ്‍രിവാൾ

Arvind Kejriwal, Kamal Haasan

ചെന്നൈ∙ രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമാക്കി കമൽഹാസനുമായി അരവിന്ദ് കേജ്‍‌രിവാളിന്റെ കൂടിക്കാഴ്ച. ചെന്നൈയിൽ എത്തിയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കേ‍ജ്‌രിവാൾ, നടൻ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണവും കഴിച്ചു.

രാഷ്ട്രീയമായിരുന്നു രണ്ടുപേരുടെയും ചർച്ചാവിഷയം. ഉടൻ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കമൽ, ആം ആദ്മിയുമായി കൈകോർത്തേക്കുമെന്നും പ്രചാരണമുണ്ട്. കേ‍ജ്‌രിവാളിന്റെ ചെന്നൈ സന്ദർശനം ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തൽ.

Read More: വിപസ്സന ധ്യാനത്തിൽനിന്നും കേജ്‌രിവാൾ ചെന്നൈയിലേക്ക്; ശ്രദ്ധമുഴുവൻ കമലിൽ

ഉച്ചയോടെ എത്തിയ കേജ്‍രിവാളിനെ കമലിന്റെ മകൾ അക്ഷരയാണ് ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചത്. കേജ്‍രിവാളിനെ കമൽ സ്വീകരിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങൾ ആം ആദ്മി ട്വിറ്ററിൽ പങ്കുവച്ചു. ഇതിനുമുൻപ് 2015ൽ ഡൽഹിയിലെത്തി കേജ്‌രിവാളിനെ കമൽ കണ്ടിരുന്നു. ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു.

അരവിന്ദ് കേജ്‌രിവാൾ പറഞ്ഞത്:

Akshara ചെന്നൈയിൽ എത്തിയ അരവിന്ദ് കേജ്‍‌രിവാളിനെ കമൽഹാസന്റെ മകൾ അക്ഷര സ്വീകരിക്കുന്നു. ചിത്രം: ട്വിറ്റർ

ആർജവവും ധൈര്യവുമുള്ള വ്യക്തിയാണ് കമൽഹാസൻ. കമൽ ഹാസന്റെ സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ. രാജ്യം അഴിമതിയും വർഗീയതയും അഭിമുഖീകരിക്കുമ്പോൾ സമാന മനസ്കരുടെ കൂടിച്ചേരലും ചർച്ചയും ആവശ്യമാണ്. ഞങ്ങൾ തമ്മിൽ വളരെ മികച്ച കൂടിക്കാഴ്ചയാണ് നടന്നത്. വർഗീയ ശക്തികൾ രാജ്യത്ത് മഹാമാരിയായി പടരുന്നത് ജനം തിരിച്ചറിയുന്നത് നല്ല കാര്യമാണ്. ഞങ്ങൾ തമ്മിൽ ഇനിയും കൂടിക്കാഴ്ചകൾ നടത്തും.

കമൽഹാസൻ പറഞ്ഞത്:

അരവിന്ദ് കേജ്‍രിവാൾ കാണണമെന്ന് ആവശ്യപ്പെട്ടതും എത്തിയതും എനിക്കു കിട്ടിയ ബഹുമതിയാണ്. ഒരേയൊരു ലക്ഷ്യമേ ഇതനുള്ളൂ, അഴിമതിരഹിത രാജ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തു. പഠിക്കാനുള്ള വലിയ അവസരമായിരുന്നു ഈ ചർച്ച. പിതാവിന്റെ കാലത്തിനുശേഷം ഇപ്പോൾ എന്റെ വീട് കുറച്ചുനേരത്തേക്ക് രാഷ്ട്രീയമയമായി. എന്റെ രാഷ്ട്രീയ പ്രവേശനത്തിന് കേജ്‍രിവാളിന്റെ ഉപദേശം തേടും.

Kamal Haasan, Aravind Kejriwal

കേജ്‍രിവാളിനോടൊപ്പം മറ്റ് മൂന്ന് എഎപി നേതാക്കളും കമലിനെ കാണാൻ എത്തിയിരുന്നു. തുടർ ചർച്ചകൾക്കായി കമലിനെ ഡൽഹിയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും ആരെയും പേടിക്കുന്നില്ലെന്നും അണ്ണാ ഡിഎംകെ വക്താവ് അപ്സര റെഡ്ഢി പറഞ്ഞു. ജയലളിത ഒഴിച്ചിട്ടുപോയ സ്ഥാനത്തേക്ക് വളരാനുള്ള പ്രഭാവം കമലിന് ഇല്ലെന്നും അപസ്‌ര വ്യക്തമാക്കി.