Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 വർഷത്തിനിടെ ബ്രിട്ടന്റെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 3000 ഐഎസ് ഭീകരർ

Michael-Fallon ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലൻ സൈനികർക്കൊപ്പം.

ലണ്ടൻ ∙ ഭീകരവാദത്തിന്റെ ദുരന്തഫലങ്ങൾ പേറുന്ന ഇറാഖിലും സിറിയയിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് നടത്തിയ വ്യോമാക്രമണങ്ങളിൽ 3000ൽ അധികം ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐഎസിനെതിരായ പോരാട്ടത്തിൽ ബ്രിട്ടന്റെ സംഭാവനയെ സൂചിപ്പിക്കുന്ന ‘ഓപ്പറേഷൻ ഷെയ്ഡറി’ന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ഇറാഖിലും സിറിയയിലും നടത്തിയ സന്ദർശന വേളയിലാണ് ഫാലൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളിലുമായി സൈനികസേവനം നടത്തുന്നവർക്ക് പ്രത്യേക സർവീസ് മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാണ്ട് 1500–ഓളം വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബ്രിട്ടിഷ് വ്യോമസേന ഇറാഖിലും സിറിയയിലും ഐഎസ് ഭീകരരെ ലക്ഷ്യമിട്ടു നടത്തിയത്. ഇറാഖിൽ മാത്രം 2,684 ഭീകരർ ബ്രിട്ടിഷ് വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. 2015 ഡിസംബറിൽ സിറിയയിൽ വ്യോമാക്രമണം ആരംഭിച്ച ശേഷം 410 ഭീകരർ കൊല്ലപ്പെട്ടു. ഇതിനു പുറമെ, ഭീകരവാദത്തിനെതിരായ പോരാട്ടത്തിനു കരുത്തു പകരാൻ 60,000 ഇറാഖി സൈനികർക്കു പ്രത്യേക പരിശീലനവും ബ്രിട്ടിഷ് സൈനികർ നൽകുന്നുണ്ട്.  

ഈ കാലത്തിന്റെ അന്ധകാര ശക്തികൾക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവർ എന്ന നിലയ്ക്കാണ് ഇറാഖിലെയും സിറിയയിലെയും ബ്രിട്ടിഷ് സൈനികർക്ക് പ്രത്യേക സർവീസ് മെഡൽ നൽകുന്നതെന്ന് ഫാലൻ വ്യക്തമാക്കി. ഇറാഖിന്റെയും സിറിയയുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഐഎസിനെ തുരത്താൻ സാധിച്ചത് ബ്രിട്ടിഷ് സൈനികരുടെ കൂടി ശ്രമഫലമായാണ്.

ഭീകരവാദത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെങ്കിലും ഇതുവരെയുള്ള മുന്നേറ്റത്തിൽ സൈന്യം വഹിച്ച നിസ്തുലമായ പങ്ക് അംഗീകരിക്കുന്നതിനാണ് പ്രത്യേക സർവീസ് അവാർഡ് നൽകുന്നതെന്നും ഫാലൻ പറഞ്ഞു.

ബ്രിട്ടിഷ് സൈന്യത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നായി 1,400 സൈനികരാണ് ഇറാഖിലും സിറിയയിലുമായി ഐഎസിനെതിരെ പോരാടുന്നത്. ഭീകരർക്കെതിരെ നേരിട്ടു പോരാടുന്നതിനു പുറമെ, ഇറാഖി സൈനികർക്ക് പരിശീലനം നൽകാനും ബ്രിട്ടിഷ് സൈനികരുടെ സേവനം ഉപയോഗിക്കുന്നുണ്ട്.