Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരതയാത്രയ്ക്ക് രാഹുൽ ഗാന്ധി; പര്യടനം കോൺഗ്രസ് അധ്യക്ഷപദവിയേറ്റശേഷം

Rahul Gandhi

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷപദവിയേൽക്കുന്നതിനു പിന്നാലെ രാഹുൽ ഗാന്ധി ഭാരതയാത്രയ്ക്ക്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള യാത്രയിലൂടെ സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. ‌പൊതുതിരഞ്ഞെടുപ്പിന് എത്രനാൾ മുൻപു പര്യടനം തുടങ്ങണമെന്ന തന്ത്രപരമായ തീരുമാനം പിന്നീടുണ്ടാകും.

സംഘടനാ തിരഞ്ഞെടുപ്പ്

പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതോടെ അടുത്ത മാസം 30നാണു കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയാകുക. പ്രക്രിയ ഇനിയും വൈകിക്കാതെ അധികാരം കൈമാറണമെന്ന താൽപര്യം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളെയും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.

തലമുറ മാറ്റം

വിവിധ തലങ്ങളിൽ തലമുറ മാറ്റത്തിനു വഴിയൊരുക്കിക്കൊണ്ടാണു സോണിയ ഗാന്ധിയുടെ പിന്മാറ്റം. രാഹുൽ അധ്യക്ഷപദവിയിലെത്തുന്നതിനു പുറമെ വിശ്വസ്തരുടെ പുതിയൊരു സംഘവും നേതൃനിരയിലെത്തും. മുൻപു രാജീവ് ഗാന്ധി നേതൃത്വത്തിലെത്തിയപ്പോഴുണ്ടായ മാറ്റത്തിനു സമാനമായിരിക്കുമിത്. എന്നാൽ, ചെറുപ്പക്കാർക്കൊപ്പം പരിചയസമ്പന്നരായ മുതിർന്ന നേതാക്കളും ഉപദേശകവൃന്ദത്തിലുണ്ടാകുമെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ ആ പട്ടികയിലുണ്ട്. യുവത്വവും അനുഭവസമ്പത്തുമുള്ളവരുടെ മറ്റൊരു തലമുറയും രാഹുലിനോട് അടുപ്പം പുലർത്തുന്നു – കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, ‌സച്ചിൻ പൈലറ്റ് തുടങ്ങിയവർ.

അനുകൂല സാഹചര്യം

രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറ്റിയെടുക്കുകയാകും യാത്രയുടെ മുഖ്യലക്ഷ്യം. അടുത്തകാലത്തു ‌രാഹുലിന്റെ വ്യക്തിത്വത്തിലും പ്രതിച്ഛായയിലുമുണ്ടായ മാറ്റം ഇതിനു സഹായകമാകുമെന്നു പാർട്ടി കരുതുന്നു. തിരഞ്ഞെടുപ്പു പ്ര‌ക്രിയയിലൂടെ അധ്യക്ഷപദവിയിലെത്തിയ ശേഷമായിരിക്കും യാത്രയുടെ വിശ‌ദാംശങ്ങൾക്കു രൂപം നൽകുക. റാലികളും ജനസമ്പർക്ക പരി‌പാടികളും ഇതിന്റെ ഭാഗമായിരിക്കും. ഫലത്തിൽ 2019ലെ പൊതു തിര‌ഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടായിരിക്കുമിത്.