Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബനാറസ് സർവകലാശാലയിൽ വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ചു; പ്രതിഷേധം, അന്വേഷണം

bhu protest ബനാറസ് ഹിന്ദു സർവകലാശാലയിൽ ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരുക്കേറ്റ പെൺകുട്ടി കരയുന്നു.

വാരണാസി∙ ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാർഥിനികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ വൻ  പ്രതിഷേധം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. വാരണാസിയിലെ എല്ലാ സർവകലാശാലകള്‍ക്കും കോളജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ടു വരെയാണ് അവധി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ  അദ്ദേഹം സന്ദർശനം നടത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണു സർവകലാശാലയിൽ പൊലീസ് മർദനം അരങ്ങേറിയത്. മോദിക്കെതിരെ ട്വിറ്ററിലൂടെ വിമർശനവുമായി  കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. 

അതിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തുന്ന വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് സർവകലാശാലയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം തുടർന്ന 16 വിദ്യാർഥികളെ  കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് കോളജ് സന്ദർശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബാറിനെയും പി.എൽ.പുനിയയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിമാനത്താവളത്തിൽ വച്ച് തടയാൻ ശ്രമിച്ചെങ്കിലും ഇരുവരും വഴങ്ങിയില്ല. പിന്നീട് പ്രവർത്തകരുടെ അകമ്പടിയോടെ കോളജിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പു സമരം നടത്തി.

ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ വിദ്യാർഥിനികൾക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. പൊലീസ് സേനാംഗങ്ങൾക്കും പരുക്കേറ്റു. എന്നാൽ വിദ്യാർഥികളുടെ പ്രതിഷേധന സമരത്തിനിടെ ‘നുഴഞ്ഞുകയറ്റം’ നടത്തിയവരാണ് അതിക്രമത്തിനു പിന്നിലെന്നാണ് അധികൃതർ പറയുന്നത്. 

സർവകലാശാല ഹോസ്റ്റലിനു സമീപം കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ബൈക്കിലെത്തിയ മൂന്നു പേർ ഒരു വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സംഭവം നടക്കുമ്പോൾ കാവൽക്കാരൻ ഇടപെട്ടില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. ഇക്കാര്യത്തിന്മേൽ നടപടി വേണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലറെ കാണാൻ ശ്രമിച്ചെങ്കിലും വേദിയെക്കുറിച്ചുള്ള തർക്കംകാരണം കൂടിക്കാഴ്ച നടന്നില്ല.

അതിനിടെ ഹോസ്റ്റൽ അടച്ചുപൂട്ടാനും ശ്രമം നടന്നു. ഇതിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇതിന്റെ വിഡിയോ പ്രചരിക്കുകയും ചെയ്തു. വിസിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവർക്കു നേരെയാണ് ലാത്തിച്ചാർജ് നടത്തിയതെന്നും പൊലീസ് വക്താവു പറയുന്നു. 

പെൺകുട്ടികളുടെ സംരക്ഷണം നടപ്പാക്കുന്നതിന്റെ ബിജെപി രീതിയാണ് ബനാറസ് സർവകലാശാലയില്‍ കണ്ടതെന്നായിരുന്നു രാഹുലിന്റെ വിമർശനം. ലാത്തിച്ചാർജിന്റെ വിഡിയോയും അദ്ദേഹം ഷെയർ ചെയ്തു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നു മുൻ മുഖ്യന്ത്രി അഖിലേഷ് യാദവും ട്വിറ്ററിൽ കുറിച്ചു. സംഭവം പാർലമെന്റി‍ൽ ഉന്നയിക്കുമെന്ന് ജനതാദൾ (യു) നേതാവ് ശരദ് യാദവ് പറഞ്ഞു.