Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയൻ സൈനികമേഖലയിൽ ബോംബർ വിമാനങ്ങള്‍ പറത്തി യുഎസിന്റെ മുന്നറിയിപ്പ്

Air-Force-B-1B-Lancer-bombers ദക്ഷിണകൊറിയൻ യുദ്ധവിമാനങ്ങൾക്കൊപ്പം കൊറിയൻ മുനമ്പിലൂടെ പരീക്ഷണപ്പറക്കൽ നടത്തുന്ന യുഎസ് ബോംബർ വിമാനങ്ങൾ. (സെപ്റ്റംബർ 18ലെ ചിത്രം)

സോൾ ∙ ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയോ എന്ന സംശയം ശക്തമായി നിലനിൽക്കെ, കൊറിയൻ മുനമ്പിനു സമീപം യുഎസ് ബോംബർ വിമാനങ്ങളുടെ ശക്തിപ്രകടനം. ഉത്തരകൊറിയയുടെ കിഴക്കൻ തീരത്തിനടുത്തുകൂടി ബോംബര്‍ വിമാനങ്ങൾ പറത്തിയാണ് യുഎസിന്റെ മുന്നറിയിപ്പ്‍. കൊറിയയിലെ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയ്ക്കടുത്തുകൂടി ഏതെങ്കിലുമൊരു അമേരിക്കന്‍ വിമാനം പറക്കുന്നത് ആദ്യമായാണ്.

മേഖലയിൽ ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്‍ സൃഷ്ടിക്കുന്ന അനാവശ്യ ഭീഷണികള്‍ക്കുള്ള മറുപടിയായാണ് ബോംബര്‍വിമാനങ്ങൾ പറത്തിയതെന്ന് പെന്‍റഗണ്‍ പറഞ്ഞു. കിം ജോങ് ഉന്നും ഉത്തരകൊറിയയും അനാവശ്യ പ്രകോപനങ്ങൾ തുടർന്നാൽ യുഎസ്സിനും ഡോണൾഡ് ട്രംപിനും മുന്നിലുള്ള ‘വിശാലമായ’ സൈനിക സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പു നൽകുകയാണ് ഈ നടപടിയിലൂടെയെന്നും പെന്റഗൺ വ്യക്തമാക്കുന്നു. 

അതേസമയം, കൊറിയന്‍ മേഖലയില്‍ പ്രശ്നം രൂക്ഷമാകുമ്പോഴും നേതാക്കന്‍മാര്‍ തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്കു കുറവില്ല. ആത്മഹത്യാപരമായ ദൗത്യത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നായിരുന്നു ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോങ് ഹോ യുഎന്നില്‍ പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കയെ ഒഴിച്ചുകൂടാനാകാത്ത ലക്ഷ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ശനിയാഴ്ച ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്തിനു സമീപം നേരിയ ഭൂചലനമുണ്ടായതാണ് പുതിയ ആണവ പരീക്ഷണ സാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർത്തിയത്. ഇത് പുതിയ ആണവ പരീക്ഷണമാണോ എന്നു ചൈന സംശയിക്കുമ്പോൾ സ്വാഭാവിക ഭൂചലനമാണെന്നാണു ദക്ഷിണ കൊറിയയുടെ നിഗമനം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നുവരുന്നതിനിടെയാണു ഭൂചലനം എന്നതാണു സംശയം ഉയർത്തിയത്.

ആണവ പരീക്ഷണ വേളകളിൽ ഭൂചലനം ഉണ്ടാകാറുണ്ട്. ഈ മാസമാദ്യം ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചപ്പോൾ ഭൂചലന മാപിനികളിൽ 6.1 തീവ്രതയാണു രേഖപ്പെടുത്തിയത്. 3.5 ആണ് ഇന്നലെയുണ്ടായ ഭൂചലനത്തിന്റെ തീവ്രത. ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച സ്ഥലത്തു നിന്ന് 20 കിലോമീറ്റർ മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ സർവേ കണ്ടെത്തി. ഉത്തര കൊറിയയുടെ മുൻ ആണവ പരീക്ഷണങ്ങളും ഇതേ സ്ഥലത്താണു നടന്നത്.