Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയതി മാറ്റിക്കളിച്ച് യുഡിഎഫ്; ഹർത്താൽ ഒക്ടോബർ 16ന്

harthal

മലപ്പുറം ∙ ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹർത്താൽ മാറ്റി. ഈമാസം 16ലേക്കാണ് ഹർത്താൽ മാറ്റിയത്. 13–ാം തീയതി ഹർത്താൽ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് നടക്കുന്നതിനാലാണു തീരുമാനമെന്ന് യുഡിഎഫ് വ്യക്തമാക്കി. ഹർത്താൽ 12നാണെന്ന് അറിയിച്ച് മിനിട്ടുകൾക്കം തീയതി വീണ്ടും മാറ്റുകയായിരുന്നു.

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഹർത്താൽ പ്രഖ്യാപിച്ചത്. ലോകകപ്പ് നടക്കുന്ന ദിവസം ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. യുഡിഎഫ് എന്നൊരു കക്ഷിയുണ്ടെന്നു രാജ്യാന്തരതലത്തിൽ അറിയിക്കാനാണ് അണ്ടർ 17 ലോകകപ്പിനിടെ കേരളത്തിൽ ഹർത്താൽ നടത്തുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. 13ന് വൈകിട്ട് അഞ്ച് മണിക്ക് ഗിനിയയും ജർമനിയും തമ്മിലും എട്ടു മണിക്ക് സ്പെയ്നും നോർത്ത് കൊറിയയും തമ്മിലാണ് കൊച്ചിയിലെ മൽസരങ്ങൾ.

ജിഎസ്ടി നടപ്പാക്കിയതോടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഇന്ധനവില വർധന നിയന്ത്രിക്കാനും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.