Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർഹിക പീഡനപരാതികളിൽ തിടുക്കത്തിൽ നടപടിയെടുക്കെരുതെന്നു നിർദേശം

domestic-violence Representational Image

തിരുവനന്തപുരം∙ സ്ത്രീകൾ നൽകുന്ന ഗാർഹിക പീഡനപരാതികളിൽ തിടുക്കത്തിൽ നടപടിയെടുക്കെരുതെന്നു പൊലീസ് മേധാവിയുടെ നിർദേശം. കുടുംബക്ഷേമസമിതികൾ മുഖേന അന്വേഷിച്ച ശേഷം മാത്രമെ അറസ്റ്റ് ചെയ്യാവൂവെന്നും പൊലീസുകാർക്കുള്ള സർക്കുലറിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. വ്യാജപരാതികൾ വർധിക്കുന്നുവെന്ന വിലയിരുത്തലിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണു നടപടി.

ഭർത്താവിനും വീട്ടുകാർക്കുമെതിരെ വിവാഹിതരായ സ്ത്രീകൾ നൽകുന്ന പരാതിയിൽ കേസെടുക്കുന്നത് ഐപിസി 498ാം വകുപ്പ് പ്രകാരമാണ്. എന്നാൽ ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വിലയിരുത്തലിൽ അതു തടയാനായി സുപ്രീംകോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു ഗാർഹിക പീഡനപരാതി സത്യമാണെന്നു ബോധ്യപ്പെട്ടശേഷം കേസെടുത്താൽ മതിയെന്ന ഡിജിപിയുടെ നിർദേശം.

എസ്പിമാരടക്കം അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ സർക്കുലറിൽ പറയുന്നത് ഇങ്ങനെയാണ്. സ്റ്റേഷനിൽ ലഭിക്കുന്ന ഇത്തരം പരാതികളെല്ലാം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടുംബക്ഷേമസമിതിക്കു കൈമാറണം. പരാതിയിലെ കക്ഷികളെ ബന്ധപ്പെട്ടു കാര്യങ്ങളന്വേഷിച്ച ശേഷം ഒരുമാസത്തിനുള്ളിൽ സമിതി പൊലീസിനു റിപ്പോർട്ട് നൽകണം.

ആ റിപ്പോർട്ട് പ്രകാരം മാത്രമേ അറസ്റ്റ് പോലുള്ള നടപടി സ്വീകരിക്കാവൂ. പ്രതികൾ വിദേശത്താണങ്കിൽ ഉടൻ തന്നെ പാസ്പോർട്ട് റദ്ദാക്കുക, റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുക പോലുള്ള കടുത്ത നടപടി പാടില്ലെന്നും നിർദേശമുണ്ട്. എന്നാൽ മരണവും പ്രത്യക്ഷമായ മർദനവും പോലുള്ള കേസുകളാണങ്കിൽ ഇത്തരം നിർദേശങ്ങളൊന്നും പാലിക്കേണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഗാർഹിക കേസുകൾ കൈകാര്യം ചെയ്യാൻ എല്ലാ സ്റ്റേഷനിലും ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ലോക്നാഥ് ബെഹ്റയുടെ സർക്കലുറിലുണ്ട്.