Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലിനീകരണത്തിന്റെ ‘റെഡ് സോണി’ൽ ഡൽഹി; കടുത്ത നടപടികളുമായി സർക്കാര്‍

 delhi pollution

ന്യൂഡൽഹി∙ അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ ഉയർന്നതിനെത്തുടർന്ന് ‘റെഡ് സോണി’ൽ എത്തിയ ഡൽഹി നഗരം പരിഹാര നടപടികളിലേക്ക്. ഏതാനും ദിവസങ്ങൾക്കകം വാഹനങ്ങൾക്കുള്ള പാർക്കിങ് ഫീസ് നാലു മടങ്ങുവരെ വർധിപ്പിക്കാനാണു നീക്കം. മഞ്ഞുകാലത്തെ അന്തരീക്ഷവായു മലിനീകരണത്തിന്റെ തോത് അനുസരിച്ചു സ്വീകരിക്കേണ്ട നടപടികളുമായി ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ നിലവിലുണ്ട്. ഇതു പ്രകാരമായിരിക്കും പാർക്കിങ് ഫീസ് കൂട്ടുക.

അന്തരീക്ഷ വായുവിൽ എത്രമാത്രം മാലിന്യം കലർന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നിലവിൽ അതീവ ഗുരുതരാവസ്ഥയാണു ഡൽഹിയിൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഡീസൽ ജനറേറ്ററുകൾക്കു നിരോധനം ഏർപ്പെടുത്തി. ബദർപുർ താപവൈദ്യുത നിലയം താത്കാലികമായി അടച്ചു. വായുശുദ്ധിയുടെ നിലവാരം വിലയിരുത്താൻ ചേർന്ന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) യോഗത്തിലാണു തീരുമാനം.

അപായകരമായ നിലയിലേക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയർന്നാൽ കാറുകൾ പുറത്തിറക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തേണ്ടി വരുമെന്നും ഇപിസിഎ അംഗങ്ങൾ സൂചിപ്പിച്ചു. അതിനിടെ ഡൽഹിയിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും സർക്കാർ നടപടികൾ തുടങ്ങി.

അന്തർസംസ്ഥാന ബസ് ടെർമിനലുകളിലും ഹോണടിക്കുന്ന ഡ്രൈവർമാർക്കും വലിയ ശബ്ദത്തിൽ വിളിച്ചു കൂവി യാത്രക്കാരെ വിളിച്ചു കയറ്റുന്ന കണ്ടക്ടർമാർക്കും പിഴശിക്ഷ ചുമത്താനാണു തീരുമാനം. ഡ്രൈവർമാർക്ക് 500 രൂപയും കണ്ടക്ടർമാർക്കു 100 രൂപയുമാണു പിഴ. ഇതുസംബന്ധിച്ച ഉത്തരവ് ഡൽഹി ട്രാൻസ്പോർട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (ഡിടിഐഡിസി) പുറപ്പെടുവിച്ചു.

ഡൽഹിയിലെ മൂന്ന് അന്തർസംസ്ഥാന ബസ് ടെർമിനലുകളിലും ശബ്ദമലിനീകരണം അപകടരമായ തോതില്‍ ഉയർന്നതിനെത്തുടർന്നാണു നടപടി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള ബസുകളാണു ടെർമിനലുകളിലെത്തുന്നത്. ഇവിടങ്ങളിലേക്കുള്ള യാത്രക്കാരെ കയറ്റാനായി വൻതോതിൽ ശബ്ദമുണ്ടാക്കി ബസിലേക്ക് ആകർഷിക്കുന്നതാണു ശബ്ദമലിനീകരണത്തിന്റെ പ്രധാന കാരണമെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.