Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാർക്ക് ഏകാധിപത്യവും പട്ടാള ഭരണവും വേണം: സർവേ റിപ്പോർട്ട്

Indian-Military Representative Image

വാഷിങ്ടൻ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഏകാധിപത്യത്തോടും പട്ടാള ഭരണത്തോടും പ്രിയം. രാജ്യാന്തര പ്രശസ്തമായ പ്യു റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ ആഗോള സർവേയിലാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇന്ത്യക്കാരായ 55 ശതമാനം പേരും ഏകാധിപത്യത്തെയും പട്ടാള ഭരണത്തെയും പിന്തുണയ്ക്കുന്നെന്നാണ് സർവേ പറയുന്നത്. ഇവരിൽ 27 ശതമാനം പേരും ശക്തനായ നേതാവ് വേണമെന്ന ആവശ്യക്കാരാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, എട്ടു ഭാഷകളിലായി 2,464 പേരെ മുഖാമുഖം കണ്ടാണു ശാസ്ത്രീയമായി സർവേ തയാറാക്കിയത്. ഫെബ്രുവരി 21നും മാർച്ച് പത്തിനും ഇടയിലായിരുന്നു ആളുകളെ നേരിൽ കണ്ടത്. ഏഷ്യയിലെ സർവേയിൽ ഇന്ത്യക്കാരെ കൂടാതെ ഇന്തൊനേഷ്യക്കാരും (52), ഫിലിപ്പിനോകളും (50) ആഫ്രിക്കൻ മേഖലയിൽ ദക്ഷിണാഫ്രിക്കയും (53) ഏകാധിപത്യ, പട്ടാള ഭരണങ്ങളെ പിന്തുണയ്ക്കുന്നു. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളില്‍ 10 ശതമാനം പേര്‍ മാത്രമാണ് പട്ടാള, ഏകാധിപത്യ ഭരണം ആഗ്രഹിക്കുന്നത്.

മുതിർന്നവർ പറയുന്നു, പട്ടാളം വേണ്ട

അതേസമയം, പട്ടാള ഭരണത്തെയും ഏകാധിപത്യ ഭരണത്തെയും ഇന്ത്യയിലെ മുതിർന്നവർ (50 വയസ്സിനു മുകളിൽ) പിന്തുണച്ചില്ലെന്നതു ശ്രദ്ധേയമാണ്. മറ്റുള്ള രാജ്യങ്ങളിലെ മുതിർ‌ന്നവരും സമാന അഭിപ്രായക്കാരാണ്. പട്ടാളത്തിനു മുകളിൽ ജനാധിപത്യ ഭരണമാണു വേണ്ടതെന്നാണു മുതിർന്നവരുടെ അഭിപ്രായം. പട്ടാളമോ നേതാക്കളോ ജനാധിപത്യത്തെ മറികടന്നപ്പോഴുണ്ടായ പ്രയാസങ്ങളിലൂടെ കടന്നുപോയതാണ് ഇവരുടെ അഭിപ്രായ വ്യത്യാസത്തിനു കാരണമെന്നും സർവേ റിപ്പോർ‌ട്ട് വിശദീകരിക്കുന്നു.

റഷ്യയിൽ 48 ശതമാനം ആളുകൾ ശക്തനായ നേതാവിന്റെ ഭരണം ആഗ്രഹിക്കുന്നു. ആഗോളമായി 26 ശതമാനം പേരാണ് ഇതേ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഏഷ്യ പസിഫിക് മേഖലയിൽ വിയറ്റ്നാം (67), ഇന്ത്യ (65), ഫിലിപ്പീൻ (62) തുടങ്ങിയവർ സാങ്കേതികവിദ്യ വിദഗ്ധരുടെ ഭരണത്തെ (ടെക്നോക്രസി) പിന്തുണയ്ക്കുന്നവരാണ്. 38 രാജ്യങ്ങളിലെ 41,953 വ്യക്തികളെ ഉൾപ്പെടുത്തി നടത്തിയ സർവേ റിപ്പോർട്ടാണു പ്യൂ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ചത്.