Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ അച്ഛൻ സോളങ്കിയുടെ രാഷ്ട്രീയ തന്ത്രം പയറ്റുന്ന മകൻ സോളങ്കി !

solanki-with-antony-and-mooppanr മാധവ് സിങ് സോളങ്കി ആന്റണിയോടും മൂപ്പനാരോടുമൊപ്പം. (ഫയൽ ചിത്രം)

ഗുജറാത്തിൽ കോൺഗ്രസ് സമുദായ നേതാക്കളെ കൂട്ടുപിടിച്ചുള്ള വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കം പ്രഖ്യാപിച്ചിരിക്കുന്നു. ഗുജറാത്തിലെ പിസിസി പ്രസിഡന്റ് ഭരത് സിങ് സോളങ്കിയാണ്, പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ദലിത് നേതാവ് ജിഗ്നേഷ് മെവാനി, പിന്നാക്ക–ദലിത്–ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ എന്നിവരെ കോ‍ൺഗ്രസിലേക്കും ബിജെപി വിരുദ്ധ സഖ്യത്തിലേക്കും ക്ഷണിച്ചത്. ഭരത് സിങ് സോളങ്കി ഇപ്പോൾ പുറത്തെടുക്കുന്നത് കോൺഗ്രസിന്റെ പഴയ തന്ത്രം തന്നെയാണ്. ആ തന്ത്രത്തിന്റെ ഏറ്റവും വലിയ ആശാൻ ഭരത് സിങ്ങിന്റെ അച്ഛൻ തന്നെയായിരുന്നു –  മാധവ് സിങ് സോളങ്കി.  അദ്ഭുതപ്പെട്ടാനില്ലെന്നർഥം! 

കേരളത്തിൽ കെ.കരുണാകരനെപ്പോലെ ഗുജറാത്ത് കോൺഗ്രസിലെ കരുത്തനായിരുന്നു മാധവ് സിങ് സോളങ്കി. മൂന്നു തവണ  മുഖ്യമന്ത്രി. 1976 ൽ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയ സോളങ്കി സമുദായ വോട്ടുകൾ വാരുന്നതിലെ ‘ശാസ്ത്രീയ സമീപനം’ അവതരിപ്പിച്ച ‘ശാസ്ത്രജ്ഞൻ’ കൂടിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം മണ്ഡലങ്ങളിൽ സ്വാധീനമുള്ള നാലു സമുദായങ്ങളെ – ക്ഷത്രിയർ, ഹരിജനങ്ങൾ, ആദിവാസികൾ, മുസ്‌ലിംകൾ- കയ്യിലെടുത്തുകൊണ്ടുള്ള ആ പരീക്ഷണം സോളങ്കിയെ രണ്ടു തിരഞ്ഞെടുപ്പുകളിൽ അടുപ്പിച്ച് വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ചു.

ഈ സമുദയങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്തുണ്ടക്കിയ ഖാം (KHAM) തിയറി എന്ന പേരിലാണ് അതറിയപ്പെട്ടത്. ഗുജറാത്തിൽ പട്ടേൽ സമുദായത്തെ കോൺഗ്രസിൽനിന്ന് എക്കാലത്തേക്കുമായി അകറ്റിയതും ഇതേ രാഷ്ട്രീയ തിയറിയായിരുന്നു. തിയറി സമുദായം തന്നെയാണെങ്കിലും അച്ഛൻ ഉപേക്ഷിച്ച പട്ടേലുകളെ വീണ്ടും ഒപ്പം ചേർക്കാനാണു മകൻ ഭരതിന്റെ ശ്രമം എന്നതു മറ്റൊരു യാദൃച്ഛികത! 

∙ കരുണാകരൻ മറന്നില്ലൊരിക്കലും 

മാധവ് സിങ് സോളങ്കി ഗുജറാത്തിലെ കരുണാകര തുല്യനായിരുന്നെങ്കിലും അദ്ദേഹം കരുണാകരനോടു ചെയ്തത് ജീവിതാവസാനം വരെ കരുണാകരൻ മറന്നിരിക്കില്ല! കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽനിന്ന് 1995ൽ കെ.കരുണാകരനെ മാറ്റാനുള്ള തീരുമനമെടുത്ത എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു സോളങ്കി. അന്ന് കേരളത്തിന്റെ ചുമതലയായിരുന്നു സോളങ്കിക്ക്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത്, അഹമ്മദാബാദിലെ വസതിയിൽ വച്ച് സോളങ്കിയെ കണ്ടപ്പോൾ ഈ ലേഖകൻ ചോദിച്ചു:

1995ൽ കരുണാകരനോടു ചെയ്‌തതു ശരിയല്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ? 

മറുപടി ഇങ്ങനെയായിരുന്നു: ‘‘അന്നത്തെ സഹചര്യം അങ്ങനെയായിരുന്നു. (തമിഴ്നാട്ടിലെ) ജി.കെ.മൂപ്പനരും അന്ന് എന്റെ കൂടെയുണ്ട്. എംഎൽഎമാരെ ഒറ്റയ്‌ക്കൊറ്റയ്‌ക്കു കണ്ടപ്പോൾ ഭൂരിപക്ഷം കരുണാകരന്റെ കൂടെയല്ല എന്നു മനസ്സിലായി. പിന്നെ മറ്റെന്തു ചെയ്യാൻ കഴിയും.’’ 

തീരുമാനം അറിയിച്ചപ്പോൾ കരുണാകരന്റെ പ്രതികരണം എന്തായിരുന്നു? 

‘‘അദ്ദേഹം ആദ്യം വിശ്വസിച്ചില്ല. നിങ്ങളെന്താണീ പറയുന്നത്, എംഎൽഎമാർ കൂടുതൽ എന്റെ കൂടെയാണ് എന്നായിരുന്നു പ്രതികരണം. പക്ഷേ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അംഗീകരിച്ചു. പിറ്റേന്ന് അദ്ദേഹം തന്നെ ആന്റണിയുടെ പേര് നിർദേശിക്കുകയും ചെയ്‌തു. 

കേരള രാഷ്‌ട്രീയം ഇപ്പോൾ ശ്രദ്ധിക്കാറുണ്ടോ? കരുണാകരനെ കാണാറുണ്ടോ?  (കരുണാകരൻ ജീവിച്ചിരിക്കുന്ന കാലമാണ്)

കാര്യമായി ശ്രദ്ധിക്കാറില്ല. കരുണാകരനെ എഐസിസി യോഗങ്ങളിൽവച്ചു കാണും. ഞങ്ങൾ രണ്ടുപേരും പ്രത്യേക ക്ഷണിതാക്കളാണ്. അടുത്തടുത്താണ് ഇരിക്കാറുള്ളത്.’’

∙  ബോഫോഴ്സിലെ ഇടപെടൽ

ഇതേ സോളങ്കി, കരുണാകരനെ പോലെതന്നെ ഗുജറാത്തിന്റെ മുഖ്യമന്ത്രിസ്‌ഥാനത്തുനിന്നു പടിയിറക്കപ്പെട്ട ചരിത്രവുമുണ്ട്. ഗുജറാത്തിനെ ഇളക്കിമറിച്ച സംവരണ വിരുദ്ധ സമരമാണ് 1985ൽ ജാതി രാഷ്‌ട്രീയത്തിന്റെ തലതൊട്ടപ്പനായ സോളങ്കിയുടെ കസേര തെറിപ്പിച്ചത്. അന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി കേന്ദ്രമന്ത്രിസഭയിലേക്കു ക്ഷണിച്ചെങ്കിലും സോളങ്കി വഴങ്ങിയില്ല. പകരം, ജീൻസും ടീ ഷർട്ടുമണിഞ്ഞ് പെട്ടിയും പൂട്ടി യൂറോപ്പ് പര്യടനത്തിനു വിമാനം കയറി.

പിണങ്ങിപ്പോയ നേതാവ് ആറുമാസത്തെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തി രാജീവിന്റെ മന്ത്രിസഭയിൽ ചേരുകയും ചെയ്‌തു! വിദേശകാര്യമായിരുന്നു വകുപ്പ്.  ബോഫോഴ്സ് ആരോപണം കത്തിനിന്നപ്പോൾ സ്വീഡൻ സർക്കാരിനോട് അന്വേഷണം നിർത്തി വയ്ക്കാൻ സോളങ്കി ആവശ്യപ്പെട്ടതായി ആരോപണമുണ്ടായിരുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു അന്ന്: ‘‘അതൊക്കെ വെറുതേ പറയുന്നതാണ്. എനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നു കോടതി വിധിച്ചു കഴിഞ്ഞതാണ്. ഇക്കാര്യം സംസരിക്കാൻ താൽപര്യമില്ല.’’ 

∙  ആന്റണിയോ കരുണാകരനോ? 

പുറത്തുള്ള കോൺഗ്രസ് നേതാക്കളെ കണ്ടാൽ കേരളത്തിൽനിന്നുള്ളവർക്കു ചോദിക്കാതിരിക്കാൻ കഴിയാത്ത ആ ചോദ്യം സോളങ്കിക്കു മുന്നിലും അന്നു വച്ചു: എ.കെ.ആന്റണിയാണോ കെ.കരുണകരനാണോ നല്ല നേതാവ്?

ഡിപ്ലോമാറ്റിക്കായിരുന്നു മറുപടി: ‘‘രണ്ടു പേർക്കും അവരവരുടേതായ ഗുണങ്ങളുണ്ട്. ആന്റണി സത്യസന്ധനാണ്. ആത്മാർഥതയുണ്ട്. പക്ഷേ, മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്‌ക്കില്ല. കരുണാകരൻ പ്രയോഗികബുദ്ധിയുള്ള നേതാവാണ്. ഇവർ രണ്ടുപേരും ചേർന്നാണു കേരളത്തിൽ പാർട്ടിയെ വളർത്തിയത്.’’ 

related stories