Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിറ്റായി മെർസൽ വിവാദം, സിനിമയ്ക്ക് പിന്തുണ കൂടുന്നു; ഒറ്റപ്പെട്ട് ബിജെപി

Vijay Mersal

ചെന്നൈ∙ ഇളയ ദളപതി വിജയ്‍യുടെ പുതിയ ചിത്രം മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെടുന്നു,. കേന്ദ്ര സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമർശങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോൾ വിവാദമായത്. സിംഗപ്പുരില്‍ ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ ചൊടിപ്പിച്ചത്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം.

ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാൽ, അഭിനേതാക്കളായ കമല്‍ഹാസൻ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകൻ പാ രഞ്ജിത് തുടങ്ങിയവർ സിനിമയ്ക്കെതിരായ നീക്കങ്ങളെ അപലപിച്ചു. 

ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണു നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു പറഞ്ഞാണു സംവിധായകന്‍ പാ രഞ്ജിത് പിന്തുണയുമായെത്തിയത്.

സിനിമയിലെ രംഗങ്ങൾ നീക്കണമെന്നു രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു വിശാൽ പറഞ്ഞു. ഹോളിവുഡിൽ യുഎസ് പ്രസിഡന്റിനെ കളിയാക്കുന്ന എത്രയോ സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അവിടെയൊന്നും പ്രശ്നമില്ല. ഇത് ജനാധിപത്യമാണ്. നമുക്ക് എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഒരു വട്ടം സെൻസർ ചെയ്ത സിനിമ വീണ്ടും സെൻസർ ചെയ്യണമെന്നു പറയാൻ ആർക്കും അവകാശമില്ലെന്നും വിശാൽ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്നു വിളിക്കരുത്. ശബ്ദം ഉയരേണ്ട സമയമായി എന്നുമാണു വിജയ് സേതുപതി ട്വിറ്ററില്‍ കുറിച്ചത്. ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും രംഗത്തെത്തി. ചിത്രം തിയറ്ററില്‍ െചന്നുകാണരുത് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

നേരത്തെ മെര്‍സലിനു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. "മിസ്റ്റര്‍ മോദി, തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും ആവിഷ്കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ 'ഡീമോണ'റ്റൈസ്' ചെയ്യരുത്"- രാഹുല്‍ ട്വിറ്ററിൽ കുറിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം, സാഹിത്യകാരൻ ബെന്യാമിൻ തുടങ്ങിയവരും വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, സിനിമയ്ക്കെതിരായും നടനെതിരായും വിമർശനങ്ങൾ ശക്തമാക്കാനാണു ബിജെപിയുടെ ശ്രമം. വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ ബിജെപി ബോധപൂർവം നടത്തുന്നുണ്ട്. അതിനിടെ, കടുത്ത എതിർപ്പുമായി ബിജെപി രംഗത്തെത്തിയതിനെ തുടർന്നു മെർസലിൽനിന്ന് ജിഎസ്ടിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കാൻ അണിയറ പ്രവർത്തകർ ആലോചിക്കുന്നുണ്ടെന്നാണു വിവരം.

related stories