Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിപ്പിച്ചു പാൽ കുടിപ്പിച്ചപ്പോൾ

Sherin-mathew-and-Dad

ഡാലസ് (യുഎസ്)∙ യുഎസിലെ വടക്കന്‍ ടെക്സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്‍ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്‌ലി മൊഴി നൽകിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി. പുതിയ മൊഴിയെത്തുടർന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപ്, ഒരു ടാബ്‌, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.