Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് സഞ്ചാരി സന വാഹനാപകടത്തിൽ മരിച്ചു; കൊലപാതകമെന്ന് അമ്മ

sana-iqbal സന ഇഖ്ബാൽ. ചിത്രം: ഫെയ്സ്ബുക്

ഹൈദരാബാദ്∙ ബൈക്ക് യാത്ര ഹരമാക്കിയ സന ഇഖ്ബാൽ (29) ചൊവ്വാഴ്ച ഹൈദരാബാദിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ആത്മഹത്യയ്ക്കും വിഷാദ രോഗത്തിനുമെതിരെ ബോധവൽക്കരണവുമായി ഒറ്റയ്ക്ക് ഇന്ത്യയൊട്ടാകെ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണു സന. ഭർത്താവിനൊപ്പം യാത്ര ചെയ്യവെയാണ് അപകടം. പരുക്കേറ്റ ഭർത്താവ് അബ്ദുൽ നദീം ചികിൽസയിലാണ്. രണ്ടു വയസ്സുള്ള അലി മകനാണ്.

അതേസമയം, സനയുടേത് അപകടമരണമല്ലെന്നും ഭർത്താവ് അബ്ദുൽ നദീം നടത്തിയ ആസൂത്രിത കൊലപാതകമാണെന്നും അമ്മ ആരോപിച്ചു. ഭർത്താവും ഭർതൃമാതാവും ചേർന്നു സനയെ പീഡിപ്പിച്ചിരുന്നതായും അമ്മ പറയുന്നു. നദീമും അമ്മയും നടത്തുന്ന പീഡനത്തെക്കുറിച്ചു സന സുഹൃത്തുക്കൾക്ക് എഴുതിയെന്നു പറയപ്പെടുന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാൽ അതിനു കാരണക്കാർ നദീമും അമ്മയുമാണെന്നു സന്ദേശത്തിൽ പറയുന്നു.

ഭർത്താവിനൊപ്പം കാറിൽ യാത്ര ചെയ്യവെ ചൊവ്വ പുലർച്ചെ 3.30നാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽവച്ച് അപകടമുണ്ടായത്. കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നദീമാണു കാർ ഓടിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ സനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ നദീം ചികിൽസയിലാണെന്നു നർസിംങ്ങി പൊലീസ് ഇൻ‍സ്പെക്ടർ ജി.വി.രമണ ഗൗഡ് അറിയിച്ചു.

ആത്മഹത്യയ്ക്കും വിഷാദരോഗത്തിനുമെതിരെ ബോധവൽക്കരണം നടത്താൻ 2015 നവംബറിലാണു സന തന്റെ ബുള്ളറ്റിൽ ഇന്ത്യ മുഴുവൻ ഒറ്റയ്ക്കു 38,000 കിലോമീറ്റർ സഞ്ചരിച്ചത്.