Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

Pappu

പെരുമ്പാവൂർ ∙ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ചനിലയിൽ കണ്ടെത്തി. അസുഖബാധിതനായതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്നു. പെരുമ്പാവൂർ ചെറുകുന്നിലുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാലിനു രോഗം ബാധിച്ചതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന പാപ്പു വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

കേസിലെ മഹസർ സാക്ഷി ഇരിങ്ങോൾ വട്ടോളിപ്പടി പുത്തൻകുടി പി.എം. സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജിഷയുടെ അയൽവാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.

ജിഷാവധക്കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിലാണ്. പ്രതി അമീറുൽ ഇസ്‌ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂർത്തിയാക്കി. സാക്ഷിമൊഴികളുടെയും പൊലീസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെയും വെളിച്ചത്തിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട 921 ചോദ്യങ്ങൾ ദ്വിഭാഷിയുടെ സഹായത്തോടെ കോടതി പ്രതിയോടു ചോദിച്ചു. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂർത്തിയായത്.

പ്രതിഭാഗം സാക്ഷികളുടെ പട്ടിക അടുത്ത ദിവസങ്ങളിൽ അമീറുൽ ഇസ്‌ലാമിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കും. 2016 ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്.