Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണനേട്ടം പരത്താൻ സംസ്ഥാന സർക്കാർ വിദേശ മാധ്യമങ്ങളെ കൊണ്ടുവരുന്നു

oman-media

തിരുവനന്തപുരം∙ സ്വയം പുകഴ്ത്തൽ സിപിഎമ്മിനുള്ളിൽ വൻ വിവാദമായി തുടരുന്നതിനിടെ, സ്വന്തം നേട്ടങ്ങൾ കൊട്ടിഘോഷിക്കാൻ സംസ്ഥാന സർക്കാർ അരക്കോടിയോളം രൂപ മുടക്കി വിദേശ മാധ്യമപ്രവർത്തകരെ കൊണ്ടുവരുന്നു. യുഎസ്, ചൈന, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 15 വിദേശ, ദേശീയ മാധ്യമപ്രവർത്തകരാണ് അടുത്ത മാസം എത്തുക. കേരളത്തിൽ സിപിഎമ്മിന്റെ വളർച്ച, യുഎസിലെ വാഷിങ്ടൺ പോസ്റ്റ് ദിനപത്രം മന്ത്രി തോമസ് ഐസക്കിലൂടെ അവതരിപ്പിച്ചത് പാർട്ടിയുടെ അതൃപ്തിക്കിടയാക്കിയിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ സമഗ്രവളർച്ചയിൽ മുഖ്യമന്ത്രി അടക്കമുള്ള ഭരണനേതൃത്വങ്ങളുടെ പങ്കു പ്രചരിപ്പിക്കുകയാണു നീക്കത്തിന്റെ ലക്ഷ്യം. 

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച, വ്യവസായികളുമായി സംവാദം, കേരള മാതൃകകൾ നേരിട്ടറിയൽ തുടങ്ങിയവയാണു പരിപാടി. കേരളത്തെ കൊലക്കളമായി ചിത്രീകരിക്കാൻ ദേശീയ മാധ്യമ റിപ്പോർട്ടർമാരെ ബിജെപി കേരളത്തിലെത്തിച്ചതിനു തിരിച്ചടി കൂടിയായാണിത്. 

ബ്രിട്ടിഷ് ചാനൽ ബിബിസി, രാജ്യാന്തര വാർത്താ ഏജൻസികളായ റോയിട്ടേഴ്സ്, എഎഫ്പി, ഫ്രഞ്ച് പത്രം ലേ മോൺഡേ, യുഎസ് വാർത്താ ചാനൽ ഫോക്സ് ന്യൂസ്, ചൈനയിലെ പത്രങ്ങളായ ചൈന ഡെയ്‌ലി, ഗ്ലോബൽ ടൈംസ്, റഷ്യൻ ടാബ്ലോയ്ഡ് കോംസോമോൾസ്ക്യ പ്രവ്ദ, യുഎഇയിലെ ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ്, ഖത്തറിലെ അൽ ജസീറ ചാനൽ, കുവൈത്ത് ടൈംസ് എന്നിവയുടെ പ്രതിനിധികൾ സംഘത്തിലുണ്ടാകും. ഡിഎൻഎ, രാജസ്ഥാൻ പത്രിക, ഹിന്ദുസ്ഥാൻ ടൈംസ്, ദിനതന്തി, ഇൗനാട്, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, സിഎൻഎൻ ഐബിഎൻ, ദ് ടെലിഗ്രാഫ്, അമർ ഉജാല തുടങ്ങിയ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളുമുണ്ടാകും. 

വിമാന യാത്രയ്ക്കായി 10 ലക്ഷവും താമസത്തിന് എട്ടു ലക്ഷവും ഭക്ഷണത്തിന് ആറു ലക്ഷവും വിനോദത്തിനു രണ്ടു ലക്ഷവും യാത്രകൾക്കു നാലു ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ആകെ അരക്കോടിയെങ്കിലും  ചെലവാകുമെന്നാണു കണക്കുകൂട്ടൽ.