തിരുവനന്തപുരം ∙ വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ ആഡംബര കാർ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന പരാതിയിൽ ഹാജരാകാൻ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്. അമല പോൾ തായ്‍ലൻഡിലാണെന്ന മറുപടിയാണു ലഭിച്ചത്. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് ഉന്നതർ പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ എട്ടിനു ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കൈമാറി. പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്രമക്കേടു സംബന്ധിച്ചു മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറി.
നേരത്തേ നടൻ സുരേഷ് ഗോപിക്കു മോട്ടോർ വാഹന വകുപ്പ് നോട്ടിസ് നൽകിയിരുന്നു. പുതുച്ചേരിയിൽ തനിക്കു ഫ്ലാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി മറുപടി നൽകിയത്. ഉദ്യോഗസ്ഥർ ചെന്നപ്പോൾ അതു പൂട്ടിയനിലയിലായിരുന്നു. പുതുച്ചേരി പൊലീസിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരൻ. സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
ഇടനിലക്കാരും കുടുങ്ങും
ആഡംബര കാറുകളുടെ വിൽപന ഉറപ്പാക്കാൻ പുതുച്ചേരി റജിസ്ട്രേഷനു പ്രേരിപ്പിക്കുന്നത് കാർ ഡീലർമാരുടെ ഷോറൂമിലെ ജീവനക്കാരാണെന്നു കണ്ടെത്തി. ഒരു കോടി രൂപ വിലയുള്ള കാർ കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ 20 ലക്ഷം രൂപ നികുതി വരുമ്പോൾ പുതുച്ചേരിയിൽ ഒരു ലക്ഷം മതി. ഡീലർമാരുടെ ജീവനക്കാരാണു പുതുച്ചേരിയിലെ ഇടനിലക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. ഇടനിലക്കാർ രേഖകൾ തരപ്പെടുത്തും. നേരത്തേ 25,000 രൂപയായിരുന്നു കമ്മിഷൻ. ഏജന്റുമാരുടെ എണ്ണം കൂടിയതോടെ 10,000 രൂപ നൽകിയാൽ മതി.
നികുതി വെട്ടിച്ചത് ഏഴായിരത്തിലേറെ കാറുടമകൾ
പത്തു വർഷത്തിനിടെ കേരളത്തിൽ വിൽപന നടത്തിയ ഏഴായിരത്തിലേറെ കാറുകൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം. ഇത്തരം വെട്ടിപ്പു നടത്തുന്നവരെല്ലാം ഉന്നതരായതിനാലാണു നടപടിക്കു സർക്കാർ മടിക്കുന്നത്. അതേസമയം പുതുച്ചേരി സർക്കാരിനു സാമ്പത്തിക നേട്ടമാണ്. അതിനാൽ മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ട രേഖകൾ അവിടത്തെ ഉദ്യോഗസ്ഥർ നൽകുന്നില്ല. ഈയിടെ തയാറാക്കിയ കണക്കു പ്രകാരം കേരളത്തിലെ 1700 കാറുകൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ട്.