Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരെല്ലാം തുല്യരാണെന്ന വിശുദ്ധ മതമായിരുന്നു ഇന്ദിരയുടേത്: സോണിയ

Indira Ghandi

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികത്തിൽ ഐക്യഭാരത സന്ദേശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന മതമായിരുന്നു ഇന്ദിരയുടേത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ദിര ശ്രമിച്ചിട്ടില്ലെന്നും സോണിയ പറഞ്ഞു.

‘പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോൾ അവർക്കു ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയെന്ന മാതൃഭൂമിയുടെ മക്കളായ എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന വിശുദ്ധ മതം. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കാനുള്ള ശ്രമങ്ങളെ അവരെതിർത്തു. മതനിരപേക്ഷതയ്ക്കായി പോരാടി. ഇന്ത്യയുടെ സമ്പന്നമായ നാനാത്വത്തിന് അവർ തിളക്കമേറ്റി.

ഇന്ദിരാജിയെ ‘ഉരുക്കുവനിത’ എന്ന് വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉരുക്കിന്റെ ദൃഢത അവരുടെ ഒരു സ്വഭാവഗുണം മാത്രമാണ്. മഹാമനസ്കതയും മനുഷ്യത്വവുമാണ് പ്രധാന സ്വഭാവ വിശേഷങ്ങൾ. ശരിയാണ് അവർ പോരാടിയിരുന്നു, എന്നാൽ അത് വ്യക്തിപരമായ നേട്ടങ്ങൾക്കായിരുന്നില്ല. പ്രത്യയശാസ്ത്രത്തിനായും ഗൂഢതാത്പര്യങ്ങൾക്കും അജൻഡകൾക്കും എതിരെയുമായിരുന്നു അവരുടെ പോരാട്ടങ്ങൾ.

ഭയപ്പെടുത്തി സമ്മർദം ചെലുത്തുന്നതും അനധികൃതമായ ഇടപെടലുകളും ഇന്ദിരാജി ഒരു തരത്തിലും അംഗീകരിച്ചിരുന്നില്ല. അതവരുടെ അടിസ്ഥാന പ്രകൃതമാണ്. എല്ലാത്തരം യുദ്ധങ്ങളിലും പ്രചോദനമായത് ഈ ശൈലിയാണ്. ഇന്ദിരയുടെ വികാരമായിരുന്നു ഇന്ത്യ. ദരിദ്രരെയും അടിച്ചമർത്തപ്പെടുന്നവരെയും അവർ ആഴത്തിൽ സഹായിച്ചു.

പിതാവിന്റെ ഉപദേശങ്ങൾ വ്യതിചലിക്കാതെ ഇന്ദിരാജി പിന്തുടർന്നു. 16 വർഷം അവർ രാജ്യത്തെ നയിച്ചു. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ദാരിദ്ര്യം മുതൽ ഭീകരവാദവും യുദ്ധവും വരെ അവർ ധൈര്യത്തോടെ നേരിട്ടു. ഇന്ത്യയെ ഐക്യത്തിലൂടെ ശക്തമാക്കാൻ ജീവിതം അർപ്പിച്ചു– സോണിയ ഗാന്ധി പറഞ്ഞു.

ജന്മദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ദിര ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ഫൊട്ടോഗ്രാഫി പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയ. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവരും പങ്കെടുത്തു. പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികദിനം കോൺഗ്രസ് സമുചിതമായി ആഘോഷിച്ചപ്പോൾ, കേന്ദ്ര സര്‍ക്കാർ വലിയ പ്രധാന്യം കൊടുത്തില്ല.