Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; കേരളത്തിലെ വലിയ ലഹരിവേട്ട

Cocaine

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 3.69 കിലോഗ്രാം കൊക്കെയ്നുമായി പാരഗ്വായ് സ്വദേശി പിടിയിൽ. രാജ്യാന്തര ലഹരി മരുന്നു സംഘത്തിലെ കണ്ണി അലക്സിസ് റെഗലാഡോ ഫെർണാണ്ടസ് (30) ആണ് അറസ്റ്റിലായത്. അലക്സിസ് ഇന്ത്യയിലെത്തിയത് ആദ്യമായാണെന്നു പാസ്പോർട്ടിൽ കാണുന്നെങ്കിലും ഇയാൾക്ക് ഒന്നിലേറെ പാസ്പോർട്ടുകൾ ഉള്ളതായി സൂചനയുണ്ട്.

ആദ്യം നാലു കോടിയോളം രൂപയാണ് കൊക്കെയ്നു മൂല്യം കണക്കാക്കിയത്. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമുള്ള പുനർമൂല്യനിർണയത്തിൽ 15 കോടിയോളം രൂപ വരുമെന്ന് കണക്കാക്കി. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ലഹരി മരുന്നു പിടിത്തമാണിതെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. കഴിഞ്ഞ മാസം ചെന്നെയിൽ നിന്ന് ഇതേ അളവിൽ കൊക്കെയ്ൻ മറ്റൊരു വിദേശിയിൽനിന്നു പിടികൂടിയിരുന്നു. കൊച്ചിയിൽ പിടികൂടിയ കൊക്കെയ്ൻ ഏറ്റവും മുന്തിയ ഇനമാണെന്നു എൻസിബി വ്യക്തമാക്കി.

ഞായറാഴ്ച രാത്രി ബെംഗളുരു വഴി ഗോവയ്ക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതാണ് അലക്സിസ്. ദേഹ പരിശോധനക്കിടെ സിഐഎസ്എഎഫ് ഇൻസ്പെക്ടർ ജി.ശ്രീനിവാസ റാവുവിനു സംശയം തോന്നി വിശദ പരിശോധന നടത്തി. പരിശോധനയിൽ വയറിന്റെ ഭാഗത്തു നിന്നും കണങ്കാലിന്റെ മുകൾ ഭാഗത്തു നിന്നുമായി പാഡിലൊളിപ്പിച്ച വിധത്തിൽ അഞ്ചു പാക്കറ്റുകളിലായി ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തി. തുടർന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ വിവരമറിയിച്ചു. ബ്രസീലിലെ സാവോ പോളോയിൽ നിന്നു ദുബായ് വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്.

related stories