Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി പുതിയ മുഖം; നീണ്ട 46 വർഷങ്ങൾക്കു ശേഷം കലൈഞ്ജർ കറുത്ത കണ്ണട മാറ്റി

M-Karunanidhi പുതിയ കണ്ണടയുമായി എം.കരുണാനിധി. ചിത്രത്തിനു കടപ്പാട്: ട്വിറ്റർ

ചെന്നൈ∙ തമിഴ്നാടിനെ കോരിത്തരിപ്പിച്ച ഡിഎംകെ നേതാവ് എം.കരുണാനിധി ‘കാഴ്ചപ്പാട്’ മാറ്റുന്നു. കരുണാനിധി എന്നു കേൾക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ദൃശ്യമുണ്ട്; വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത കട്ടിക്കണ്ണടയും ധരിച്ചൊരാൾ. എന്നാൽ, തന്റെ മുഖത്തിന്റെ ഭാഗമായ ആ കറുത്ത കണ്ണട മാറ്റിയിരിക്കുകയാണ് 93കാരനായ കലൈഞ്ജർ.

‘എൻ ഉയിരിനും മേലാന ഉടൻപിറപ്പുകളേ..’ എന്നു പറഞ്ഞു പ്രസംഗം തുടങ്ങുന്ന കരുണാനിധിയുടെ തിരിച്ചറിയൽ അടയാളമായിരുന്നു കറുത്ത കണ്ണട. അഞ്ചും പത്തുമല്ല, നീണ്ട 46 വർഷമായി കലൈഞ്ജറെ ആ കണ്ണടയില്ലാതെ ലോകം കണ്ടിട്ടില്ല. പ്രായാധിക്യത്തിന്റെ അവശതകളാൽ പൊതുപരിപാടികൾ ഒഴിവാക്കി വീട്ടിൽ കഴിയുന്ന കരുണാനിധിയോടു ഡോക്ടറാണു കണ്ണട മാറ്റണമെന്നു പറഞ്ഞത്.

ആദ്യം വിസമ്മതിച്ചെങ്കിലും ഡോക്ടറുടെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി. ഇറക്കുമതി ചെയ്ത ഇളംകറുപ്പ് കണ്ണടയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മകൻ എം.കെ.തമിഴരശന്റെ ആവശ്യപ്രകാരം 40 ദിവസമെടുത്താണു കരുണാനിധിക്ക് അനുയോജ്യമായ ഫ്രെയിം കണ്ടെത്തിയതെന്നു വിജയ ഒപ്ടിക്കൽസ് സിഇഒ ശേഷൻ ജയരാമൻ പറഞ്ഞു. കനം കുറഞ്ഞ, ജർമൻ ഫ്രെയിം ആണ് കലൈഞ്ജർക്കായി പ്രത്യേകം വരുത്തിയത്.