Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Pinarayi Vijayan

കൊച്ചി∙ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമർശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ ഹർജിയും മന്ത്രിമാരുടെ ബഹിഷ്കരണവും ഇതിനു തെളിവെന്ന് ഹർജിയിൽ പറയുന്നു. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹർജി നൽകിയത്.

നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയത്, മന്ത്രിസഭാ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നായിരുന്നു വിലയിരുത്തൽ.

മന്ത്രിക്കു സ്വന്തം സർക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കിൽ, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേൾവിയില്ലാത്ത കാര്യമാണത്. സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.