Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരം: വിമർശിച്ച് കാനം

kanam-rajendran2

കൊച്ചി∙ സിപിഐയെ ആരു വിമർശിച്ചാലും അതുപോലെ മറുപടി നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി എം.എം.മണി കേരളത്തിന്റെ ചരിത്രം പഠിക്കണം. മുന്നണി മര്യാദ എന്താണെന്നു സിപിഎം പറയട്ടെയെന്നും കാനം പറഞ്ഞു. സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് മന്ത്രി മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടി പ്രശ്നത്തിൽ മുന്നണി മര്യാദയില്ലാതെയാണു സിപിഐ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു കാനം.

ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്കേർപ്പെടുത്തിയ വിലക്കിനെയും കാനം വിമർശിച്ചു. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനെത്തുന്നതിനു മുൻപാണ് മാധ്യമങ്ങളെ തടഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെ നിൽക്കാൻ മാധ്യമപ്രവർത്തകരെ സാധാരണ അനുവദിക്കാറുണ്ട്. എന്നാൽ ബുധനാഴ്ച രാവിലെ എത്തിയപ്പോൾ മാധ്യമങ്ങളെ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു.

അതേസമയം, സിപിഐക്കെതിരെ ആഞ്ഞടിച്ച മുൻ എംപി കെ.ഇ.ഇസ്മയിലിന്റെ പ്രതികരണം ബുധനാഴ്ച സിപിഐ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. സിപിഐയുടെ മന്ത്രിസഭാ ബഹിഷ്കരണത്തെ കുറിച്ചായിരുന്നു പ്രതികരണം. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും ഇസ്മയിൽ നിലപാടെടുത്തിരുന്നു. ഇസ്മയിലിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

വിമർശനങ്ങൾക്കു മുന്നിൽ ചൂളുന്നത് എന്തിന്: പന്ന്യൻ രവീന്ദ്രൻ

മാധ്യമങ്ങൾ സെക്രട്ടേറിയറ്റിൽ കയറാന്‍ പാടില്ലെന്ന തീരുമാനമുണ്ടെങ്കില്‍ അതു തെറ്റാണെന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. വിമർശനങ്ങളോട് എന്താണിത്ര വിഷമം. വിമർശനങ്ങൾക്കു മുന്നിൽ ചൂളുന്നത് എന്തിനാണ്. അതിനെ സത്യാവസ്ഥ പറഞ്ഞു നേരിടുകയാണു വേണ്ടത്. സമൂഹത്തിലെ അഴുക്കുകൾ കുടി അറിയിക്കുക മാധ്യമങ്ങളുടെ ജോലിയാണ്. വാർത്ത തരില്ല എന്നു വേണമെങ്കിൽ പറയാം. കയറാൻ പാടില്ലെന്നു പറയാൻ പാടില്ല. വിലക്കുണ്ടെങ്കിൽ അതു പുനഃപരിശോധിക്കണം. സെക്രട്ടേറിയറ്റ് പത്രക്കാർക്കു കയറാൻ പറ്റാത്ത ഇടമെന്ന് പറയുമ്പോൾ അതു വേറേ വല്ല ലോകവുമാണോ. ജവഹർലാൽ നെഹ്റു അന്നത്തെ പത്രങ്ങളിൽ വന്ന വിമർശനങ്ങളെ സ്വീകരിച്ചിരുന്നയാളാണ്. വിമർശനങ്ങളെ സ്വീകരിച്ചിരുന്ന എത്രയോ നേതാക്കന്മാരുണ്ടായിരുന്നെന്നും പന്ന്യൻ കൊല്ലത്തു പറഞ്ഞു.