Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കൊപ്പം ദിലീപ് ദുബായിൽ; റസ്റ്ററന്റ് ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട്

Dileep ദിലീപിനെ വിമാനത്താവളത്തിൽ സുഹൃത്തുക്കൾ സ്വീകരിച്ചപ്പോൾ.

കൊച്ചി∙ ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ഹൈക്കോടതിയുടെ പ്രത്യേകാനുമതിയോടെ നടൻ ദിലീപ് ദുബായിലെത്തി. അമ്മ സരോജവും അദ്ദേഹത്തിനൊപ്പമുണ്ട്. ഇരുവരെയും സുഹൃത്തുക്കൾ ഹൃദ്യമായി സ്വീകരിച്ചു. ഇരുവരും പിന്നീട് താമസ സ്ഥലത്തേക്കു പോയി. ഇതെവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപിനൊപ്പമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മീനാക്ഷിക്ക് പരീക്ഷയായതിനാലാണ് ഇൗ തീരുമാനം മാറ്റിയതെന്നറിയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് ഈ യാത്ര.

അതേസമയം, നാദിർഷാ ചൊവ്വാഴ്ച രാവിലെ റസ്റ്ററന്റിൽ മാധ്യമപ്രവർത്തകരെ കണ്ടു പ്രവർത്തനങ്ങൾ വിശദീകരിച്ചു. എന്നാൽ, ദിലീപ് വൈകിട്ടോടെ ഇവിടെ എത്തുമെന്നാണു പ്രതീക്ഷ. ദിലീപും നാദിർഷയും കൂടാതെ, യുഎഇയിൽ നിന്നുള്ള അഞ്ചു പേരും ചേർന്നാണ് റസ്റ്ററന്റ് ആരംഭിക്കുന്നത്. ദിലീപിന്റ അമ്മയടക്കം അഞ്ച് അമ്മമാർ ചേർന്ന് ബുധനാഴ്ച വൈകിട്ട് ഏഴിന് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യും.

നാലുദിവസം വിദേശത്തു തങ്ങാനായി ആറുദിവസത്തേക്കു പാസ്പോർട്ട് വിട്ടുനൽകാനാണു ഹൈക്കോടതി നിർദേശിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ എത്തി ദിലീപ് പാസ്പോർട്ട് വാങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോൺ വിദേശത്തേക്കു കടത്തിയെന്നു പൊലീസിനു സംശയമുണ്ട്. അതുകൊണ്ടു തന്നെ ദിലീപിന്റെ വിദേശയാത്രയെയും സംശയത്തോടെയാണു പൊലീസ് കാണുന്നത്.