Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസർഷിപ്പ് റദ്ദാക്കി; എസ് ദുര്‍ഗ ഗോവയിൽ പ്രദർശിപ്പിക്കില്ല, കേരളത്തിലും അനിശ്ചിതത്വം

Sexy Durga

പനജി‌∙ മലയാള ചിത്രം എസ് ദുർഗയ്ക്കു നേരെ വീണ്ടും കേന്ദ്ര സർക്കാർ. ഗോവ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി വിധിച്ച സെക്സി ദുർഗ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റീജനൽ സെൻസർ ബോർഡ് റദ്ദാക്കി. മേള അവസാനിക്കുന്നതിനു മണിക്കൂറുകൾ മാത്രം ശേഷിച്ചിരിക്കെ, ചിത്രം പ്രദർശിപ്പിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ഒഴിവാക്കലിനു പിന്നാലെയാണ് അപ്രതീക്ഷിതമായ നടപടി. പേരു സംബന്ധിച്ച് വീണ്ടും പരാതിയുയർന്നതിനെ തുടർന്നാണ് സെൻസർഷിപ്പ് റദ്ദാക്കിയത്. ചിത്രത്തിന്റെ പേര് സെക്സി ദുർഗ എന്നത് മാറ്റി എസ് ദുർഗ എന്നാക്കാമെന്നും മൂന്നു തെറി വാക്കുകൾ നീക്കാമെന്നുമുള്ള ഉറപ്പിലാണു സെൻസർ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം ഗോവയിൽ സിനിമ കണ്ട ജൂറി, ചിത്രത്തിന്റെ പേര് എസ്###ദുർഗ എന്നാണു നൽകിയിരിക്കുന്നതെന്നു കണ്ടെത്തി. ഇതു ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ചിത്രം വീണ്ടും സെൻസർ ചെയ്യണമെന്ന അറിയിപ്പ് സംവിധായകൻ സനൽകുമാർ ശശിധരനു റീജനൽ സെൻസർ ബോർഡ് ഓഫിസർ നൽകുകയായിരുന്നു.

ഹൈക്കോടതി വിധി പരമാവധി നടപ്പാക്കാൻ തങ്ങൾ ശ്രമിച്ചെന്നും എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ നിർവാഹമില്ലെന്നും ഗോവ മേളയുടെ ഡയറക്ടർ സുനിത് ടണ്ടൻ, സനൽകുമാർ ശശിധരനെ അറിയിച്ചു. ഈ ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഇവിടത്തെ പ്രദർശനത്തെയും ബാധിച്ചേക്കും

എസ് ദുർഗയുടെ സെൻസർഷിപ്പ് റദ്ദാക്കിയതായി കാണിച്ച് അണിയറ പ്രവർത്തകർ‌ക്കു റീജനൽ സെൻസർ ബോർഡ് അയച്ച നോട്ടിസ്.

ജൂറി തീരുമാനം മറികടന്ന് കേന്ദ്രം ഇടപെട്ട് എസ് ദുർഗ, ന്യൂഡ് എന്നീ ചിത്രങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സംവിധായകൻ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും സിനിമയും സഹിതം മേളയുടെ അധികൃതര്‍ക്ക് നേരിട്ടെത്തി സമര്‍പ്പിച്ചു. ആദ്യം മുതലേ നിസ്സംഗ മനോഭാവത്തിലായിരുന്ന പുതിയ ജൂറി, തിങ്കളാഴ്ച രണ്ടാമതും സിനിമ കണ്ടു.

എസ് ദുർഗയുടെ കാര്യം കോടതിയുടെ പരിഗണനയിൽ ആണെന്നായിരുന്നു ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവലിന്റെ പ്രതികരണം. പുതിയ നീക്കത്തിനെതിരെ സംവിധായകൻ സനൽകുമാർ, ചിത്രത്തിലെ നായകൻ കണ്ണൻ നായർ തുടങ്ങിയവർ ഗോവയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചിത്രങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നേരത്തേ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് അടക്കം മൂന്നു ജൂറി അംഗങ്ങള്‍ രാജിവച്ചിരുന്നു. ഒട്ടേറെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് എസ് ദുർഗ.

ഇതിനിടെ, എസ്.ദുര്‍ഗ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ പറഞ്ഞു. ഫാസിസ്റ്റ് നിലപാടുകള്‍ക്ക് എതിരെയുള്ള മറുപടിയായാണ് സിനിമ പ്രദര്‍ശിപ്പിക്കുകയെന്നും കമല്‍ അറിയിച്ചു. ചിത്രത്തിന്റെ സെന്‍സര്‍ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ എസ്.ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിന് താത്പര്യമില്ലെന്ന് സംവിധായകന്‍ തീരുമാനം എടുത്തതോടെ മേളയിൽ സിനിമ ഉൾപ്പെട്ടിരുന്നില്ല. തീരുമാനത്തോടു സമ്മതമാണെന്നു പറഞ്ഞ സനൽകുമാർ, സമാന്തരമായി സംഘടിപ്പിച്ചിട്ടുള്ള കാഴ്ച ഫിലിം ഫെസ്റ്റിലും സിനിമ കാണിക്കുമെന്ന് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.