കൊച്ചി ∙ കാത്തുകാത്തിരുന്ന് സീസണിലെ മൂന്നാം മൽസരത്തിൽ വിരുന്നെത്തിയ ആദ്യ ഗോളിന്റെ ആവേശത്തിനിടയിലും ബ്ലാസ്റ്റേഴ്സിനെ വിടാതെ സമനിലക്കുരുക്ക്. തുടർച്ചയായ മൂന്നാം ഹോം മൽസരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി എഫ്‌സിയാണ് ഇത്തവണ സമനിലയിൽ തളച്ചത്. ആദ്യ രണ്ടു മൽസരങ്ങളിലും ഗോൾരഹിത സമനില ആയിരുന്നെങ്കിൽ മുംബൈയ്ക്കെതിരെ ഒരു ഗോളടിച്ച് ഒന്നു തിരിച്ചുവാങ്ങിയാണ് സമനില വഴങ്ങിയതെന്ന വ്യത്യാസം മാത്രം.
14-ാം മിനിറ്റിൽ മാർക്കോസ് സിഫ്നിയോസ് നേടിയ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ 77-ാം മിനിറ്റിൽ ബൽവന്ത് സിങ് നേടിയ ഗോളിലൂടെയാണ് മുംബൈ തളച്ചത്. അതേസമയം, അവസാന മിനിറ്റുകളിൽ മൽസരത്തിലെ രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയ മലയാളി താരം സി.കെ. വിനീത് ചുവപ്പുകാർഡുമായി പുറത്തായത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. മൽസരം അവസാനിക്കാൻ ഒരു മിനിറ്റു ശേഷിക്കെയായിരുന്നു ഇത്.
സമനിലയോടെ മൂന്നു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. നാലു മൽസരങ്ങളിൽനിന്ന് നാലു പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി തൊട്ടു മുന്നിലുണ്ട്. ഈ മാസം ഒൻപതിന് ഗോവയ്ക്കെതിരെ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. അതിനുശേഷം 15ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയിൽ തിരിച്ചെത്തും.
ആദ്യ പകുതിയിൽ നിറഞ്ഞു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് മുംബൈ സിറ്റി എഫ്‌സി തളച്ചത്. ആദ്യ പകുതിയിൽ സി.കെ. വിനീത് ഉൾപ്പെടെയുള്ള താരങ്ങൾ പാഴാക്കിയ സുവർണാവസരങ്ങളും അന്തിമഫലത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രണ്ടു സുവർണാവസരങ്ങൾ വിനീത് പാഴാക്കിയപ്പോൾ മികച്ച ചില മുന്നേറ്റങ്ങൾക്കൊടുവിൽ ലക്ഷ്യം മറന്ന കറേജ് പെകൂസനും നിരാശപ്പെടുത്തി.
ബ്ലാസ്റ്റേഴ്‌സ് നിറഞ്ഞാടിയ ആദ്യ പകുതി
ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഇയാൻ ഹ്യൂമിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി തന്റെ നാട്ടുകാരനായ മാർക്കോസ് സിഫ്നിയോസിനെ ഉൾപ്പെടുത്തിയാണ് റെനെ മ്യൂൻസ്റ്റീൻ മൂന്നാം മൽസരത്തിൽ ടീമിനെ കളത്തിലിറക്കിയത്. പരുക്കിൽനിന്ന് പിന്മാറിയെന്ന് വ്യക്തമാക്കിയ വെസ് ബ്രൗണിനെ പരിഗണിച്ചുമില്ല. 4-1-4-1 ശൈലിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കം.
പതിവുപോലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മികച്ച ചില മുന്നേറ്റങ്ങളോടെയാണ് മൽസരത്തിനു തുടക്കമായത്. 35,000ൽ അധികം വരുന്ന കാണികളുടെ പിന്തുണയോടെ സീസണിലെ ആദ്യ ഗോൾ തേടി ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇടിച്ചുകയറിയതോടെ മുംബൈ പ്രതിരോധത്തിന് പിടിപ്പതു പണിയായി. ആദ്യ പത്തു മിനിറ്റിനിടെ അവർ മൂന്നു കോർണറുകളും രണ്ടു ഫ്രീകിക്കുകളും വഴങ്ങിയെന്ന കണക്കിലുണ്ട് കളിയുടെ ഗതി. അവയിലൊന്നുപോലും പക്ഷേ ബ്ലാസ്റ്റേഴ്സിന് ഗോളാക്കി രൂപാന്തരപ്പെടുത്താനായില്ല.
എന്നാൽ, 14-ാം മിനിറ്റിൽ ആരാധകക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്സ് ആദ്യ വെടി പൊട്ടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ വലതുവിങ്ങിൽ റിനോ ആന്റോയിലേക്ക് പന്തെത്തുമ്പോൾ മുംബൈ താരങ്ങൾ അപകടം മണത്തിട്ടുണ്ടാവില്ല. എന്നാൽ, ഞൊടിയിടയിൽ കഥ മാറി. കാൽക്കലെത്തിയ പന്തിനെ തളികയിലെന്നവണ്ണം റിനോ മുംബൈ ബോക്സിലേക്ക് ഉയർത്തി വിടുമ്പോൾ അവിടെ കഴുകൻ കണ്ണുകളുമായി സിഫ്നിയോസ് കാത്തിരിപ്പുണ്ടായിരുന്നു. തടയാനെത്തിയ മുംബൈ താരത്തെ വട്ടം പിടിച്ച് സിഫ്നിയോസ് തൊടുത്ത ഹാഫ് വോളി മുംബൈ ഗോൾകീപ്പർ അമരീന്ദർ സിങ്ങിന്റെ പ്രതിരോധം തകർത്ത് പോസ്റ്റിലേക്ക് തുളച്ചുകയറുമ്പോൾ ആരാധകർ പൊട്ടിത്തെറിക്കുകയായിരുന്നു. 1-0ന് ബ്ലാസ്റ്റേഴ്സ് മുന്നിൽ.
തുടർന്നും മൽസരത്തിൽ മേധാവിത്തം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെ. ഗോളടിക്കുന്നതിനേക്കാൾ അവസരങ്ങൾ പാഴാക്കുന്നതിൽ താരങ്ങൾ മൽസരിച്ചതോടെ സ്കോർ മാറിയില്ലെന്നു മാത്രം. ഇടയ്ക്ക് ചില മികച്ച മുന്നേറ്റങ്ങളുമായി ഗാലറികളെ ആവേശത്തിലാഴ്ത്തിയ ഘാന താരം കറേജ് പെകൂസന് എല്ലായ്പ്പോഴും ലക്ഷ്യം മറന്നുപോയി. മലയാളി താരം സി.കെ. വിനീതിനും ലഭിച്ചു എണ്ണം പറഞ്ഞ ചില അവസരങ്ങൾ. എന്നാൽ കാര്യമുണ്ടായില്ലെന്നു മാത്രം. ക്യാപ്റ്റൻ ലൂസിയാൻ ഗോയന്റെ നേതൃത്വത്തിൽ മുംബൈയും ചില മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. എന്തായാലും ടീമെന്ന നിലയിൽ ബ്ലാസ്റ്റേസ് താരങ്ങൾ തകർത്തു കളിക്കുന്ന കാഴ്ച സമ്മാനിച്ചാണ് ആദ്യ പകുതി അവസാനിച്ചത്.
രണ്ടാം പകുതിയിൽ കളം പിടിച്ച് മുംബൈ
ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ പരുക്കിന്റെ ലക്ഷണം കാട്ടിയ റിനോ ആന്റോയ്ക്ക് പകരം പ്രീതം കുമാറിനെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി തുടങ്ങിയത്. ആദ്യ പകുതിയിൽ നിലയുറപ്പിക്കാൻ പാടുപെട്ട മുംബൈ രണ്ടാം പകുതിയിൽ തന്ത്രം മാറ്റി. കാമറൂൺ താരം അചില്ലെ എമാനെയുടെ നേതൃത്വത്തിൽ മുംബൈ താങ്ങൾ സംഘടിതമായ ആക്രമണങ്ങളുമായി കളം നിറഞ്ഞു. മുന്നേറ്റത്തിൽ നിറഞ്ഞു കളിച്ച ഇന്ത്യൻ താരം ബൽവന്ത് സിങ്ങും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.
രണ്ടാം പകുതിയിലും വിനീത് മികച്ചൊരു അവസരം പുറത്തേക്കടിച്ച് പാഴാക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി ഗോൾ പോസ്റ്റും അവതരിച്ചു. അപ്പോൾ കളിക്കു പ്രായം 56 മിനിറ്റ്. മുംബൈയുടെ ബ്രസീലിയൻ താരം എവർട്ടൻ സാന്റോസ് മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ തൊടുത്ത ഷോട്ട് ഗോൾകീപ്പർ പോൾ റെച്ചൂബ്കയെ മറികടന്നെങ്കിലും പോസ്റ്റിലിടിച്ചു തിരിച്ചുവന്നു. ഇത്തവണ പന്ത് റെച്ചൂബ്കയുടെ കയ്യിൽ ഭദ്രം. സ്റ്റേഡിയം ആശ്വാസത്തോടെ നെടുവീർപ്പിട്ട നിമിഷം.
മൽസരം മുറുകിയതോടെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ മ്യൂലൻസ്റ്റീൻ ടീമിൽ ചെറിയ അഴിച്ചുപണി വരുത്തി. ജാക്കിചന്ദ് സിങ്ങിനു പകരം സിയാം ഹങ്കലും സിഫ്‌നിയോസിനു പകരം ഇയാൻ ഹ്യൂമും കളത്തിലിറങ്ങി. കളിയിൽ കാര്യമായ മാറ്റമുണ്ടായില്ലെന്നു മാത്രം. രണ്ടാം പകുതിയിൽ മികച്ച കളി കെട്ടഴിച്ച മുംബൈയ്ക്ക് 77-ാം മിനിറ്റിൽ അർഹിക്കുന്ന സമനില ഗോൾ ലഭിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ വലതുവിങ്ങിൽനിന്നും എവർട്ടൻ സാന്റോസിന്റെ കിടിലൻ ക്രോസ്. പന്ത് പിടിക്കാനുള്ള ബൽവന്ത് സിങ്ങിന്റെ ശ്രമം തടയുന്നതിൽ സന്ദേശ് ജിങ്കാൻ പരാജയപ്പെടുന്നു. പോൾ റെച്ചൂബ്കയെ മറികടന്ന് ബൽവന്തിന്റെ കിടിലൻ ഫിനിഷിങ്. സ്റ്റേഡിയം നിശബ്ദം. സ്കോർ 1-1.
മൽസരം അവസാന മിനിറ്റുകളിലേക്കു കടന്നതിനു പിന്നാലെ മുംബൈ ബോക്സിനുള്ളിൽ അനാവശ്യ ഫൗളുമായി ചുവപ്പുകാർഡ് വാങ്ങിയ വിനീത് കളം വിട്ടതോടെ ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങി. ഇൻജുറി ടൈമായി അനുവദിച്ച നാലു മിനിറ്റിൽ 10 പേരുമായാണ് കളിച്ചതെങ്കിലും ഗോളിനായി സമ്മർദ്ദം ചെലുത്തിയത് ബ്ലാസ്റ്റേഴ്‌സ് തന്നെ. ഇൻജുറി ടൈമിൽ തുടർച്ചയായി കോർണറുകളും ഫ്രീകിക്കും വഴങ്ങിയാണ് മുംബൈ പ്രതിരോധം പിടിച്ചുനിന്നത്.
പ്രതീക്ഷ കാത്ത് സിഫ്നിയോസ്, വിശ്വാസം കാത്ത് റിനോ
ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട സാക്ഷാൽ ഹ്യൂമേട്ടനെ തഴഞ്ഞ് കഴിഞ്ഞ രണ്ടു മൽസരങ്ങളിലും പകരക്കാരുടെ ബെഞ്ചിലിരുന്ന മാർക്കോസ് സിഫ്നിയോസിന് ആദ്യ ഇലവനിൽ അവസരം നൽകിയ പരിശീലകൻ മാർക്കോസ് സിഫ്നിയോസിന്റെ കുശാഗ്രബുദ്ധിയുടെ ഫലമായിരുന്നു സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. ആദ്യ രണ്ടു മൽസരങ്ങളിലും കുറഞ്ഞ സമയം മാത്രം കളിക്കാൻ അവസരം ലഭിച്ച സിഫ്നിയോസ്, ഇത്തവണ കിട്ടിയ അവസരം മുതലെടുത്തു. എല്ലാംകൊണ്ടും ഹോളണ്ടുകാരനായ ആശാന്റെ പ്രതീക്ഷ കാത്തു ഹോളണ്ടുകാരൻ ശിഷ്യൻ!
‘റിനോ ആന്റോ, വി ട്രസ്റ്റ് യു’ എന്നെഴുതിയ പോസ്റ്ററുമായി കളി കാണാനെത്തിയ ആരാധകരും ഫോമിലല്ലാത്തതിന്റെ ലക്ഷണങ്ങൾ കാട്ടിയിട്ടും മൂന്നാം മല്‍സരത്തിലും ‘കൈവിടാതിരുന്ന’ പരിശീലകനും തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത റിനോയ്ക്കും കൊടുക്കണം ഫുൾ മാർക്ക്! ഗോളിനോളം ചന്തമുണ്ടായിരുന്നു വലതുവിങ്ങിൽനിന്നും റിനോ നൽകിയ ആ ക്രോസിനും. റിനോ നൽകിയ ക്രോസിന് ഗോളിന്റെ ചന്തം ചാർത്തിയത് സിഫ്നിയോസാണെങ്കിലും റിനോയ്ക്കും കിട്ടി ആരാധക മനസ്സുകളിൽ ഇടം. ആദ്യ പകുതിയുടെ അവസാനം പരുക്കിന്റെ ലാഞ്ചന കാട്ടിയ റിനോയെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കോച്ച് പിൻവലിക്കുകയും ചെയ്തു.