Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊഹാലിയിൽ കണക്കുതീർത്ത് ഇന്ത്യ; 141 റൺസ് ജയം, രോഹിതിന് ചരിത്ര നേട്ടം

Mahendra Singh Dhoni ശ്രീലങ്കയ്ക്കെതിരെ രോഹിതിന്റെ ബാറ്റിങ്.

മൊഹാലി ∙ ധരംശാല ഏകദിനത്തിലെ ശ്രീലങ്കയുടെ വിജയം മഴക്കാലത്ത് മണ്ണിരയൊന്നു കൊഴുത്തതു പോലെയേ ഉള്ളൂവെന്ന് തെളിയിച്ച് മൊഹാലിയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. കരിയറിലെ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറിയുമായി രണ്ടാം വിവാഹവാർഷികം കെങ്കേമമാക്കിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ ഉയർത്തിയ 393 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 141 റൺസിന്റെ കൂറ്റൻ വിജയം കുറിച്ച ഇന്ത്യ പരമ്പരയിൽ 1–1ന് സന്ദർശകർക്ക് ഒപ്പമെത്തുകയും ചെയ്തു.

സ്കോർ: ഇന്ത്യ – 50 ഓവറിൽ നാലിന് 392. ശ്രീലങ്ക – 50 ഓവറിൽ എട്ടിന് 251

ക്യാപ്റ്റന്റെ ഇന്നിങ്സുമായി കളം നിറഞ്ഞ രോഹിതിനു തകർപ്പൻ അർധസെഞ്ചുറികളുമായി പിന്തുണ നൽകിയ ഓപ്പണർ ശിഖർ ധവാൻ (68), ശ്രേയസ് അയ്യർ (88) എന്നിവരും ഇന്ത്യൻ ഇന്നിങ്സിലെ നിറമുള്ള കാഴ്ചയായപ്പോൾ, കരിയറിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ഏഞ്ചലോ മാത്യൂസിന്റെ ഒറ്റയാൾ പോരാട്ടത്തിലൊതുങ്ങി ശ്രീലങ്കയുടെ മറുപടി. 132 പന്തിൽ ഒൻപതു ബൗണ്ടറികളും മൂന്നു സിക്സും ഉൾപ്പെടെ 111 റൺസെടുത്ത മാത്യൂസ് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചാഹൽ 10 ഓവറിൽ 60 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഏകദിന അരങ്ങേറ്റം കുറിച്ച വാഷിങ്ടൻ സുന്ദർ ലഹിരു തിരിമാന്നയെ പുറത്താക്കി കന്നി വിക്കറ്റ് പോക്കറ്റിലാക്കി.

അസേല ഗുണരത്‌നെ (30 പന്തിൽ 34), നിരോഷൻ ഡിക്ക്‌വല്ല (20 പന്തിൽ 22), ലഹിരു തിരിമാന്നെ (35 പന്തിൽ 21), ഗുണതിലക (19 പന്തിൽ 16) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ലങ്കൻ താരങ്ങൾ. ഉപുൽ തരംഗ (14 പന്തിൽ ഏഴ്), തിസാര പെരേര (മൂന്ന് പന്തിൽ അ‍ഞ്ച്), പതിരണ (എട്ടു പന്തിൽ രണ്ട്), അഖില ധനഞ്ജയ (17 പന്തിൽ 11) എന്നിവർ നിരാശപ്പെടുത്തി. 22 പന്തിൽ 11 റൺസെടുത്ത സുരംഗ ലക്മൽ, മാത്യൂസിനൊപ്പം പുറത്താകാതെ നിന്നു.

മൂന്നാം ഏകദിന ഇരട്ടസെഞ്ചുറി, ചരിത്രം

153 പന്തിൽ 13 ബൗണ്ടറികളും 12 സിക്സും ഉൾപ്പെടെ കരിയറിലെ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറി കുറിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. സന്തോഷാശ്രുക്കളോടെ ഗാലറിയിൽ സാക്ഷി നിന്ന ഭാര്യ റിഥികയ്ക്കുള്ള വിവാഹസമ്മാനം കൂടിയായി രോഹിതിന്റെ പ്രകടനം.

ഏകദിനത്തിലെ അരങ്ങേറ്റം ദുരന്തപൂർണമായെങ്കിലും അതിന്റെ വിഷമമത്രയും കഴുകിക്കളയുന്ന പ്രകടനത്തോടെ കളം നിരഞ്ഞ യുവതാരം ശ്രേയസ് അയ്യർ (70 പന്തിൽ ഒൻപതു ബൗണ്ടറികളും രണ്ടു സിക്സും ഉൾപ്പെടെ 88), ഓപ്പണർ ശിഖർ ധവാൻ (67 പന്തിൽ ഒൻപതു ബൗണ്ടറികളോടെ 68) എന്നിവർ ക്യാപ്റ്റനു മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ധവാനൊപ്പം 115 റൺസിന്റെ കൂട്ടുകെട്ട് തീർത്ത രോഹിത്, രണ്ടാം വിക്കറ്റിൽ അയ്യർക്കൊപ്പം 213 റണ്‍സിന്റെ കൂട്ടുകെട്ടും തീർത്തു.

റൺനിരക്കുയർത്താനുള്ള ശ്രമത്തിൽ ധോണി (അഞ്ചു പന്തിൽ ഏഴ്), ഹാർദ്ദിക് പാണ്ഡ്യ (അഞ്ചു പന്തിൽ എട്ട്) എന്നിവർ പെട്ടെന്നു മടങ്ങിയെങ്കിലും അപ്പോഴേക്കും ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയിരുന്നു. ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ തിസാര പെരേര മൂന്നു വിക്കറ്റ് വീഴ്ത്തി.

related stories