Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിത്തിരിവാകാൻ ഗുജറാത്ത്; ബിജെപി വിജയിക്കും, കോൺഗ്രസ് നില മെച്ചപ്പെടുത്തും

Modi Gujarat

ന്യൂഡൽഹി∙ ഗുജറാത്ത് എന്നും വഴിത്തിരിവാണ്. ഗുജറാത്ത് നിയമസഭയിലേക്ക് ഇന്നു പൂർത്തിയായ തിരഞ്ഞെടുപ്പും വഴിത്തിരിവാകുമെന്നാണ് നിരീക്ഷകരുടെ കണക്കു കൂട്ടൽ. കേന്ദ്രത്തിൽ അധികാരത്തിന്റെ മൂന്നാം വർഷം പിന്നിട്ട നരേന്ദ്ര മോദിക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനും  ഈ പടിഞ്ഞാറൻ ഭൂമി നിർണായകമാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായാണ് മോദിയും ബിജെപി നേതൃത്വവും ഗുജറാത്ത് ഫലത്തെ കാണുന്നത്.

Gujarat Exit Poll
Himachal Exit poll

അതേസമയം രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണർവുണ്ടായ കോൺഗ്രസിനു ഗുജറാത്തിലൊരു മുന്നേറ്റം ഉണ്ടാക്കാനായാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയെ തളയ്ക്കാൻ കഴിയും എന്ന വിശ്വമാണുള്ളത്. ഫലത്തിൽ നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായി ഗുജറാത്ത് തിരഞ്ഞെടുപ്പു മാറി. മറ്റു പാർട്ടികൾക്കൊന്നും അടിത്തറയില്ലാത്ത ഗുജറാത്തിൽ  ബിജെപി–കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണ്. എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലും ബിജെപി മികച്ച വിജയം നേടുമെന്നാണ്.

ബിഹാറിലെ നിയമസഭാ തോൽവിക്കു ശേഷം യുപിയിലും ഉത്തരാഖണ്ഡിലും തകർപ്പൻ വിജയം നേടിയാണ് ബിജെപിയും മോദിയും തങ്ങളുടെ കരുത്തു തെളിയിച്ചത്. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയെ പോലും അതിജീവിച്ചു നേടിയ ഈ വിജയത്തോടെ, ഗുജറാത്തിലും ഹിമാചലിലും തങ്ങൾക്ക് എതിരാളികളില്ലെന്ന തോന്നലിലായിരുന്നു ബിജെപി. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതിലെ പിഴവുകളുടെ ആരോപണ പെരുമഴയിൽ പതറിയ ബിജെപിയെയാണ് ഗുജറാത്തിൽ കണ്ടത്. ഒപ്പം സംസ്ഥാനത്തെ സമുദായ സംഘടനകൾ എതിരാവുകയും ചെയ്തതോടെ  അതിന്റെ നേട്ടം കൊയ്യാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 

പാർട്ടി അധ്യക്ഷൻ അമിത്ഷായുടെയും പ്രധാനമന്ത്രിയുടെയും സ്വന്തം തട്ടകത്തിൽ തിരിച്ചടി നൽകാനുള്ള ശ്രമത്തിലാണ് കോൺഗ്രസും കൂട്ടാളികളും. ഇരുപതു വർഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ ഐക്യത്തിനു ശ്രമിച്ച കോൺഗ്രസ് ദലിത്, പിന്നാക്ക വിഭാഗങ്ങളെയും ഗുജറാത്തിലെ പ്രബല സമുദായമായ പട്ടേൽമാരെയും കൂടെ നിർത്താൻ നടത്തിയ ശ്രമം വിജയിച്ചാൽ അത് ബിജെപിക്കുള്ള തിരിച്ചടിയാവും. കൊട്ടിഘോഷിച്ച് ‘ഗുജറാത്ത് മോഡൽ’ ഇല്ലെന്നു വരുത്താ‍ൻ കൂടി ഇതുവഴി സാധ്യമായാൽ അത് കോൺഗ്രസിനുള്ള പുതിയ പാതയൊരുക്കലായി ഈ തിരഞ്ഞെടുപ്പ് ഫലം മാറും. 

മോദി കേന്ദ്രത്തിലേക്ക് പോയതോടെ  ഗുജറാത്തിലെ  പ്രാദേശിക നേതൃത്വവും ദുർബലമായത് ബിജെപിക്കു തിരച്ചടിയായാണ് വിലയിരുത്തുന്നത്. അധ്യക്ഷ പദവിയേറ്റ ശേഷം അമിത്ഷാ സ്വന്തം നാട്ടിൽ നേരിട്ട ആദ്യ ജനവിധി എന്ന നിലയിലും ഇത്തവണത്തെ തിരഞ്ഞെടുപ്പു ശ്രദ്ധേയമാണ്. ജനപ്രിയരല്ലാത്ത മുഖ്യമന്ത്രി രൂപാണിയെയും ഉപമുഖ്യൻ നിതൽ പട്ടേലിനെയും ചർച്ച ചെയ്യിക്കാതെ, ആരാണ് മുഖ്യമന്ത്രി സ്ഥാനാർഥി എന്നു പ്രഖ്യാപിക്കാത്ത അമിത് ഷാ തന്ത്രം തന്നെയാണ് ഗുജറാത്തിലും ബിജെപി പയറ്റിയതെന്നു വേണം പറയാൻ. 

Exit Poll

ഗുജറാത്തിൽ 1995നു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും വിജയം നേടിയെങ്കിലും ബിജെപിയുടെ വോട്ടു വിഹിതം ഓരോ തവണയും നേരിയ തോതിൽ കുറയുന്നതാണ് ചരിത്രം. എന്നാൽ കഴിഞ്ഞ  ലോക്സഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ടു നേടിയാണ് ബിജെപി സംസ്ഥാനത്തെ മൊത്തം ലോക്സഭാ സീറ്റും സ്വന്തമാക്കിയത്. അതാണ് ബിജെപിയുടെ ആത്മവിശ്വാസമെങ്കിലും  ഇതെല്ലാം കണക്കുകൾ മാത്രമാണെന്ന് കഴിഞ്ഞ വർഷം നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പു സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ  26ൽ 20 പരിഷത്തും പിടിക്കാൻ കഴിഞ്ഞതാണ് കോൺഗ്രസിനു പ്രതീക്ഷ നൽകുന്നത്.

പട്ടേൽ പ്രക്ഷോഭം ആളിക്കത്തി നിന്നതിന് തൊട്ടു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടിയായിരുന്നു. ഗ്രാമങ്ങളിൽ നേട്ടം കൊയ്യാനായത് ഇത്തവണയും ആവർത്തിക്കാമെന്ന പ്രതീക്ഷയും ജിഎസ്ടിക്കെതിരെ ഉയർന്ന വികാരവും വോട്ടാകും എന്ന പ്രതീക്ഷയാണ് കോൺഗ്രസിന്.  ബിജെപി വിരുദ്ധ ശക്തികളെ കോർത്തിണക്കി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാൻ സാധിച്ചത് കോൺഗ്രസിനു പ്രതീക്ഷ നൽകുന്നു. തങ്ങൾക്കുള്ള ശക്തമായ സംഘടനാ അടിത്തറയും മോദിക്കുള്ള ജനപിന്തുണയും വിജയം ആവർത്തിക്കാൻ സഹായിക്കും എന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ.

150 സീറ്റെന്ന സ്വപ്ന സംഖ്യയുമായി ബിജെപി അധ്യക്ഷൻ അമിത്ഷാ ഗുജറാത്തിൽ കളം നിറഞ്ഞെങ്കിലും രാഹുലിന്റെയും പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെയും നേതൃത്വത്തിൽ കോൺ‍ഗ്രസിനും മികച്ച മുന്നേറ്റം നടത്താനായത് ഷായുടെ സ്വപ്നങ്ങളെ തകർത്തുവെന്നുവേണം പറയാൻ. എന്നാൽ ഈ മുന്നേറ്റം തിരഞ്ഞെടുപ്പു വിജയമായി മാറുമോ എന്നു കണ്ടറിയണം. 

ആദ്യഘട്ടത്തിലെ പോളിങ്ങിലെ കുറവ് തങ്ങൾക്ക് അനുകൂലമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പട്ടേൽ മേഖലകളിൽ വോട്ടിങ് കുറഞ്ഞതും തങ്ങൾക്കു ഗുണം ചെയ്യും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ 52 മുതൽ 57 വരെയും  രണ്ടാം ഘട്ടത്തിൽ 52 മുതൽ 67 വരെയും സീറ്റിലാണ് ബിജെപി നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്.  എന്നാൽ നൂറിനടുത്തു സീറ്റ് നേടി അധികാരം പിടിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. 

40 വർഷം മുൻപ് ഗുജറാത്തിൽ കോൺഗ്രസിനെതിരെ വിജയം നേടിയ ജനതാസഖ്യമാണ്  ഒന്നര വർഷം കഴിഞ്ഞ് ഇന്ദിരാഗാന്ധിയെ തൂത്തെറിഞ്ഞെ ജനതാ മുന്നേറ്റമായി മാറിയത്. മൊറാർജിയുടെ നേതൃത്വത്തിൽ വിജയം  കുറിച്ച്  ജനതാ പരിഷത്തിൽ അന്ന് സാധാരണ പ്രവർത്തകനായിരുന്ന നരേന്ദ്ര മോദി ഇന്ന് ഇന്ത്യ ഭരിക്കുമ്പോൾ സ്വന്തം ഭൂമിയായ അതേ ഗുജറാത്തിൽ മോദി പ്രതിരോധത്തിന്റെ കവചം തീർക്കാൻ ക്ലേശിക്കുകയാണ്. എങ്കിലും പലപ്രഖ്യാപനം വരെ അദ്ദേഹത്തിന് ആശ്വാസം പകരാൻ എക്സിറ്റ് പോൾ ഫലങ്ങളുണ്ട്. ബിജെപി മികച്ച വിജയം നേടുമെന്നാണ് സർവേ ഫലങ്ങളെല്ലാം. അതെല്ലാം അതേപടി ഫലിക്കുമോ അതോ അട്ടിമറിക്കപ്പെടുമോ എന്നു കാത്തിരുന്നു തന്നെ കാണണം.

എക്സിറ്റ് പോളിൽ ബിജെപി

ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ ഫലം. ഗുജറാത്തിൽ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഗുജറാത്തിൽ 182 മണ്ഡലങ്ങളും ഹിമാചലിൽ 68 മണ്ഡലങ്ങളുമാണുള്ളത്. 2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി 119 സീറ്റുകളും കോൺഗ്രസ് 57 സീറ്റുകളുമാണ് നേടിയിരുന്നത്. ഹിമാചലിൽ 36 സീറ്റുകൾ കോൺഗ്രസും 26 സീറ്റുകൾ ബിജെപിയും നേടിയിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ:

ഇന്ത്യ ടിവി/ ടൈംസ് നൗ–വിഎംആർ

ബിജെപി അധികാരം നിലനിർത്തും. 109 സീറ്റുകൾ വരെ നേടും. കോൺഗ്രസ് നില മെച്ചപ്പെടുത്തും. 70 സീറ്റുകൾ വരെ നേടും

ടിവി 9/ റിപ്പബ്ലിക് ടിവി–സി വോട്ടർ

ബിജെപി 108 സീറ്റ്, കോൺഗ്രസ് 74 സീറ്റ്

ന്യൂസ് 24– ടുഡേയ്സ് ചാണക്യ

ബിജെപി: 135, കോൺഗ്രസ്: 47

സീ ന്യൂസ്/ ഇന്ത്യ ടുഡേ– ആക്സിസ്– എംവൈ ഇന്ത്യ

ബിജെപി: 99–113, കോൺഗ്രസ്: 68–82

എബിപി ന്യൂസ്–സിഎസ്ഡിഎസ്

ബിജെപി: 112–122, കോൺഗ്രസ്: 60–68

സഹാറ/ ന്യൂസ് എക്സ്–സിഎൻഎക്സ്

ബിജെപി: 110–120, കോൺഗ്രസ്: 65–75

ന്യൂസ് നേഷൻ

ബിജെപി: 124–128, കോൺഗ്രസ്: 52–26

ഹിമാചൽ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ: ആകെ 68 സീറ്റ്

ഇന്ത്യ ടിവി/ ടൈംസ് നൗ–വിഎംആർ

ബിജെപി: 51, കോൺഗ്രസ്: 16

ടിവി 9/ റിപ്പബ്ലിക് ടിവി–സി വോട്ടർ

ബിജെപി 41 സീറ്റ്, കോൺഗ്രസ് 25 സീറ്റ്

ന്യൂസ് 24– ടുഡേയ്സ് ചാണക്യ

ബിജെപി: 55, കോൺഗ്രസ്: 13

സീ ന്യൂസ്/ ഇന്ത്യ ടുഡേ– ആക്സിസ്– എംവൈ ഇന്ത്യ

ബിജെപി: 47–55, കോൺഗ്രസ്: 13–20

സഹാറ/ ന്യൂസ് എക്സ്–സിഎൻഎക്സ്

ബിജെപി: 42–50, കോൺഗ്രസ്: 18–24

എബിപി ന്യൂസ് സർവേ

ബിജെപി: 38, കോൺഗ്രസ്: 29, മറ്റുള്ളവർ: 1

ന്യൂസ് നേഷൻ

ബിജെപി: 43–47, കോൺഗ്രസ്: 19–23