Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലം നികത്തിയാൽ മൂന്നുവർഷം അഴിയെണ്ണും; ബിൽ മന്ത്രിസഭയിലേക്ക്

sand-filling

തിരുവനന്തപുരം∙ നെൽവയലും തണ്ണീർത്തടവും നികത്തുന്നതു ജാമ്യമില്ലാ വകുപ്പുപ്രകാരം ക്രിമിനൽ കുറ്റമാക്കുന്ന, നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമ കരടുഭേദഗതി ബിൽ അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വന്നേക്കും. മൂന്നുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാക്കണമെന്ന നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണു പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നത്.

വിവാദ വ്യവസ്ഥകൾ ഉൾപ്പെടുന്ന സാഹചര്യത്തിൽ ഇടതുമുന്നണിയിൽ ചർച്ചചെയ്ത ശേഷം മന്ത്രിസഭ അംഗീകരിച്ചാൽ മതിയെന്ന വാദവും ഉയർന്നിട്ടുണ്ട്. നിലവിൽ, നികത്തൽ ഉദ്യോഗസ്ഥർ കണ്ടെത്തിയാലും പിഴയടച്ചു കേസിൽനിന്ന് ഒഴിവാകാമായിരുന്നു. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ആലോചന.

പൊതു ആവശ്യത്തിനു നെൽവയലും തണ്ണീർത്തടവും നികത്തുമ്പോൾ പ്രാദേശിക ഭരണ സമിതികളുടെ അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥയുമുണ്ട്. വൻകിടക്കാർക്കു വയൽ നികത്താൻ സൗകര്യം ചെയ്യുന്നതിനാണു വ്യവസ്ഥയെന്നാണ് ആക്ഷേപം. പ്രാദേശിക നിരീക്ഷണ സമിതികളെ ഒഴിവാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. സമിതി പിരിച്ചുവിടാനുള്ള ശുപാർശ പിൻവലിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉയർന്നിരുന്നു. എന്നാൽ മന്ത്രി വി.എസ്.സുനിൽകുമാർ അടക്കമുള്ളവർ എതിർപ്പു പ്രകടിപ്പിച്ചതായാണു സൂചന. കൃഷിമേഖലയെ തകർക്കുന്നതാണു ഭേദഗതി ബിൽ എന്ന വാദവും ഉയർന്നിട്ടുണ്ട്.

2008 ഓഗസ്റ്റ് 12 വരെ നികത്തിയ വയലുകളിൽ‍ വീടുവയ്ക്കുന്നതിനു ക്രമപ്പെടുത്തൽ ഫീസ് ഈടാക്കി അനുമതി നൽകാനും വ്യവസ്ഥയുണ്ട്. എന്നാൽ വീടുവയ്ക്കുന്നതിനു 300 ചതുരശ്രമീറ്റർ വരെയും വ്യവസായ ആവശ്യത്തിനു 100 ചതുരശ്രമീറ്റർ വരെയും നികത്തിയതിനു ക്രമപ്പെടുത്തൽ ഫീസ് നൽകേണ്ടതില്ല. ഇതിനു മുകളിലാണെങ്കിൽ ഭൂമിയുടെ തറവിലയുടെ പകുതി ഫീസായി നൽകണം.

സർക്കാർ പദ്ധതിക്ക് വേഗത്തിൽ നികത്തൽ

സർക്കാർ പദ്ധതികൾക്കു നെൽവയൽ നികത്തേണ്ടിവന്നാൽ അതു വേഗത്തിലാക്കാൻ ഭേദഗതി ബില്ലിൽ വ്യവസ്ഥ. ഇതു സംബന്ധിച്ചു പ്രാദേശിക സമിതികൾ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ഈ കാലാവധി കഴിഞ്ഞാൽ സർ‌ക്കാരിനു തീരുമാനമെടുക്കാം. സ്വകാര്യ സംരംഭങ്ങൾക്കു വയൽ നികത്താൻ ബിൽ അനുമതി നൽകുന്നില്ല.

ഉടമ എതിർത്താലും തരിശുഭൂമിയിൽ കൃഷി

തദ്ദേശസ്ഥാപനങ്ങൾക്കോ അവ രൂപീകരിക്കുന്ന പാടശേഖര സമിതികൾക്കോ തരിശുഭൂമി ഏറ്റെടുത്തു കൃഷിചെയ്യാൻ അനുമതി നൽകുന്ന ഭേദഗതിയും ആലോചനയിലുണ്ട്്. ഇതിനായി ആദ്യം ഭൂഉടമയെ സമീപിക്കണം. ഉടമ അനുവദിച്ചില്ലെങ്കിൽ ആർഡിഒയ്ക്കു നിവേദനം നൽകാം. ഉടമ എതിർത്താലും ഭൂമി ഏറ്റെടുത്തു നൽകാൻ ആർഡിഒയ്ക്ക് അധികാരമുണ്ട്. രണ്ടുവർ‍ഷത്തിനുശേഷം ഉടമയ്ക്കു ഭൂമി വിട്ടുകൊടുക്കണം. സമിതിയാണു ഭൂമിയുടെ കരം അടയ്ക്കേണ്ടത്. ലാഭത്തിന്റെ 10% സമിതി എടുത്തശേഷം ബാക്കിതുക ഉടമയ്ക്കു നൽകണം.