Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടപ്പദവി വിവാദം: 20 എംഎൽഎമാരെ അയോഗ്യരാക്കി; എഎപിക്കു തിരിച്ചടി

arvind-kejriwal അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി ∙ ഉൾ‌പ്പോരുകളിൽ ഇടറി നിൽക്കുന്ന ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷൻ വക കനത്ത പ്രഹരം വീണ്ടും. ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കി. ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. ഇന്നു ചേർന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ സമ്പൂർണ യോഗത്തിലാണ് തീരുമാനം. എംഎൽഎമാരെ അയോഗ്യരാക്കാൻ രാഷ്ട്രപതിക്കു ശുപാർശ സമർപ്പിച്ചതായുള്ള റിപ്പോർട്ടുകളോട് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രതികരിച്ചില്ല. 

എഴുപത് അംഗ നിയമസഭയിൽ എഎപിക്ക് 66 എംഎൽഎമാരാണുളളത്. അതിനാൽ തന്നെ 20 എംഎൽഎമാരെ നഷ്ടപ്പെട്ടാലും എഎപി സർക്കാരിന് അത് ഭീഷണിയല്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം നിയമപരമായി നേരിടുമെന്ന് എഎപി വൃത്തങ്ങൾ പ്രതികരിച്ചു. അതേസമയം, കമ്മിഷൻ തീരുമാനം ബിജെപി കേന്ദ്രങ്ങൾ സ്വാഗതം ചെയ്തു. കമ്മിഷൻ നടപടികളുടെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജിവയ്ക്കണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജ്‍രിവാൾ സർക്കാർ 21 എഎപി എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. പാർലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്ന അഭിഭാഷകൻ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ എട്ടു വരെ 21 എഎപി എംഎൽഎമാർ പാർലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായാണ് ആരോപണം ഉയർന്നത്. 21 എംഎൽഎമാർക്കെതിരെയായിരുന്നു പരാതിയെങ്കിലും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ രജൗരി ഗാർഡനിലെ എംഎൽഎ സ്ഥാനം രാജിവച്ച ജർണൈൽ സിങ്ങിനെ കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു.

ആരോപണവിധേയരായ എംഎൽഎമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ, ഇവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. ആഭ്യന്തര പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ആംആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്.

നേരത്തെ, ആം ആദ്മി പാർട്ടിയിലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡൽഹി സർക്കാർ ഉത്തരവ് 2016 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിനു ലഫ്. ഗവർണറുടെ അനുമതിയില്ലെന്ന കാരണത്താലാണു ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ച് റദ്ദാക്കിയത്. ഡൽഹി കേന്ദ്രഭരണ പ്രദേശമാണെന്നും ലഫ്. ഗവർണറാണു ഭരണാധികാരിയെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഉത്തരവു റദ്ദാക്കിയത്. എംഎൽഎമാരെ നിയമിച്ച നടപടിക്കു ലഫ്. ഗവർണറുടെ അനുമതിയുണ്ടായിരുന്നില്ല.