Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ മറ്റന്നാൾ

AK Saseendran

തിരുവനന്തപുരം ∙ ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു തീരുമാനം. സത്യപ്രതിജ്ഞക്കായി ഗവർണർ പി.സദാശിവത്തോടു സർക്കാർ സമയം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ള ഗതാഗത വകുപ്പു ശശീന്ദ്രനു തിരികെ ലഭിക്കുമെന്നാണു സൂചന. മന്ത്രിപദത്തിൽ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന്റെ തിരിച്ചുവരവ്.

ശശീന്ദ്രനെ മന്ത്രിസഭയിൽ തിരികെയെടുക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും എൻസിപി കത്തു നൽകിയിരുന്നു. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു മന്ത്രിപദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനം തീരും മുൻപു ശശീന്ദ്രനെ മന്ത്രിസഭയിൽ തിരിച്ചെത്തിക്കണമെന്നാണ് എൻസിപിയുടെ താൽപര്യം. ഏഴിനാണു സമ്മേളനം തീരുന്നത്.

പുറത്തിരുന്നത് 10 മാസം

മന്ത്രിപദത്തിൽ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രൻ വീണ്ടും മന്ത്രിക്കസേരയിലേക്ക് വരുന്നത്. ഇൗ ചുരുങ്ങിയ കാലയളവിനുള്ളിൽ എൻസിപി എന്ന ചെറുപാർട്ടിക്കുള്ളിലും പുറത്തും നാടകീയ രാഷ്ട്രീയ നീക്കങ്ങളാണു കേരളം കണ്ടത്. ഫോൺകെണി കേസിൽ 2017 മാർച്ച് 26നാണു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി. 2017 മാർച്ച് 27ന് ജുഡീഷ്യൽ അന്വേഷണത്തിനു തീരുമാനം. 2017 ഏപ്രിൽ ഒന്നിനു ശശീന്ദ്രൻ രാജിവച്ച ഒഴിവിലേക്കു തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ. കായൽ കയ്യേറ്റ ആരോപണത്തെ തുടർന്നു നവംബർ 15ന് ഉച്ചയോടെ തോമസ് ചാണ്ടിയുടെ രാജി. 2018 ജനുവരി 27ന് ശശീന്ദ്രനെ കുറ്റമുക്തനാക്കി വിചാരണക്കോടതി വിധി.

തിരിച്ചെത്തുന്ന അഞ്ചാമൻ

ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തുന്ന അഞ്ചാമനായിരിക്കും എ.കെ.ശശീന്ദ്രൻ. എ.കെ.ആന്റണിയുടെ ഒന്നാം മന്ത്രിസഭയിൽനിന്ന് 1977 ഡിസംബർ 20, 21 തീയതികളിൽ രാജിവച്ച സി.എച്ച്.മുഹമ്മദ് കോയയും കെ.എം.മാണിയും 1978 ഒക്ടോബർ നാലിനും സെപ്റ്റംബർ 16നും മടങ്ങിയെത്തി.

മൂന്നാം കരുണാകരൻമന്ത്രിസഭയിൽനിന്ന് 1985 ജൂൺ അഞ്ചിനു രാജിവച്ച ആർ.ബാലകൃഷ്ണപിള്ള 1986 മേയ് 25നും അച്യുതാനന്ദൻ മന്ത്രിസഭയിൽനിന്ന് 2006 സെപ്റ്റംബർ നാലിനു രാജിവച്ച പി.ജെ.ജോസഫ് 2009 ഓഗസ്റ്റ് 17നും മടങ്ങിയെത്തി. ഒരുതവണ രാജിവച്ച പി.ജെ.ജോസഫ് 2010 ഏപ്രിൽ 30നു പുറത്താക്കപ്പെട്ടു.

related stories