കൊച്ചി∙ വിമാനയാത്ര പോലെയാകും ഇനി വേണാട് യാത്ര. കുഷ്യൻ സീറ്റുകൾ, എൽഇഡി ഡിസ്പ്ലേ, മോഡുലാർ ശുചിമുറി, ഫൂഡ് ട്രേ എന്നീ സൗകര്യങ്ങൾ. അപകടമുണ്ടായാൽ പരസ്പരം ഇടിച്ചു കയറാത്ത സെന്റർ ബഫർ കപ്ലിങ് (സിബിസി) സാങ്കേതികവിദ്യയുള്ള കോച്ചുകൾ. എസി കോച്ച് വിമാനത്തോടു കിടപിടിക്കും. പുതിയ കോച്ചുകളുമായുള്ള ആദ്യയാത്രയിൽ തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസിനു യാത്രക്കാർ സ്നേഹോഷ്മള വരവേൽപ്പാണു നൽകിയത്.
വിമാനത്തിലെ ബിസിനസ് ക്ലാസിനെ വെല്ലുന്ന മികച്ച സീറ്റുകളും ലെഗ് സ്പെയിസുമാണു എസി കോച്ചിൽ. അടുത്ത സ്റ്റേഷൻ എതാണെന്നു കാണിക്കുന്ന എൽഇഡി ഡിസ്പ്ലേയും ശുചിമുറി ഒഴിവുണ്ടെങ്കിൽ അതു കാണിക്കുന്ന കളർ ഇൻഡിക്കേറ്ററും കോച്ചുകളിലുണ്ട്. പുതിയ കോച്ച് ലഭിച്ചുവെന്ന കാര്യം യാത്രക്കാരിൽ പലരും വിശ്വസിക്കാൻ തയാറല്ലായിരുന്നു. ദക്ഷിണ റെയിൽവേ അധികൃതർ 2017ൽ പുറത്തിറക്കിയ കോച്ചുകൾ കേരളത്തിനു നൽകിയെങ്കിൽ കോച്ചിനെന്തെങ്കിലും കുഴപ്പം കാണുമെന്നായിരുന്നു ചിലരുടെ വിചാരം. തൊണ്ണൂറുകളിൽ നിർമിച്ച തുരുമ്പെടുത്ത കോച്ചുകൾ മാത്രം കണ്ടു ശീലിച്ച മലയാളികൾക്കു 2017ൽ നിർമിച്ച കോച്ചുകൾ ശരിക്കും അൽഭുതമായി.
പുതിയ കോച്ചുകളുമായുള്ള കന്നിയോട്ടത്തിൽ വഴി നീളെ സ്വീകരണം ഏറ്റുവാങ്ങിയാണു വേണാടിന്റെ യാത്ര. ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയത്തും എറണാകുളത്തും ട്രെയിനിനു സ്വീകരണം നൽകി. ലോക്കോപൈലറ്റ് കെ.വിജയൻ, അസിസ്റ്റന്റ് ലോക്കോപൈലറ്റ് കെ.വി.ജയേന്ദ്രൻ എന്നിവരെ യാത്രക്കാർ ഷാൾ അണിയിച്ചു ആദരിച്ചു. മധുരം വിതരണവും നടത്തി. സ്റ്റേഷൻ ഡയറക്ടർ ആർ.ഹരികൃഷ്ണൻ, സ്റ്റേഷൻ മാനേജർ രോഹിത് ചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
ട്രെയിൻ വൃത്തിയായി സൂക്ഷിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നാണു റെയിൽവേയുടെ ആവശ്യം. ഇതു പരിശോധിക്കാൻ സിസിടിവി ക്യാമറ ഏർപ്പെടുത്തണമെന്നു യാത്രക്കാർ പറഞ്ഞു. വേണാടിനു പുറമേ കണ്ണൂർ ഇന്റർസിറ്റി, പരശുറാം, ഏറനാട് എക്സ്പ്രസുകൾക്കും പുതിയ കോച്ചുകൾ അനുവദിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.