കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിക്കു പിൻവാതിലിലൂടെ ജയിൽ അടുക്കളയിലെ സ്പെഷൽ വിഭവങ്ങൾ. ഉദ്യോഗസ്ഥരുടെ മീൻകറി അടിച്ചുമാറ്റി സുനിക്കു നൽകാൻ ശ്രമിച്ച സഹതടവുകാരനെ കയ്യോടെ പിടികൂടി. അടുക്കളയ്ക്കു ചേർന്നുള്ള സെല്ലിൽ കഴിയുന്ന സുനിക്ക് പതിവായി സ്പെഷൽ വിഭവങ്ങൾ ആരുമറിയാതെ നൽകിയിരുന്ന തടവുകാരനെയാണു ജയിൽ അധികൃതർ പിടികൂടിയത്. ഉദ്യോഗസ്ഥർക്കു വേണ്ടി തയാറാക്കിയ മീൻകറി അഴികൾക്കിടയിലൂടെ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണു പിടിവീണത്. അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ഇയാളെ ഈ ചുമതലയിൽനിന്നു നീക്കി.
വിയ്യൂർ ജില്ലാ ജയിലിൽ കഴിയുന്ന സുനിക്ക് വഴിവിട്ട സഹായങ്ങൾ കിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണു സുനിയുടെ കൂട്ടുകാരൻ പിടിക്കപ്പെട്ടത്. ഹഷീഷ് കടത്തുകേസിലെ പ്രതിയാണിയാൾ. സുനിയുടെ അഭിഭാഷകന്റെ സുഹൃത്താണ് ഇയാൾക്കു വേണ്ടി ഹാജരാകുന്നതെന്നാണു വിവരം. ഒരു മാസം മുൻപ് രണ്ടുപേരുടെയും അഭിഭാഷകർ ജയിലിലെത്തി ഒരു മണിക്കൂറിലേറെ ഇവരുമായി കൂടിക്കാഴ്ച നടത്തി.
സ്ഥിരം കൂടിക്കാഴ്ചാ സ്ഥലം ഒഴിവാക്കി, ഓഫിസ് മുറിയിൽ ഇവർക്കു കൂടിക്കാഴ്ചയ്ക്കു ചില ഉദ്യോഗസ്ഥർ സൗകര്യമൊരുക്കി. അന്നു മുതലാണു സുനിക്കു പ്രത്യേക സൗകര്യങ്ങൾ ജയിലിൽ ലഭിച്ചു തുടങ്ങിയതെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഒരേ അടുക്കളയിലാണു ഭക്ഷണം പാകംചെയ്യുന്നതെങ്കിലും പാചകരീതി ഒന്നല്ല. തടവുകാർക്കുള്ള മീൻകറിയിൽ, പുഴുങ്ങിയ മീനും ചാറും വെവ്വേറെയാണു നൽകുന്നത്. മീൻ കഷണത്തിന്റെ എണ്ണം തെറ്റാതിരിക്കാനും ഉടഞ്ഞുപോയെന്നു തടവുകാർ പരാതിപ്പെടാതിരിക്കാനുമാണ് ഈ രീതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രണ്ടായി കൊടുക്കുന്നതിനാൽ മീൻകറിക്കു വലിയ രുചിയുണ്ടാകില്ല. എന്നാൽ, ഉദ്യോഗസ്ഥർക്കു വേണ്ടി മീൻകറിയുൾപ്പെടെ എല്ലാ വിഭവങ്ങളുമുണ്ടാക്കുന്നതു രുചികരമായ രീതിയിലാണ്. ഈ വിഭവങ്ങളാണു സുനിക്കു കൂട്ടുകാരൻ അഴികൾക്കിടയിലൂടെ നൽകിയിരുന്നത്.
ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ അടുക്കളയുടെ തൊട്ടുപിന്നിലുള്ള സെൽ തന്നെ സുനി സംഘടി പ്പിക്കുകയും ചെയ്തിരുന്നു. തടവുകാർക്കു സൗകര്യങ്ങൾ നൽകുന്നതു സംബന്ധിച്ചു വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ തമ്മിൽ തർക്കവും വാക്കേറ്റവും പതിവാണ്. ഇതിന്റെ ഫലമായാണു സുനിക്കു സ്പെഷൽ വിഭവങ്ങൾ നൽകിയ തടവുകാരനെ പിടികൂടിയത്.