Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബശ്രീ ബസാര്‍ ഡോട്ട് കോം: നാടന്‍ ഉല്‍പന്നങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

kudumbasree-bazaar

തിരുവനന്തപുരം ∙ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി വിരല്‍ത്തുമ്പിലും. ഗുണമേന്മയുടെ രുചിവൈവിധ്യങ്ങള്‍ മുഴുവന്‍ ഒറ്റ ക്ളിക്കില്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ ബസാര്‍ ഡോട്ട് കോം  എന്ന പേരില്‍ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തും. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ കഴിയുന്ന പദ്ധതി ഉടന്‍ നടപ്പാക്കും.           

ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുക എന്നതു ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കുടുംബശ്രീ കടക്കുന്നത്. സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 15,000 ലേറെ സൂക്ഷ്മസംരംഭങ്ങളാണ് നിലവിലുള്ളത്.  വിവിധതരം കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, മസാലകള്‍, വിവിധ തരം അച്ചാറുകള്‍, ജാമുകള്‍, സ്ക്വാഷുകള്‍, വെളിച്ചെണ്ണ, കരകൗശല വസ്തുക്കള്‍, കോസ്മെറ്റിക്സ്, ടോയ്‌ലറ്ററീസ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയവ കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നും മികച്ച ഗുണനിലവാരവും അതോടൊപ്പം ലേബലിങ്, പായ്ക്കിങ് എന്നിവയില്‍ പുതുമയും ആകര്‍ഷണീയതയും നിലനിര്‍ത്തുന്ന ഇരുനൂറോളം ഉല്‍പന്നങ്ങളാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങാനാകുന്നത്.

ഉല്‍പന്നങ്ങളുടെ സ്വീകാര്യതയേറുന്ന മുറയ്ക്ക് കൂടുതല്‍  ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള അവസരമൊരുക്കും. ഇതോടൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പാക്കാന്‍ സാധിക്കും. വിപണനത്തിനു തയ്യാറായിട്ടുള്ള എല്ലാ ഉല്‍പന്നങ്ങളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യൂണിറ്റിന്‍റെ പേര്, ഫോണ്‍നമ്പര്‍ എന്നിവയും വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി ഇതില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട സംരംഭകര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ സംസ്ഥാനമിഷന്‍  മാനേജര്‍ എന്നിവര്‍ക്ക് മെസേജ് ലഭിക്കും. ഓര്‍ഡര്‍ കിട്ടിയാല്‍ ഉല്‍പന്നങ്ങള്‍ തപാൽ ഓഫിസ് വഴി  ഉപഭോക്താവിന് സുരക്ഷിതമായി എത്തിച്ചു കൊടുക്കാനുള്ള ചുമതല അതത് സംരംഭകര്‍ക്കാണ്. ഇതിനായി കുടുംബശ്രീയും തപാല്‍ വിഭാഗവുമായി കരാറും ഒപ്പിട്ടു.

കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍ കൂടി ഉടന്‍ ആരംഭിക്കുന്നതോടെ ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ മേല്‍നോട്ടവും ചുമതലയും ഈ കേന്ദ്രങ്ങള്‍ വഴി നടത്താനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷനാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കിയത്.

related stories