Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മാണിക്യമലരായ പൂവി’: പാട്ടിനെതിരെ കേസെടുക്കുന്നത് വിലക്കി സുപ്രീംകോടതി

priya-warrier-2

ന്യൂ‍‍ഡൽഹി∙ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിനെതിരായ കേസിൽ എഫ്ഐആറിലെ തുടർ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ഗാനത്തിനെതിരായ ഹൈദരാബാദിലെ കേസാണ് തടഞ്ഞത്. മഹാരാഷ്ട്രയിലും പാട്ടിനെതിരെ കേസുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും പാട്ടിനെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. സിനിമയിലെ നായിക പ്രിയ വാരിയരും സംവിധായകൻ ഒമർ ലുലുവുമാണ് ഹർജി നൽകിയത്. കേസിൽ പിന്നീട് കോടതി വിശദമായ വാദം കേൾക്കും.

Read in English

ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനിൽ റാസ അക്കാദമിയും മഹാരാഷ്ട്രയിൽ ജൻജാഗരൺ സമിതിയും നൽകിയ പരാതികളിലാണു ഗാനത്തിനെതിരെ കേ‌സ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ‘മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു ഇസ്‍ലാമിനെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ അർഥം മാറുന്നുവെന്നും പരാതിയുണ്ട്. എന്നാൽ, ആരോപണത്തിൽ കഴമ്പില്ലെന്നും വർഷങ്ങളായി കേരളത്തിലെ മുസ്‍ലിംകൾ പാടിവരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാർ പറയുന്നത്.

വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാൽ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിൻ‌വലിച്ചു. പി.​എം.​എ. ജബ്ബാറിന്റെ വരികൾക്കു തലശ്ശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്കരിച്ച പാട്ടാണ് ഇപ്പോൾ വൈറലായത്.