Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖലിസ്ഥാൻ ഭീകരൻ ഇന്ത്യയിലേക്ക് എത്തിയത് എങ്ങനെ?; ട്രൂഡോയുടെ വിരുന്നിലേക്കും ക്ഷണം

Justin Trudeau, Sophie Trudeau, Jaspal Atwal ജസ്റ്റിൻ ട്രൂഡോ (ഇടത്); സോഫി ട്രൂഡോയും ജസ്പാൽ അത്‌വാളും

ന്യൂ‍ഡൽഹി∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഔദ്യോഗിക വിരുന്നിലേക്കു ഖലിസ്ഥാൻ ഭീകരനും ക്ഷണം. സംഭവം വിവാദമായതിനു പിന്നാലെ വിരുന്ന് കനേഡിയൻ അധികൃതർ റദ്ദാക്കി. ഖലിസ്ഥാൻ ഭീകരനായ ജസ്പാൽ അത്‌വാളിനാണ് വിരുന്നിലേക്കു ക്ഷണം കിട്ടിയത്. മാത്രമല്ല, അത്‌വാൾ ട്രൂഡോയുടെ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇന്തോ – കനേഡിയൻ വ്യവസായിയാണു ജസ്പാൽ അത്‌വാൾ.

ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളോടു ‘മൃദു’ സമീപനം സ്വീകരിക്കുന്ന ട്രൂഡോ സർക്കാരിനോട് ഇന്ത്യയ്ക്ക് അമർഷമുണ്ട്. അതിനൊപ്പം ഈ സംഭവവും കൂടിയായപ്പോൾ ഇന്ത്യൻ നിലപാട് കടുക്കാനാണു സാധ്യത. ഇതോടെയാണ് വിരുന്നു തന്നെ റദ്ദാക്കാൻ കാനഡ അധികൃതർ തീരുമാനിച്ചത്.

അത്‌വാളിനെ ഇത്തരമൊരു പരിപാടിക്ക് ഒരിക്കലും ക്ഷണിക്കരുതായിരുന്നുവെന്ന് ജസ്റ്റിൻ ട്രൂഡോയുടെ ഓഫിസ് അറിയിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ഓഫിസിനെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. കാനഡയുടെ ഇന്ത്യയിലെ ഹൈക്കമ്മിഷണർ നാദിർ പട്ടേലിന്റെ പേരിലാണ് അത്‌വാളിനുള്ള ക്ഷണക്കത്തു പോയിരിക്കുന്നത്. ന്യൂഡൽഹിയിൽ ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചിരുന്നത്.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആദ്യം വിസമ്മതിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ടെന്നു പിന്നീടു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.

വിരുന്നിലേക്ക് ജസ്പാൽ അത്‌വാളിനെ ക്ഷണിച്ച് ഹൈക്കമ്മീഷണർ അയച്ച ക്ഷണക്കത്ത്

അത്‌വാൾ – വധശ്രമക്കേസിലെ പ്രതി

1986ൽ‍ അകാലിദൾ നേതാവ് മൽകിയത്ത് സിങ് സിദ്ദുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് അത്‌വാൾ. കാനഡയിലെ വാൻകൂവർ ദ്വീപില്‍ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ സിദ്ദുവിനെ അത്‌വാൾ ഉൾപ്പെടെ മൂന്നുപേരാണ് ആക്രമിച്ചത്. പഞ്ചാബ് മന്ത്രിസഭയിലെ അംഗമായിരുന്നു സിദ്ദു അപ്പോൾ. ആക്രമണത്തിൽ പരുക്കേറ്റ സിദ്ദു പിന്നീട് രക്ഷപ്പെട്ടെങ്കിലും 1991ൽ പഞ്ചാബിൽ സിഖ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

രാജ്യാന്തര സിഖ് യൂത്ത് ഫെഡറേഷന്റെ (ഐഎസ്‌വൈഎഫ്) മുൻ അംഗമാണ് അത്‌വാൾ. സ്വതന്ത്ര സിഖ് രാജ്യം (ഖലിസ്ഥാൻ) സ്ഥാപിക്കാനുള്ള പ്രയത്നത്തിൽ മുൻപന്തിയുണ്ടായിരുന്നയാളാണു സിദ്ദു. ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്നീടു കാനഡ നിരോധിച്ചു. 2003ൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതുകൂടാതെ, ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ നിരന്തര വിമർശകനും ബ്രിട്ടിഷ് കൊളംബിയയിലെ ഇന്തോ – കനേഡിയൻ രാഷ്ട്രീയക്കാരനുമായ ഉജ്ജൽ ദോസാൻജിനെതിരെയുണ്ടായ മാരകമായ ആക്രമണത്തിനു പിന്നിലും അത്‌വാളാണ്. 1985 ഫെബ്രുവരിയിലായിരുന്നു സംഭവം. കനേഡിയൻ സർക്കാരിന്റെ നടപടിയിൽ താൻ ‘ഇതികർത്തവ്യതാമൂഡനായി’ ഇരിക്കുകയാണെന്ന് ദോസാൻഡ് അറിയിച്ചു. അതേസമയം, അത്‌വാളാണു കൃത്യം നടത്തിയതെന്നു സാങ്കേതികമായി തെളിയിക്കാനാകാത്തതിനാൽ കേസിൽ ഇതുവരെ ഇയാളെ ശിക്ഷിച്ചിട്ടില്ല.

അത്‌വാളിന് വീസ ലഭിച്ചത് എങ്ങനെ?

ഇന്ത്യൻ സർക്കാർ അത്‌വാളിനു വീസ അനുവദിച്ചത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഖലിസ്ഥാനി നേതാക്കളെയെല്ലാം കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുകയാണ്. സിഖ് വിഘടനവാദികളിലേക്ക് എത്താനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതിയിൽപ്പെടുത്തി ഇവരുടെ പേര് പട്ടികയിൽനിന്നു നീക്കം ചെയ്തോയെന്ന സംശയം ദേശീയ മാധ്യമങ്ങൾ ഉന്നയിക്കുന്നു.

ഈ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമാണുള്ളത്. എംബസികളിൽനിന്നും ഹൈക്കമ്മീഷനുകളിൽനിന്നുള്ള വീസ വിശദാംശങ്ങൾ ഈ ഡേറ്റാബേസിൽ അന്വേഷിക്കാറുണ്ട്. കരിമ്പട്ടികയിൽപ്പെടുത്തിയ ആളാണെങ്കിൽ വീസ അപേക്ഷ തള്ളിക്കളയാറുമുണ്ട്. ഇതാണു പട്ടികയിൽനിന്ന് ഇയാളുടെ പേര് നീക്കം ചെയ്തോയെന്ന ചോദ്യമുയരാൻ കാരണം.