Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അസമിൽ മുസ്‌ലിംകൾ വർധിക്കുന്നു’ – വിവാദ പരാമർശവുമായി സൈനിക മേധാവി

General Bipin Rawat

ന്യൂഡൽഹി∙ അസം ജനസംഖ്യയിൽ മുസ്‌ലിംകൾ വർധിക്കുന്നെന്നും മറ്റുമുള്ള വിവാദ പരാമർശവുമായി സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. മേഖലയിൽ പുതിയതായി ഉദിക്കുന്ന രാഷ്ട്രീയ പാർട്ടിക്കെതിരെയും റാവത്ത് പ്രസ്താവന നടത്തി. ബുധനാഴ്ച ഡൽഹിയിൽ നടന്ന സെമിനാറിലാണു റാവത്തിന്റെ പരാമർശം. ബംഗ്ലദേശിൽ നിന്നുള്ളവർ അസമിലേക്കും മറ്റും കടന്നെത്തുന്നതു സംബന്ധിച്ചും റാവത്ത് മുന്നറിയിപ്പു നൽകി. പാക്കിസ്ഥാൻ ചൈനയുടെ പിന്തുണയോടെ നടത്തുന്ന നിഴൽ യുദ്ധമാണിതെന്നും റാവത്ത് പറഞ്ഞു.

അതേസമയം, റാവത്തിന്റെ പരാമർശം ‘രാഷ്ട്രീയമായോ, മതപരമായ ഉള്ളതല്ലെന്ന്’ സൈനികവൃത്തങ്ങൾ വ്യക്തമാക്കി. അസമിലെ വിവിധ ജില്ലകളിൽ മുസ്‌ലിം ജനസംഖ്യ വർധിച്ചുവരുന്നതിനെക്കുറിച്ചും ബദ്രുദ്ദീൻ അജ്മല്‍ എന്നയാൾ നയിക്കുന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പാർട്ടിയുടെ വളർച്ചയെക്കുറിച്ചുമാണു റാവത്ത് പരാമർശം നടത്തിയത്.

bipin-rawat ജനറൽ ബിപിൻ റാവത്ത് സെമിനാറിൽ പങ്കെടുത്തു സംസാരിക്കുന്നു.

‘എഐയുഡിഎഫ് എന്ന ഒരു പാർട്ടിയുണ്ട്. അവരുടെ വളർച്ച ശ്രദ്ധിച്ചാൽ അറിയാം, ബിജെപി വർഷങ്ങളെടുത്തു വളർന്നതിനെക്കാൾ വേഗത്തിലാണ് അതിന്റെ വളർച്ച. 1984 ലെ പൊതു തി‍രഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടു സീറ്റേ ലഭിച്ചിരുന്നുള്ളൂ. അസമിൽ വളരെ വേഗത്തിലാണ് എഐയുഡിഎഫ് വളരുന്നത്’ – റാവത്ത് പറഞ്ഞു. 2005 ൽ രൂപീകരിക്കപ്പെട്ട എഐയുഡിഎഫിന് പാർലമെന്റിൽ മൂന്ന് അംഗങ്ങളും അസം നിയമസഭയിൽ 13 അംഗങ്ങളുമുണ്ട്.

‘മേഖലയിലെ ജനസംഖ്യാ തന്ത്രത്തെ ഇനി മാറ്റാനാകുമെന്നു തോന്നുന്നില്ല. ആദ്യം അഞ്ച് ജില്ലയായിരുന്നു, പിന്നീട് എട്ടായി, ഒൻപതായി. ഏതു സർക്കാർ ഭരിച്ചാലും ഇതുതന്നെയാണ് അവസ്ഥ’ – മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ലകൾ അസമിൽ വർധിക്കുന്നതിനെക്കുറിച്ച് റാവത്ത് വ്യക്തമാക്കി. ‘ബംഗ്ലദേശിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ചൈനീസ് പിന്തുണയോടെ പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധത്തിന്റെ ഭാഗമാണ്. ഈ മേഖല കയ്യടക്കാനാണ് അവരുടെ ശ്രമം. ബംഗ്ലദേശിൽനിന്നുള്ളവരുടെ കടന്നുവരവ് പരിശോധിക്കാൻ പൗരന്മാരുടെ ദേശീയ റജിസ്റ്റർ തയാറാക്കുന്നുണ്ട്.

മേഖലയുടെ വികസനം ഉറപ്പാക്കാൻ ശക്തമായ നടപടികളാണു കേന്ദ്രം എടുക്കുന്നത്. അതിൽ നിരവധിക്കാര്യങ്ങളും ഉൾപ്പെടുന്നു. മേഖലയിലെ ജനങ്ങളെ ‘സംയോജിപ്പിക്കാനുള്ള’ നടപടിക്രമങ്ങൾ നടക്കുകയാണ്. ഇതിനുശേഷം പ്രശ്നങ്ങളുണ്ടാക്കുന്നവരെ കണ്ടെത്തും’ – അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റാവത്തിന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. ‘സംയോജിപ്പിക്കലിനെയും വികസനത്തെക്കുറിച്ചും’ അദ്ദേഹം പറഞ്ഞുപോയെന്നേയുള്ളെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. എന്നാൽ റാവത്തിന്റേതു രാഷ്ട്രീയമായ പ്രസ്താവനയാണെന്നും അതു ഞെട്ടിക്കുന്നതാണെന്നും ബദ്രുദ്ദീൻ അജ്മൽ പറഞ്ഞു. ‘ബിജെപിയെക്കാൾ മറ്റൊരു പാർട്ടി വളരുന്നതിനെ സൈനിക മേധാവി ഭയക്കുന്നതെന്തിനാണ്? വലിയ പാർട്ടികളുടെ തെറ്റായ ഭരണനിർവഹണമാണ് എഐയുഡിഎഫ്, എഎപി തുടങ്ങിയ പാർട്ടികളുടെ വളർച്ചയെ സഹായിക്കുന്നത്’ – സമൂഹമാധ്യമമായ ട്വിറ്ററിലെഴുതിയ കുറിപ്പിൽ ബദ്രുദ്ദീൻ അജ്മൽ പറഞ്ഞു.