Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലേക്കു ചോദിച്ച ട്രെയിനുകൾ തമിഴ്നാട്ടിലേക്കു തിരിച്ച് വിട്ട് റെയിൽവേയുടെ ‘സഹായം’

train-3 Representational Image

കൊച്ചി∙ ദക്ഷിണ റെയിൽവേ ഉന്നതർ പാര വച്ചതോടെ കേരളത്തിനു പുതിയ ട്രെയിനുകൾ കിട്ടാനുള്ള സാധ്യത ഇല്ലാതായി. കേരളത്തിലേക്കു ട്രെയിനുകളൊന്നും വേണ്ടെന്നു ദക്ഷിണ റെയിൽവേ ഉന്നതൻ‍ അറിയിച്ചതിനാൽ തങ്ങൾക്കു പുതിയ ട്രെയിൻ അനുവദിക്കാൻ കഴിയില്ലെന്നു റെയിൽവേ ബോർഡ് പ്രതിനിധികൾ മുംബൈയിൽ നടക്കുന്ന ടൈംടേബിൾ കമ്മിറ്റി യോഗത്തിൽ നിലപാട് സ്വീകരിച്ചു. കേരളത്തിലേക്കു ഉത്തരേന്ത്യയിൽനിന്നുള്ള വിവിധ ഡിവിഷനുകൾ ചോദിച്ച ട്രെയിനുകൾ തമിഴ്നാട് വഴി തിരിച്ചു വിട്ടാണു ഉദ്യോഗസ്ഥർ കേരളത്തെ ‘സഹായിക്കുന്നത്’.

ജബൽപൂർ - തിരുവനന്തപുരം ട്രെയിൻ കേരളത്തിലേക്കു ശുപാർശ ചെയ്തിരുന്നതാണെങ്കിലും ദക്ഷിണ റെയിൽവേ ഇതു തിരുവനന്തപുരത്തിനു പകരം തിരുനെൽവേലിക്കാക്കി മാറ്റി. ഈസ്റ്റ് സെൻട്രൽ റെയിൽവേ തിരുവനന്തപുരത്തേക്കു ചോദിച്ച ലാൽകുഅ (ഉത്തരാഖണ്ഡ്) - തിരുവനന്തപുരം എക്സ്പ്രസും ദക്ഷിണ റെയിൽവേ വെട്ടി. ഉത്തരേന്ത്യൻ വിനോദ സഞ്ചാര കേന്ദ്രമായ നൈനിറ്റാളിനടുത്തുള്ള സ്ഥലമാണു ലാൽകുഅ. പുണെ - എറണാകുളം എക്സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരം വരെ നീട്ടാനുള്ള ശുപാർശയും കൊച്ചുവേളി ബിക്കാനീർ ആഴ്ചയിൽ മൂന്നു ദിവസമാക്കാനുള്ള ശുപാർശയും ദക്ഷിണ റെയിൽവേ അംഗീകരിച്ചിട്ടില്ല.

Indian Railway

പുതിയ ട്രെയിൻ ശുപാർശകളായ എറണാകുളം സേലം ഇന്റർസിറ്റി, എറണാകുളം രാമേശ്വരം എക്സ്പ്രസ്, കൊച്ചുവേളി ഗുവാഹത്തി പ്രതിവാര ട്രെയിൻ, കൊച്ചുവേളി നിലമ്പൂർ ട്രെയിൻ, മംഗളൂരു - രാമേശ്വരം എന്നീ ട്രെയിനുകൾക്കു ഇപ്പോഴത്തെ സാഹചര്യത്തിൽ അനുമതി ലഭിക്കില്ലെന്നാണു സൂചന. കേരളത്തിൽ ട്രെയിൻ നിർത്താൻ സ്ഥലമില്ലെന്നു പറഞ്ഞാണു കേരളത്തിനുള്ള ട്രെയിനുകൾ ഉദ്യോഗസ്ഥർ തമിഴ്നാടിനു വാങ്ങി കൊടുക്കുന്നത്. കേരളത്തിലേക്കു ശുപാർശ ചെയ്ത ട്രെയിനുകൾ ഫലത്തിൽ മധുരയിലേക്കും തിരുനെൽവേലിയിലേക്കും സർവീസ് നടത്തും.

കേരളത്തിൽ ട്രെയിൻ നിർത്താൻ സൗകര്യമില്ലെന്നു റെയിൽവേ ബോർഡിനു മുന്നിൽ പറയുകയും കേരളത്തിൽ വന്നു റെയിൽവേ ബോർഡ് ട്രെയിൻ നൽകിയില്ലെന്ന മലയാളികളെ പറഞ്ഞു പറ്റിക്കുകയുമാണു ദക്ഷിണ റെയിൽവേ ചെയ്യുന്നത്. പുതിയ ടെർമിനൽ നിർമിക്കാൻ പദ്ധതി ചോദിച്ചാൽ കേരളത്തിൽ പുതിയ ടെർമിനൽ വേണ്ട, കൊച്ചുവേളി ടെർമിനൽ ഉപയോഗ ശേഷിയുടെ 30% മാത്രമാണു ഉപയോഗിക്കുന്നതെന്നു ന്യായം നിരത്തും. 63 ട്രെയിനുകൾ കൈകാര്യം ചെയ്യാവുന്ന കൊച്ചുവേളിയിൽനിന്നു 17 ട്രെയിനുകൾ മാത്രമാണു ഇപ്പോൾ സർവീസ് നടത്തുന്നത്. ഇതു മറച്ചുവച്ചാണു ടെർമിനൽ സൗകര്യമില്ലെന്നു പറയുന്നത്. വാസ്തവം ഇതാണെന്നിരിക്കെ കേരളം സ്ഥിരമായി ചോദിക്കുന്നതും കേരളത്തിലേക്കു മറ്റു സോണുകൾ ചോദിക്കുന്നതുമായ ട്രെയിനുകൾ തട്ടിയെടുക്കാനുള്ള ഗൂഢനീക്കമാണു ചെന്നൈയിലെ ഉദ്യോഗസ്ഥർ നടത്തുന്നത്.

Indian Railway

ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ, പ്രിൻസിപ്പൽ ചീഫ് ഒാപ്പറേഷൻസ് മാനേജർ ഇദ്ദേഹത്തിന്റെ വലം കൈയ്യായി തിരുവനന്തപുരം ഡിവിഷനിൽ ഒാപ്പറേറ്റിങ് വിഭാഗത്തിലെ ജോലി ചെയ്യുന്ന ചില മലയാളി ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണു കേരളത്തിനെതിരെ ചരടു വലിക്കുന്നതെന്നാണ് ആക്ഷേപം. ജബൽപൂർ കന്യാകുമാരി ട്രെയിൻ കേരളത്തിലൂടെ സർവീസ് ആരംഭിക്കാൻ 2016ൽ ശുപാർശ വന്നപ്പോൾ ‘ടെർമിനൽ സൗകര്യമില്ലെന്ന’ മറുപടിയാണു ദക്ഷിണ റെയിൽവേ നൽകിയതെന്നു രേഖകൾ തെളിയിക്കുന്നു. കൊച്ചുവേളിയിൽ അന്നും ഇന്നും 17 ട്രെയിനുകൾ മാത്രമാണുള്ളത്.

1996ൽ സർവീസ് ആരംഭിച്ച പൂണെ എറണാകുളം ട്രെയിൻ മധ്യതിരുവിതാകൂറിൽനിന്നുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമാണ്. ട്രെയിൻ എറണാകുളത്തുനിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കു നീട്ടണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനാണു ദക്ഷിണ റെയിൽവേ ഇത്തവണയും പാര വച്ചിരിക്കുന്നതു പൂണെ മലയാളികൾ പറയുന്നു. കേരളത്തിലെ എംപിമാരുടെ കഴിവുകേടാണു റെയിൽവേ മേഖലയിലെ അവഗണനയ്ക്കു പ്രധാന കാരണമെന്നു പുണെ മലയാളി സംഘടന നേതാവ് ഹരിനാരായണൻ പറഞ്ഞു. കേരളത്തിനു വേണ്ടി ശക്തമായി വാദിക്കാൻ ആരുമില്ലെന്നതാണു സ്ഥിതി. 22113/114 കൊച്ചുവേളി - ലോകമാന്യതിലക് എക്സ്പ്രസ് പ്രതിദിനമാക്കാനുള്ള സെൻട്രൽ റെയിൽവേയുടെ ശുപാർശയ്ക്കു തടസം നിൽക്കുന്നതും ദക്ഷിണ റെയിൽവേയാണ്. 2015, 2016, 2017 വർഷങ്ങളിൽ ദക്ഷിണ റെയിൽവേ കേരളത്തിനു വേണ്ടി പുതിയ ട്രെയിനുകൾക്കൊന്നും ശുപാർശ ചെയ്തിട്ടില്ല. ട്രെയിൻ തമിഴ്നാട്ടിലേക്കാണെങ്കിൽ മാത്രമാണു കേരളത്തിൽനിന്നുള്ള ട്രെയിനുകൾ ബോർഡിനു സമർപ്പിക്കുന്ന അന്തിമ പട്ടികയിൽ ഇടം നേടുന്നത്. അതിനാലാണു ഇത്തവണ പതിവില്ലാതെ അഞ്ചു ട്രെയിനുകൾ പട്ടികയിലുണ്ടായിരുന്നത്. അഥവാ അവസാന നിമിഷം കേരളത്തിന് എന്തെങ്കിലും നൽകാൻ തീരുമാനിച്ചാലും സേലം, രാമേശ്വരം ട്രെയിൻ മാത്രമായിരിക്കും കിട്ടുക.

India Railway

2015, 2016, 2017 വർഷങ്ങളിൽ വിവിധ സോണുകൾ േകരളത്തിലേക്കു ശുപാർശ ചെയ്തതും ദക്ഷിണ റെയിൽവേ വെട്ടിയതുമായ ട്രെയിനുകൾ

∙ ശ്രീഗംഗാനഗർ (രാജസ്ഥാൻ) - കൊച്ചുവേളി

∙ ലാൽകുഅ (ഉത്തരാഖണ്ഡ്) - തിരുവനന്തപുരം

‌∙ കത്തഘോടം - കൊച്ചുവേളി
‌‌
∙ യശ്വന്ത്പൂർ - കൊച്ചുവേളി ദ്വൈവാര എക്സ്പ്രസ്

∙ ജബൽപൂർ - കൊച്ചുവേളി

Indian Railway

∙ ബീക്കാനിർ - കൊച്ചുവേളി ആഴ്ചയിൽ മൂന്നു ദിവസമാക്കുക

∙ പൂണെ - എറണാകുളം തിരുവനന്തപുരത്തേക്ക് നീട്ടുന്നത്.

∙ തിരുവനന്തപുരം - മുംബൈ ആഴ്ചയിൽ രണ്ടു സർവീസാക്കുക

∙ മംഗളൂരു - പട്ന

∙ മംഗളൂരു - രാമേശ്വരം

∙ മംഗളൂരു - കൊച്ചുവേളി

‌∙ കൊച്ചുവേളി മുംബൈ പ്രതിദിനമാക്കുക

related stories