Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശും രജിനും നിരപരാധികൾ, കേസിൽ പൊലീസ് കുടുക്കി: ആകാശിന്റെ പിതാവ്

Vanjeri-Ravi-Akash-Rejin-Raj ആകാശിന്റെ പിതാവ് വഞ്ഞേരി രവി, ആകാശ് തില്ലങ്കേരി, രജിൻ രാജ്. ചിത്രം∙ മനോരമ

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടക്കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളുടെ പിതാവ്. പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയും രജിൻ രാജും നിരപരാധികളാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി പറഞ്ഞു. പൊലീസ് വിളിച്ചപ്രകാരം സ്റ്റേഷനിലേക്കു പോകുംവഴിയാണ് ഇരുവരെയും അറസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികളാണ്. കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലായിരുന്നു. പൊലീസ് കുടുക്കിയതാണ്. പൊലീസ് വിളിച്ചതനുസരിച്ചു സ്റ്റേഷനിലേക്കു പോയപ്പോഴാണു അറസ്റ്റ് ചെയ്തത്. അല്ലാതെ ഓടിച്ചിട്ടു പിടികൂടിയതല്ല. സംഭവത്തിനു പിന്നാലെ പാർട്ടിയെ സമീപിച്ചു. കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കാനാണു പാർട്ടി പറഞ്ഞത്. ബോംബ് കേസിൽ ബിജെപി പ്രചാരണം മൂലമാണു ആകാശ് ഒളിവിൽ പോയത്’– വഞ്ഞേരി രവി പറഞ്ഞു.

പിടിയിലായവർ യഥാർഥ പ്രതികളാണെന്നാണും ഇവർ സിപിഎമ്മുകാരാണെന്നും ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻ വ്യക്തമാക്കിയിരുന്നു. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്നും പൊലീസ് പറയുന്നു. മട്ടന്നൂരിലും പരിസരത്തുമുള്ള ചില സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെയുള്ളവരാണു കൊലപാതകത്തിനു പിന്നിൽ. എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ ഷുഹൈബ് ഇടപെട്ടതാണു കൊലപാതകത്തിനു പ്രകോപനമായതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ സിപിഎം പ്രവർത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ എം.വി.ആകാശ് (24), കരുവള്ളിയിലെ രജിൻ രാജ് (26) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ആർഎസ്എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. എം.വി.ആകാശിന്റെ പേരിൽ വിവിധ പാർട്ടികളുമായുള്ള സംഘർഷങ്ങളും അല്ലാതെയുമായി 11 കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുമുണ്ട്. കൊലപ്പെടുത്താനല്ല, കാലു വെട്ടാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.