ദുബായ്∙ നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിൽ എത്തിക്കാനാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക ചൊവ്വാഴ്ച ഉച്ചയോടെ മാത്രം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും മുൻപ് ഒരു ‘ക്ലിയറൻസ്’ കൂടി പൂർത്തിയാക്കാനുണ്ടെന്നാണ് ദുബായ് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചത്.
‘എന്തു തരത്തിലുള്ള ‘ക്ലിയറന്‍സ്’ ആണെന്ന് അവര്‍ പറഞ്ഞില്ല. എന്നാൽ അതു പൂർത്തിയായാൽ മാത്രമേ മൃതദേഹം വിട്ടുനൽകാനാകൂ എന്നാണിപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്’– യുഎയിലെ ഇന്ത്യൻ ഹൈകമ്മിഷണർ നവ്ദീപ് സൂരി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. എന്നാൽ എന്താണു ക്ലിയറൻസ് എന്ന ചോദ്യത്തിന് ‘അത് അവരുടെ ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമാണ്, നമുക്ക് ഒന്നും അറിയാനാകില്ല’ എന്നായിരുന്നു മറുപടി. എപ്പോൾ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുപോകാനാകുമെന്ന ചോദ്യത്തിനും സൂരി കൃത്യമായ ഉത്തരം നല്‍കിയില്ല.
ദുബായ് സമയം ചൊവ്വാഴ്ച ഉച്ചയോടെ മാത്രമായിരിക്കും മൃതദേഹം എംബാമിങ് നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സ്വാഭാവിക മരണമായി കണക്കാക്കി പോസ്റ്റ്മോർട്ടം പോലും വേണ്ടാതെ ഇന്ത്യയിലേക്ക് അയയ്ക്കാനിരുന്ന മൃതദേഹമാണ് മരണം സംഭവിച്ച് രണ്ടു ദിവസമായിട്ടും വിട്ടുകിട്ടാൻ വൈകുന്നത്. ഇതോടൊപ്പം ശ്രീദേവിയുടേത് ബോധക്ഷയം സംഭവിച്ച് ബാത്ത്ടബിൽ വീണു മുങ്ങിമരിച്ചതാണെന്ന റിപ്പോർട്ട് കൂടി എത്തിയിരിക്കുകയാണ്. എങ്ങനെയാണ് ബോധക്ഷയം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ?; ശ്രീദേവിക്ക് സംഭവിച്ചതെന്ത് ?
ദുബായ് ആരോഗ്യവകുപ്പ് പുറത്തുവിട്ട ഫൊറന്‍സിക് റിപ്പോർട്ടിലാണ് ബോധക്ഷയം സംഭവിച്ചുള്ള മുങ്ങിമരണമാണു ശ്രീദേവിക്കു സംഭവിച്ചതെന്നു വ്യക്തമാക്കിയിട്ടുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബോധക്ഷയം സംഭവിച്ച് ബാത്ത്ടബിൽ വീണാണു ശ്രീദേവി മുങ്ങിമരിച്ചതെന്നു ദുബായ് പൊലീസും സ്ഥിരീകരിച്ചു.
തിങ്കളാഴ്ച അർധരാത്രിയോടെ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്കെത്തിക്കുമെന്ന് മുൻ ലോക്സഭ എംപി അമർ സിങ് നേരത്തെ പറഞ്ഞിരുന്നു. ശ്രീദേവി അമിതമായി മദ്യപിക്കുന്ന ആളല്ല. മറ്റു പലരെയും പോലെ ആഘോഷ വേളകളിൽ കുറച്ച് വൈൻ കഴിക്കുന്ന ശീലമേയുള്ളൂവെന്നും അവരുടെ അടുത്ത സുഹൃത്ത് കൂടിയായ അമർസിങ് വ്യക്തമാക്കി. അബുദാബി അമീർ ഷെയ്ഖ് അൽ നഹ്യാനോടു സംസാരിച്ചു. മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും റിപ്പോർട്ടുകളും പൂർത്തിയാക്കി വൈകാതെ തന്നെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനാകുമെന്ന് അദ്ദേഹം വാക്കു നൽകിയതായും അമർസിങ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
Sridevi drowned, traces of alcohol in blood: autopsy report
ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിരിക്കുകയാണ്. അപകട മരണമായതിനാലാണിത്. മൃതദേഹം വിട്ടുകിട്ടാൻ ഇനി പ്രോസിക്യൂട്ടറുടെ അനുമതി വേണം. ശനിയാഴ്ചയാണു ശ്രീദേവി മരിച്ചതെന്ന് ദുബായ് പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. രക്തപരിശോധനയിൽ, ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്ന് ഫൊറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഗൾഫിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Tribute to Sridevi - Watch Video >>
യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിൽ ‘മുങ്ങിമരണം’ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. സംഭവത്തിൽ ബർ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. ശ്രീദേവി ദുബായിൽ താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തി.