ആളുന്ന സൗന്ദര്യം കൊണ്ടു മാത്രമല്ല, അഴകാർന്ന അഭിനയം കൊണ്ടും തിരശ്ശീലയെ തീ പിടിപ്പിച്ച നടി. ശ്രീദേവിയെന്ന താരകം പൊലിയുമ്പോൾ ആരാധക മനസ്സിൽ മിന്നിമറയുന്നതു നൂറുകണക്കിന് ഓർമ റീലുകൾ.
ബോളിവുഡ് രാജാക്കന്മാരായ സൽമാൻ ഖാനും ഷാറൂഖ് ഖാനും ആമിർ ഖാനും അഭിനയിച്ച ചിത്രങ്ങളെല്ലാം ചേർത്തുവച്ചാൽ 275ൽ താഴെ മാത്രമേ വരൂ. കഴിഞ്ഞ വർഷം തിയറ്ററിലെത്തിയ ‘മോമി’ലൂടെ ശ്രീദേവി തികച്ചത് 300 ചിത്രങ്ങളെന്ന സ്വപ്ന റെക്കോർഡ്. 50 വർഷത്തെ അഭിനയ സപര്യയിൽ കാമ്പുള്ള കഥാപാത്രങ്ങളുടെ വമ്പും കൊണ്ടുകൂടിയാണ് ശ്രീ, ബോളിവുഡ് താരറാണിയായത്.
ബോളിവുഡിൽ എട്ടു സിനിമകളിൽ ശ്രീ ഇരട്ടവേഷമിട്ടു– ഗുരു, നാകാ ബന്ദി, ചാൽബാസ്, ലംഹേ, ഖുദാ ഗവാ, ഗുരുദേവ്, നാഗ ബന്ദി, ആൻസൂ ബാനെ അംഗാരെ. ചാൽബാസിൽ ഇരട്ട സഹോദരിമാരുടെ റോളായിരുന്നു– അഞ്ജു ദാസും മഞ്ജു ദാസും. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ചാൽബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്.
യാഷ് ചോപ്രയുടെ മികച്ച 10 സിനിമകളിലാണു ലംഹേയുടെ സ്ഥാനം. അമ്മയുടെയും മകളുടെയും വേഷത്തിൽ ശ്രീ നിറഞ്ഞാടി. ലംഹേയിലെ പല്ലവിയെയും പൂജയെയും കാണികൾ നെഞ്ചേറ്റി. മികച്ച സിനിമ, നടി, വസ്ത്രാലങ്കാരം ഉൾപ്പെടെ അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങൾ ഈ സിനിമ സ്വന്തമാക്കി. അഫ്ഗാൻ പടയാളി ബേനസീർ, മകൾ മെഹന്ദി എന്നീ വേഷങ്ങളായിരുന്നു ഖുദാ ഗവായിൽ. അമിതാഭ് ബച്ചനായിരുന്നു മറുവശത്ത്. മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് സിനിമ നേടി. മികച്ച നടിക്കുള്ള നോമിനേഷനിലൂടെ ശ്രീയും തിളങ്ങി.
Tribute to Sridevi - Watch Video >>
1993ലെ ഗുരുദേവ് ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. അനിൽ കപൂറും ഋഷി കപൂറും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ സുനിത, പ്രിയ എന്നിവരുടെ റോളുകളിലായിരുന്നു ശ്രീ. മലയാളത്തിൽ ഐ.വി.ശശിയുടെ അംഗീകാരം എന്ന സിനിമയിലും ഇരട്ട വേഷമായിരുന്നു– സതിയും വിജിയും. കമൽഹാസന്റെ ‘കാക്കിസട്ടൈ’യുടെ ഹിന്ദി പതിപ്പായ ഗുരുവിൽ ശ്രീദേവി രണ്ടു കഥാപാത്രങ്ങളായി വന്നു– ഉമയും രമയും.
ശ്രീദേവിയുടെ ആദ്യ മലയാളചിത്രമാണു കുമാരസംഭവം (1969). ഇതിലുൾപ്പെടെ തുണൈവൻ (1969), ആദി പരാശക്തി (1971) തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി മുരുകന്റെ വേഷമാണ് അഭിനയിച്ചത്. ജുറാസിക് പാർക്കിൽ അഭിനയിക്കാൻ 1993ൽ ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് വിളിച്ചപ്പോൾ ഒഴിഞ്ഞുമാറിയിട്ടുമുണ്ട് ശ്രീദേവി. ബോളിവുഡിൽ സൂപ്പർതാരമായി കത്തിനിൽക്കുന്ന കാലത്തു ഹോളിവുഡിൽ ചെറിയൊരു വേഷം വേണ്ടെന്നായിരുന്നു നിലപാട്.