കണ്ണൂർ∙ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനു സർക്കാർ തയാറാണെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമെന്നു രേഖകൾ. പൊലീസ് അന്വേഷണത്തിൽ പ്രതിപക്ഷത്തിന് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ എഴുതിത്തന്നാൽ സിബിഐ ഉൾപ്പെടെ ഏത് ഏജൻസിയെയും അന്വേഷണം ഏൽപ്പിക്കാൻ തയാറാണെന്നു ഫെബ്രുവരി 21 നു കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷിയോഗത്തിനു ശേഷം എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
സിബിഐ എന്ന വാക്ക് ഇല്ലെങ്കിലും ‘ഏതു തരത്തിലുള്ള അന്വേഷണവും’ നടത്താമെന്നു മന്ത്രി പറഞ്ഞതായി യോഗത്തിന്റെ ഔദ്യോഗിക മിനുട്സിലും ഉണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കൾ അന്നുതന്നെ മുഖ്യമന്ത്രിക്കു കത്തെഴുതി അത് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയെ ഏൽപ്പിച്ചിരുന്നു. ചെന്നിത്തല കവറിങ് ലെറ്റർ സഹിതം പിറ്റേന്നു മുഖ്യമന്ത്രിക്ക് അയച്ചു. മന്ത്രി ബാലന്റെ പ്രസ്താവന സംബന്ധിച്ചു മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു രേഖകൾ വ്യക്തമാക്കുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് ഇന്നു രാവിലെയും മുഖ്യമന്ത്രി സഭയിൽ ആവർത്തിച്ചു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ്. സമാധാനയോഗത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് എ.കെ.ബാലന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.