Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രാഹ്മണർക്കു പുറമെ ദുർബല സ്ഥാനാർഥികളും: യുപി പരാജയം വിലയിരുത്തി ബിജെപി

Amit Shah and Narendra Modi

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളിൽ ബിജെപിയുടെ പരാജയത്തിന് ഇടയാക്കിയത് എസ്പി–ബിഎസ്പി സഖ്യശക്തിക്കു പുറമെ ബ്രാഹ്മണ–ഠാക്കൂർ ശീതസമരവുമെന്നു സംസ്ഥാന നേതൃത്വം പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകി. യുപിയുടെ പ്രഭാരി ഒ.പി.മാഥൂർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി സുനിൽ ബൻസൽ എന്നിവരാണ് പരാജയത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർഥികളെ നിർത്തിയതിനാൽ പാർട്ടി അണികൾ അലസതയിലായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാക്കൂർ സമുദായക്കാരനായതിനാൽ ബ്രാഹ്മണർ ബിജെപിയിൽ നിന്ന് അകലുന്നുവെന്ന സൂചനയാണ് ഉപതിരഞ്ഞെടുപ്പു നൽകുന്നത്. ഗോരഖ്പുർ മണ്ഡലത്തിൽ ബ്രാഹ്മണ സ്ഥാനാർഥിയെ നിർത്തിയിട്ടും ബ്രാഹ്മണ വോട്ടുകൾ സമാഹരിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു.

ഗോരഖ്പുർ മഠവുമായി ബന്ധമുള്ള ഠാക്കൂർ സമുദായക്കാരെ സ്ഥാനാർഥിയാക്കണമെന്ന യോഗി ആദിത്യനാഥിന്റെ നിർദേശം ബിജെപി കേന്ദ്രനേതൃത്വം നിരാകരിച്ചതിനാൽ ഠാക്കൂർ വോട്ടർമാരും ഇടഞ്ഞു നിന്നു. ഫുൽപുർ മണ്ഡലത്തിലും ബ്രാഹ്മണ സമുദായം ശക്തമാണ്. ഉപതിരഞ്ഞെടുപ്പു ഫലം ബിജെപിക്ക് അനുകൂലമായാൽ ഠാക്കൂർ സമുദായക്കാരനായ യോഗി ആദിത്യനാഥ് കൂടുതൽ കരുത്തനാകുമെന്ന ആശങ്കയിൽ ബ്രാഹ്മണ സമുദായം വോട്ട് മറിച്ചു ചെയ്തു. യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഠാക്കൂർ സമുദായത്തിനു പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയും ബ്രാഹ്മണർക്കുണ്ട്.

ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നൽകിയ രാജസ്ഥാനിൽ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും കേന്ദ്രനേതൃത്വം തുടങ്ങിയിട്ടുണ്ട്. ഈവർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ശക്തമാണെങ്കിലും മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കു പകരമൊരു മുഖം അവതരിപ്പിക്കാൻ ബിജെപിക്കില്ല. മന്ത്രിസഭാ വികസനത്തിലൂടെ ഭരണം കാര്യക്ഷമമാക്കാനാണു കേന്ദ്രനേതൃത്വത്തിന്റെ നീക്കം. ആന്ധ്രപ്രദേശിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) എൻഡിഎ വിട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭാവിതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി പാർട്ടി അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.

related stories