Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ വാഗ്ദാനം സത്യമായി; ആകാശപാത തുറന്ന് സൗദി, എയർ ഇന്ത്യ ഇസ്രയേലിലേക്ക് പറന്നു

Air India Israel First Flight ടെൽ അവീവിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് ‘വാട്ടർ സല്യൂട്ട്’ നൽകി സ്വീകരിച്ചപ്പോൾ.

റിയാദ്∙ ഇതാദ്യമായി സൗദി അറേബ്യയുടെ ആകാശത്തിലൂടെ ഇസ്രയേലിലേക്ക് എയർ ഇന്ത്യയുടെ വിമാനം പറന്നു. സൗദിയും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന്റെ മഞ്ഞുരുകൽ സാധ്യതകൾ തുറന്നിട്ടായിരുന്നു എയർ ഇന്ത്യയുടെ യാത്ര. ഇത്തരത്തിലൊരു ഔദ്യോഗിക ബന്ധം ഇസ്രയേലും സൗദിയും തമ്മിൽ ആദ്യമായാണെന്നു ഗതാഗത മന്ത്രി യിസ്രയേൽ കാട്സ് പറഞ്ഞു. ‘ചരിത്ര മുഹൂർത്തം’ എന്നാണ് ഈ നിമിഷത്തെ മന്ത്രി വിശേഷിപ്പിച്ചത്. ഇസ്രയേലിലേക്കും അവിടെനിന്നുമുള്ള യാത്രയ്ക്കു തങ്ങളുടെ ആകാശപാത വിലക്കിയുള്ള സൗദിയുടെ തീരുമാനവും ഇതോടെ നീങ്ങി.

ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കു നേരിട്ടു വിമാന സർവീസ് തുടങ്ങുമെന്നു കഴിഞ്ഞ വർഷം ജൂലൈയിൽ ഇസ്രയേൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ന്യൂഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ടെൽ അവീവിലേക്കു നേരിട്ടു വിമാന സർവീസ് ആരംഭിക്കുമെന്നായിരുന്നു ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ മോദിയുടെ പ്രഖ്യാപനം. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒപ്പിട്ട ഒൻപതു കരാറുകളിൽ വ്യോമയാന ഗതാഗതം സംബന്ധിച്ചതും ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ പിന്തുണയോടെ രണ്ടു വർഷത്തോളമായി നയതന്ത്രതലത്തിൽ ഈ യാത്രയ്ക്കുള്ള ശ്രമം നടക്കുകയായിരുന്നെന്ന് ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറും പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിൽ മാത്രമല്ല എല്ലാ അറബ് രാജ്യങ്ങളുമായുള്ള ബന്ധവും ശക്തിപ്പെടുത്താൻ ഈ വിമാനയാത്ര സഹായിക്കുമെന്നു ടൂറിസം മന്ത്രി യാരിവ് ലെവിൻ പറഞ്ഞു. ഇക്കാര്യത്തിൽ അദ്ദേഹം ഇന്ത്യയ്ക്കു നന്ദിയും പറഞ്ഞു.

ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ഫ്ലൈറ്റുകളായിരിക്കും ഇസ്രയേലിലേക്കും തിരിച്ചും സർവീസ് നടത്തുക. ഏഴേകാൽ മണിക്കൂർ കൊണ്ടു യാത്ര തീരും. നേരത്തേയുള്ളതിനെക്കാൾ 2 മണിക്കൂർ 10 മിനിറ്റ് സമയം കുറവാണിത്. ന്യൂ‍ഡൽഹിയിൽനിന്നു വ്യാഴാഴ്ച ഉച്ചയ്ക്കു 12.30നാണ് എഐ139 ഫ്ലൈറ്റ് പറന്നുയർന്നത്. രാത്രി എട്ടേകാലോടെ ടെൽ അവീവിൽ ഇറങ്ങുകയും ചെയ്തു. വിചാരിച്ചതിനേക്കാളും 30 മിനിറ്റ് വൈകിയാണ് ഈ ബോയിങ് ഡ്രീംലൈനർ വിമാനം ലാൻഡ് ചെയ്തത്. എന്നാൽ സൗദി – ഇസ്രയേൽ നയതന്ത്രബന്ധം ശക്തമാക്കാൻ ഇനി വൈകില്ല എന്നതിന്റെ സൂചന കൂടിയായി ആ വരവ്.

ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എൽ അൽ അടുത്തിടെ മുംബൈയിലേക്കു സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ സൗദിയുടെയും ഇറാന്റെയും ആകാശപാത ഒഴിവാക്കി ചാവുകടലിനു മുകളിലൂടെയായിരുന്നു യാത്ര.

സൗദി അറേബ്യയിൽനിന്ന് ഇസ്രയേലിലേക്കു ഇക്കഴിഞ്ഞ മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വിമാനയാത്രയും ചരിത്രമായിരുന്നു. റിയാദിൽനിന്നു ടെൽ അവീവിലേക്കു പറന്ന യുഎസ് പ്രസിഡന്റിന്റെ വിമാനം സൗദി അറേബ്യയ്ക്കും ഇസ്രയേലിനുമിടയിൽ നേരിട്ടു പറന്ന ആദ്യ വിമാനമായി. സൗദിയിൽനിന്ന് ഇസ്രയേലിലേക്ക് അതിനു മുൻപു നേരിട്ടു വിമാനയാത്ര നടന്നിട്ടില്ല. ഇസ്രയേലിനെ സൗദി അറേബ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധവുമില്ല. അറബ് രാജ്യങ്ങളിലേക്ക് ഇസ്രയേലിൽനിന്നു നേരിട്ടു വിമാനമുള്ളത് ഈജിപ്തിലേക്കും ജോർദാനിലേക്കും മാത്രമാണ്.

അറബ് മേഖലയിൽ പൊതുശത്രുവായ ഇറാനെ നേരിടാൻ എല്ലാ രാജ്യങ്ങളും ഒന്നിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്ന് അടുത്തിടെ നെതന്യാഹു പറഞ്ഞിരുന്നു. സഹകരണത്തിനു തയാറാണെന്ന ഇസ്രയേലിന്റെ പരോക്ഷ സൂചന കൂടിയായിരുന്നു അത്. പലസ്തീൻ – ഇസ്രയേൽ ബന്ധം മെച്ചപ്പെടുത്തുന്നതാണു തന്റെ ലക്ഷ്യമെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു സൗദിയുടെ സഹകരണം അത്യാവശ്യമാണ്. പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശയാത്രയും സൗദിയിലേക്കും ഇസ്രയേലിലേക്കുമായിരുന്നു. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്നർ അന്നു സൗദിയുമായി മേഖലയിലെ സമാധാനം സംബന്ധിച്ചു പ്രത്യേക ചർച്ചയും നടത്തിയിരുന്നു.