Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ആദ്യ ഐഎസ് കേസ്: പ്രതി യാസ്മിൻ കുറ്റക്കാരി, ഏഴുവർഷം തടവ്

Yasmin Ahmad യാസ്മിന്‍ അഹമ്മദ്.

കൊച്ചി∙ കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ ഐഎസ് ഇസ്‍ലാമിക് സ്റ്റേറ്റ് കേസിൽ വിധി. കാസർകോട് സ്വദേശികളെ ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രത്തിൽ എത്താൻ സഹായിച്ചെന്ന കേസിൽ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനാണു കോടതി ശിക്ഷ വിധിച്ചത്. യാസ്മിൻ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി ഇവർക്ക് ഏഴു വർഷത്തെ തടവുശിക്ഷ വിധിച്ചു. 2016 ജൂലൈ 30നു മകനൊപ്പം വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ന്യൂഡൽഹി വിമാനത്താവളത്തിൽ കേരളാ പൊലീസാണു യാസ്മിനെ അറസ്റ്റു ചെയ്തത്.

കാസർകോട് സ്വദേശികളായ 15 യുവാക്കളെ ഭീകരസംഘടനയിൽ അംഗങ്ങളാക്കാൻ വിദേശത്തേക്കു കടത്തിയെന്നാണ് യാസ്മിനെതിരായ കേസ്. കാബൂളിലുള്ള ഭർത്താവ് അബ്ദുല്ല റഷീദിനടുത്തേക്കു പോകാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. യാസ്മിന് എതിരെ തീവ്രവാദ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ദുരൂഹസാഹചര്യത്തിൽ കാസർകോട് തൃക്കരിപ്പൂരിൽനിന്നു കാണാതായവരിൽ ഉൾപ്പെട്ട അബ്ദുൽ റാഷിദ് അബ്ദുല്ലയുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണസംഘം പറയുന്നു.

കേരളത്തിൽ കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലായി മാസങ്ങളോളം താമസിച്ചിരുന്ന യാസ്മിൻ, സംസ്ഥാനത്തെ പ്രശസ്ത സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. തുടർന്നാണ് ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുമായി പരിചയത്തിലായതെന്നു പൊലീസ് പറഞ്ഞു. യാസ്മിന്റെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

കാസർകോട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു റാഷിദിനെ ഒന്നാം പ്രതിയായും യുഎപിഎ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി യാസ്മിനെ രണ്ടാംപ്രതിയുമായാണ് കേസെടുത്തത്. പിടിയിലാകുമ്പോള്‍ 70,000 രൂപയും 620 ഡോളറും യാസ്മിന്റെ പക്കല്‍നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.

താന്‍ ഇന്ത്യക്കാരി; ഐഎസിന്റെ ഭാഗമല്ല: യാസ്മിന്‍

കോടതിവിധിക്കു പിന്നാലെ താൻ നിരപരാധിയാണെന്ന് യാസ്മിൻ പ്രതികരിച്ചു. സത്യം ഉടൻ പുറത്തുവരും. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ട്. താന്‍ ഇന്ത്യക്കാരി തന്നെയാണ്, ഐഎസിന്റെ ഭാഗമല്ല. രാജ്യത്തോടു ബഹുമാനമുണ്ടെന്നും യാസ്മിന്‍ പറഞ്ഞു.