Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീഴ്ത്തിയവരെ വെട്ടിനിരത്തി; അമിത് ഷായുടെ ‘ചാണക്യതന്ത്രം’ ഇനി കർണാടകയിൽ

Amit Shah ബിജെപി അധ്യക്ഷൻ അമിത് ഷാ.

ന്യൂഡൽഹി∙ എതിരാളികൾക്കു മാത്രമല്ല, പാർട്ടി പ്രവർത്തകർക്കു പോലും പിടികിട്ടിയിട്ടില്ല ബിജെപി അധ്യക്ഷൻ അമിത് ഷായെ. ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ തോറ്റടിഞ്ഞ ബിജെപിക്ക് ഒരു മാസത്തിനുള്ളിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉണർവു സമ്മാനിച്ചിരിക്കുകയാണ് അമിത് ഷാ. വീഴ്ത്തിയവരെ വീഴിക്കുന്ന ഷായുടെ ചാണക്യതന്ത്രത്തെ പുകഴ്ത്തുകയാണു ബിജെപി പ്രവർത്തകരും നേതാക്കളും.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലാണു ബിജെപി അട്ടിമറി ജയം നേടിയത്. യുപിയിൽ പത്തിൽ എട്ടു സീറ്റ് മാത്രം ഉറപ്പുണ്ടായിരുന്ന ബിജെപി ഒൻപതാം സീറ്റും പിടിച്ചാണു എസ്പി– ബിഎസ്പി സഖ്യത്തെ ഞെട്ടിച്ചത്. ഗോരഖ്പുരിലെയും ഫുൽപുരിലെയും ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തകർച്ചയ്ക്കു പിന്നാലെയാണു ബിജെപി യുപിയിൽ നാടകീയ വിജയം നേടുന്നത്. ഗുജറാത്തിൽ ഫലിക്കാതെപോയ ഷായുടെ തന്ത്രമാണു യുപിയിൽ ലക്ഷ്യം കണ്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശ്വാസമാകുന്നതാണു രാജ്യസഭാ തിരഞ്ഞെടുപ്പ് നേട്ടം. ഷാ ഇനി നോട്ടമിടുന്നത് കർണാടകയിലേക്കാണ്.

പരീക്ഷണ ശാലയാകാൻ കർണാടക

രാജ്യസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഊർജം കർണാടകയിലേക്ക് ഒഴുക്കാനാണു അണികളോട് ബിജെപി നിർദേശിച്ചിട്ടുള്ളത്. രണ്ടുമാസത്തിനകം കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഭരണത്തുടർച്ചയ്ക്കായി കോൺഗ്രസും അധികാരത്തിലേറാൻ ബിജെപിയും ശക്തമായ പ്രചാരണമാണു നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സുകളിലൊന്നായാണ് കേന്ദ്ര സർക്കാർ കർണാടക ഫലത്തെ കാണുന്നത്. അപ്രതീക്ഷിതമായി യുപിയിൽ എസ്പി–ബിഎസ്പി സഖ്യത്തെ തോൽപ്പിക്കാനായതു കർണാടകയിൽ ഗുണം ചെയ്യുമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്.

Narendra Modi, Amit Shah

കർണാടകയിലെ എറ്റവും വലിയ വിഭാഗമാണു ദലിതർ. ജനസംഖ്യയുടെ 20 ശതമാനം ദലിതരാണ്. മുസ്‍ലിംകൾ 16 ശതമാനം. ബിജെപിയുടെ പരമ്പരാഗത വോട്ടർമാരും ഉയർന്ന ജാതിക്കാരുമായ ലിംഗായത്തുകളും (14%), ദേവെഗൗഡയുടെ ജെഡിഎസിനെ പിന്തുണയ്ക്കുന്ന വൊക്കലിഗകളുമാണു മറ്റുള്ളവർ. സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങളിലും നേതാക്കളിലും കൂടുതലും ലിംഗായത്ത്, വൊക്കലിഗ സമുദായക്കാരാണ്.

പക്ഷെ, തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് അത്യാവശ്യമാണ്. യുപിയിലെ എസ്പി–ബിഎസ്പി സഖ്യത്തെ മുളയിലെ നുള്ളാനായത്, കർണാടകയിലും പ്രതിഫലിക്കും. ബിഎസ്പിയുമായി സഖ്യത്തിലാകാൻ ദെവെഗൗഡ ശ്രമമാരംഭിച്ചിരുന്നു. ദലിത് സ്വാധീന മേഖലകളിലെ 20 സീറ്റിൽ ബിഎസ്പിയെ മത്സരിപ്പിക്കാനും ധാരണയുണ്ട്. സംസ്ഥാനത്തെ ദലിത് വോട്ടുകൾ സമാഹരിക്കാൻ ബിഎസ്പിക്കു സാധിക്കുമെന്നാണു വിലയിരുത്തൽ.

Karnataka

സങ്കീർണമായ ജാതി രാഷ്ട്രീയമുള്ള കർണാടകയിൽ, ദലിത് വോട്ടുകൾ ഒരു പാർട്ടിയിലേക്കു കേന്ദ്രീകരിക്കുന്നതു ബിജെപിക്കു തിരിച്ചടിയാകും. ഇതു മുൻകൂട്ടിക്കണ്ടാണു പാർട്ടി തന്ത്രങ്ങളൊരുക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ ശക്തിയാകാനുള്ള മായാവതിയുടെ മോഹത്തിന്റെ ഭാഗമായിരുന്നു യുപിയിലെ സഖ്യം. കർണാടകയിൽ ദേവെഗൗഡയുടെ ഒപ്പം ചേരുന്നതിനുപിന്നിലും ലക്ഷ്യം മറ്റൊന്നല്ല. രാജ്യത്തെ ദലിത് വോട്ടുകൾ തങ്ങൾക്കെതിരായ സമാഹരിക്കപ്പെടുന്നത് ഏതുവിധേനയും തടയാനുള്ള നീക്കത്തിന്റെ പരീക്ഷണമായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ്. ദലിത് വോട്ടുകൾ വിഭജിപ്പിച്ചും ദലിത് നേതാക്കളെ ബിജെപി ക്യാംപിൽ എത്തിച്ചുമാണു ഷാ തന്ത്രമൊരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ബിജെപി പോലും പ്രതീക്ഷിക്കാത്ത ജയം

യുപിയിൽ ഉറപ്പുള്ള എട്ടു സീറ്റുകളിലേക്ക് അപ്പുറം സ്ഥാനാർഥികളെ നിർത്താനുള്ള തീരുമാനം ഷായുടേതായിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. രാജ്യസഭാ തിരഞ്ഞെടുപ്പിനു രണ്ടുദിവസം മുൻപ് അഖിലേഷ് യാദവ് സംഘടിപ്പിച്ച അത്താഴവിരുന്നിൽ ബിഎസ്പി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഷായുടെ നീക്കങ്ങൾക്കൊടുവിൽ എസ്പിയിലെയും ബിഎസ്പിയിലെയും ഓരോ എംഎൽഎമാരുടെ വോട്ട് മറിക്കാൻ ബിജെപിക്കു സാധിച്ചു.

Akhilesh-Mayawati

എസ്പി–ബിഎസ്പി സഖ്യത്തിനു പ്രഹരമേൽപ്പിക്കാൻ കഴിഞ്ഞതു ദേശീയതലത്തിലും ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗുണം ചെയ്യുമെന്നാണു ഷാ കരുതുന്നത്. പ്രതിപക്ഷ ക്യാംപിൽനിന്നു കൂടുതൽ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ഷായുടെ ശ്രമങ്ങൾ കൂടുതൽ സജീവമാകും. തിരിച്ചടി നേരിട്ടതോടെ, 25 വർഷത്തെ വൈര്യം അവസാനിപ്പിച്ച് ഒരുമിച്ച സമാജ്‍വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) സഖ്യം തുടരുമോയെന്ന ചോദ്യവും ശക്തമായി.

അതേസമയം, രാജ്യസഭയിൽ അംഗബലം കൂടിയെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാൻ ബിജെപിക്ക് ഇനിയും കാത്തിരിക്കണം. രാജ്യസഭയിൽ എൻഡിഎ 86, യുപിഎ 64, മറ്റുള്ളവർ 89 എന്നിങ്ങനെയാണു പുതിയ കക്ഷിനില.